പല്ലിന് കമ്പികെട്ടിയാല്‍ രോഗം വരുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ഐ.ഡി.എ
കോഴിക്കോട്: പല്ലിനു ക്ലിപ്പിട്ടാലും റൂട്ട് കനാലിങ് ചികിത്സ നടത്തിയാലും ക്യാപ്പിട്ടാലും മാരകരോഗം വരുമെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇന്‍ഡ്യന്‍ ദന്തല്‍ അസോസിയേഷന്‍ അറിയിച്ചു. ദന്തചികിത്സാ മേഖലയെ തകര്‍ക്കാന്‍ ചില കുബുദ്ധികള്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചു വാര്‍ത്ത സൃഷ്ടിച്ചതാണെന്ന് ഐ.ഡി.എ മലബാര്‍ ബ്രാഞ്ച് സെക്രട്ടറി ഡോ. എം.എന്‍ നവജീവ് രാജ് അറിയിച്ചു.
ദന്താരോഗ്യ മേഖലയിലെ എല്ലാ ചികിത്സാരീതികളും വര്‍ഷങ്ങളായി നടന്ന ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തിയവയാണ്. പല്ലുകള്‍ കമ്പിയിട്ടു നേരെയാക്കുന്ന ഓര്‍ത്തോഡോണ്‍ടിക്‌സ് ചികിത്സാ പദ്ധതിക്ക് നൂറ്റാണ്ടോളമുള്ള തെളിവടിസ്ഥാനത്തിലുള്ള പഠനത്തിന്റെ ചരിത്രവും പിന്‍ബലവുമുണ്ട്. റൂട്ട്കനാല്‍ ചികിത്സയും അമാല്‍ഗം ഫില്ലിങ്ങുകളുമൊക്കെ നിരവധി പഠനഫലങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞ ചികിത്സാ രീതികളാണ്. ക്രമംതെറ്റിയ പല്ലുകള്‍ ക്ലിപ്പിട്ടു നേരെയാക്കുന്നതോടെ ആ ചികിത്സയ്ക്കു വിധേയനാകുന്ന വ്യക്തിക്ക് ആത്മവിശ്വാസവും മാനസികാരോഗ്യവും വര്‍ധിക്കുന്നുവെന്നാണു പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. കമ്പിയിട്ട് പല്ലു നേരേയാക്കുന്ന ഓര്‍ത്തോഡോണ്‍ടിക് ചികിത്സയ്ക്ക് ഏതു ചികിത്സാരീതിയോടനുബന്ധിച്ചുമുണ്ടാകുന്ന താല്‍ക്കാലിക ബുദ്ധിമുട്ടിനപ്പുറം ഒരു ദൂഷ്യഫലവുമില്ലെന്നു തെളിഞ്ഞതാണ്.
വസ്തുതകള്‍ ഇങ്ങനെയായിരിക്കെ ഇത്തരത്തില്‍ തെറ്റായി വന്ന വാര്‍ത്ത പൊതുജനങ്ങളില്‍ അനാവശ്യമായ ഭീതിയുണര്‍ത്താനും അവരെ തെറ്റിദ്ധരിപ്പിക്കാനും മാത്രമേ ഉപകരിക്കൂവെന്നും ജോ. നവജീവ് രാജ് പ്രസ്താവനയില്‍ അറിയിച്ചു.
ഈ വാര്‍ത്തയില്‍ തന്നെ ഉദ്ധരിച്ചു പറയുന്ന പരാമര്‍ശം ശരിയല്ലെന്നു ഡല്‍ഹിയിലെ ഡോ. അഞ്ജലി ഹൂഡ അറിയിച്ചു. താന്‍ അത്തരമൊരു അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. ഈ വിഷയത്തില്‍ ആധികാരികമായ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും അവര്‍ സുപ്രഭാതത്തോടു പറഞ്ഞു. കഴിഞ്ഞദിവസം കോഴിക്കോട്ടു നടന്ന വാര്‍ത്താസമ്മേളനത്തിനിടയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു നല്‍കിയ ഉത്തരം ലേഖകന്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അവര്‍ പറഞ്ഞു.
(ദന്തനിരകള്‍ക്കു സൗന്ദര്യം കൂട്ടാന്‍ പല്ലുകളില്‍ കമ്പി കെട്ടുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രഭാതം ദിനപത്രത്തിന്റെ കോഴിക്കോട് എഡിഷനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതും വാസ്തവവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ കടന്നുകൂടിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു-മാനേജിങ് എഡിറ്റര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."