സര്‍ക്കാരിന്റേത് ഏകാധിപത്യഭരണം : രമേശ് ചെന്നിത്തല
തൃശൂര്‍: സംസ്ഥാന ഭരണം സി.പി.എം നേതൃത്വത്തില്‍ കേന്ദ്രീകരിക്കപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ത്യശൂര്‍ ഡി.സി.സി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ ഭരണം വിലയിരുത്താന്‍ ദിവസങ്ങള്‍ പോരെങ്കിലും തികഞ്ഞ ഏകാധിപത്യനടപടികളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്നുമുണ്ടായത്.
ഏകപക്ഷീയമായി പൊലിസ് പെരുമാറുന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് കണ്ണൂരില്‍ ദളിത് യുവതികള്‍ക്ക് നേരെ നടന്നത്. സി.പി.എം നേതാവ് കാരായി രാജനെതിരേ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ രാജന്‍ ചെയ്ത കുറ്റം.
നാല് പെണ്‍കുട്ടികള്‍ അടങ്ങുന്ന ആ കുടുംബം തുടര്‍ച്ചയായി അപമാനം നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടായപ്പോഴാണ് പ്രതികരിച്ചത്. സി.പി.എം. ഭരണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കില്ലെന്നതിന്റെ സൂചനയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ദളിത് പെണ്‍കുട്ടികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ടാക്കുന്ന വിധത്തിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും ചെന്നിത്തല ആരോപിച്ചു. ഡി.സി.സി പ്രസിഡന്റ് പി.എ മാധവന്‍ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പത്മജ വേണുഗോപാല്‍, എം.പി ജാക്‌സണ്‍, സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണന്‍, എന്‍.കെ സുധീര്‍, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ എം.പി ഭാസ്‌കരന്‍ നായര്‍, ഒ.അബ്ദുറഹിമാന്‍കുട്ടി, മുന്‍ മന്ത്രി കെ.പി വിശ്വനാഥന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, മുന്‍ എം.എല്‍.എമാരായ ടി.വി ചന്ദ്രമോഹന്‍, എം.പി വിന്‍സെന്റ്, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ ജോസ് വള്ളൂര്‍, രാജേന്ദ്രന്‍ അരങ്ങത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."