നോമ്പ് ഒരു ആത്മസമര്‍പണം
തൊട്ടടുത്ത വീട്ടിലെ സഫിയാത്തയുടെ നിസ്‌കാര തഴമ്പിലൂടെയാണ് ഞാന്‍ ഇസ്‌ലാമിനെയും അതിന്റെ നന്മയെയും വായിച്ചറിഞ്ഞത്. പ്രാര്‍ഥനയ്ക്ക് അര്‍ഹന്‍ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും അങ്ങനെ ഏക ദൈവം ഒരു സംസ്‌കാരമാണെന്നും ആദ്യം പഠിപ്പിച്ചത് സഫിയത്താത്തയാണ്. ശിര്‍ക്ക് എന്ന മാലിന്യത്തില്‍ നിന്ന് തൗഹീദ് എന്ന വിശുദ്ധിയിലേക്കുള്ള നടന്നടുക്കലാണ് ഇസ്‌ലാം മതമെന്നും അതിന്റെ അടിത്തറയാണ് പരിശുദ്ധ റമദാന്‍ മാസമെന്നും പിന്നീട് തിരിച്ചറിഞ്ഞു. എല്ലാ മതങ്ങളിലും നോമ്പ് ഉണ്ടാകാറുണ്ടെന്നും ഇസ്‌ലാമിലെ നോമ്പ് ഒരു ആത്മസമര്‍പണമാണെന്നും തിരിച്ചറിഞ്ഞത് റമദാന്‍ മാസത്തിലെ നോമ്പ് നോറ്റാണ്. അഞ്ചുവര്‍ഷം മുമ്പ് ഒരു സമൂഹ നോമ്പുതുറ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചപ്പോഴാണ് ആദ്യമായി നോമ്പെടുത്തത്. അത് ഒരു വെള്ളിയാഴ്ചയായിരുന്നു. നിത്യവും അന്നപാനീയങ്ങള്‍ കഴിച്ച് സുഖിച്ചതിനേക്കാള്‍ വല്ലാത്ത ഒരു നിര്‍വൃതി നോമ്പെടുത്തപ്പോള്‍ ഉണ്ടായിയെന്ന് പറയാതെ വയ്യ. എല്ലാക്കാലത്തും നോമ്പ് മാസത്തില്‍ കുറഞ്ഞത് പത്തു പ്രസംഗങ്ങളെങ്കിലുമുണ്ടാകും. ആ സമയത്തും നോമ്പെടുക്കും. ഈ റമദാനില്‍ രണ്ട് നോമ്പെടുത്തു. ലോകത്ത് അന്നമില്ലാതെ കഴിയുന്നവന്റെയും ദുരിതം അനുഭവിക്കുന്ന പരകോടി മനുഷ്യരുടെയും വേദനകളെ തൊട്ടറിയാന്‍ നോമ്പ് വളരെ അത്യാവശ്യമാണെന്നാണ് എന്റെ അനുഭവം. നിറവയറുണ്ടിരിക്കുമ്പോഴല്ല അരവയറു നിറഞ്ഞ ചേതന നിറയുമ്പോഴാണ് ഉദാത്ത മാനവികത ലോകത്തുണ്ടാകുന്നതെന്നാണ് അമുസ്‌ലിമായ ഞാന്‍ നോമ്പിലൂടെ പഠിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."