ഇവര്‍ പറയുന്നു; ആംഗ്യലോകത്തും ഇനി ആപ്ലിക്കേഷന്‍ കാലം
അശ്റഫ് ചേരാപുരം
കോഴിക്കോട്: അവര്‍ മൂന്നുപേരും ബധിരരായിരുന്നു. രണ്ടു പെണ്ണും ഒരാണും. പക്ഷേ വിധിയെ പഴിച്ച് കീഴൊതുങ്ങി ജീവിക്കില്ലെന്ന് മൂവരും തീരുമാനിച്ചു. കനത്ത നിശ്ചയദാര്‍ഢ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ടു. തിരുവനന്തപുരത്തുകാരി രമ്യ രാജും അബി ജയിംസും കൊല്ലം സ്വദേശി സുലു എ. നൗഷാദും ഇക്കഴിഞ്ഞ ഡിസംബറിലാണ് കോഴിക്കോട്ടെത്തിയത്.
ദൈവം ഭൂമിയിലെ ശബ്ദസൗകുമാര്യങ്ങളെ ശ്രവിക്കാനും വാചാലരാകാനും അവര്‍ക്ക് അനുഗ്രഹം ചെയ്തില്ലെങ്കിലും തങ്ങള്‍ക്കും തങ്ങളെപ്പോലെയുള്ള ലക്ഷങ്ങള്‍ക്കും സാധാരണക്കാരെപ്പോലെ ജീവിതം പ്രാപ്യമാക്കുകയെന്നതായിരുന്നു കോഴിക്കോട്ടെത്തിയതിലെ ലക്ഷ്യം.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ മഹത്തായ ഒരു സംരംഭം ഇവര്‍ തുടങ്ങിയിരിക്കുന്നു. പേര് ഡാഡ്. ഡിജിറ്റല്‍ ആര്‍ട്ട് അക്കാദമി ഫോര്‍ ഡഫ് എന്നാണ് ഡാഡിന്റെ പൂര്‍ണ രൂപം. ബധിരരുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ബധിരഭാഷയില് സഹായിക്കാനുള്ള സംരംഭം. നിലവില്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ എങ്ങിനെ തങ്ങള്‍ക്കു പ്രയോജനപ്പെടുത്താമെന്ന് ഇവര്‍ ദൃശ്യാവിഷ്കാരത്തിലൂടെ കാണിച്ചുതരുന്നു. അതോടൊപ്പം ഇംഗ്ലിഷില്‍ അതിന്റെ സബ്ടൈറ്റിലും നല്‍കും.
അങ്ങിനെ വിവിധ കോഴ്സുകള്‍, അതുപോലെ മറ്റു സാങ്കേതിക വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ബധിര ആംഗ്യ ഭാഷയില്‍ കാണാനാകും. നിലവില്‍ യൂ ട്യൂബില്‍ ഡാഡ് എന്നടിച്ചാല്‍ ഈ സംരംഭത്തെക്കുറിച്ച് അറിയാം.
രമ്യാ രാജാണ് കമ്പനിയുടെ സി.ഇ.ഒ. ബി.എ എക്കണോമിക്സ് പഠിച്ച ഇവര്‍ തിരുവല്ലയിലെ ബധിര വിദ്യാലയത്തില്‍ അധ്യാപികയായിരുന്നു. ബി എസ്.സി കംപ്യൂട്ടര്‍ സയന്‍സ് കഴിഞ്ഞ അബി ജയിംസാണ് കമ്പനി എം.ഡി. അസംപ്ഷന്‍ കോളജില്‍ ബി കോം പഠിച്ച സുലു എ. നൗഷാദാണ് ഫൈനാന്‍ഷ്യല്‍ ഡയരക്ടര്‍. സുലുവിന്റെ മാതാപിതാക്കളും ബധിരരാണ്. തിരുവനന്തപുരത്ത് തങ്ങളുടെ പദ്ധതികള്‍ക്കു വേണ്ടത്ര പിന്തുണ കിട്ടാതെ വന്നപ്പോഴാണ് മൂവരും കോഴിക്കോട്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."