അറിവിന്റെ കടമ്പ കടക്കാന്‍ ഇടക്കോളനിയിലെ കുട്ടികള്‍ക്ക് പാലം വേണം
ചെറുപുഴ: കര്‍ണാടക വനാതിര്‍ത്തിയിലുള്ള കാനംവയല്‍ ഇടക്കോളനിയിയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസം അന്യമാകുന്നു. കോളനിയിലെ 13 കുടുംബങ്ങളില്‍ നിന്നുള്ള 16 കുട്ടികളാണു പുഴകടന്ന് സ്‌കൂളില്‍ പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്. ഒരുഭാഗത്ത് കര്‍ണാടക വനത്തിലെ കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ശല്യവും മറുവശത്ത് കുത്തിയൊഴുകുന്ന പുഴയുടെയും ഇടയില്‍ ജീവിതം തള്ളിനീക്കുന്ന ഇവര്‍ക്കു കയറിക്കിടക്കാന്‍ നല്ലൊരു കൂര പോലുമില്ല. റവന്യൂ ഭൂമിയിലായതിനാല്‍ പട്ടയമോ മറ്റു യാതൊരുവിധ രേഖകളോ ഇല്ലാത്തതിനാല്‍ ഒരാനുകൂല്യവും ലഭിക്കുന്നുമില്ല. ഇവിടുത്തെ കുട്ടികള്‍ക്കു രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്താന്‍ കാനംവയല്‍ പുഴ കടക്കണം. ജീവന്‍ പണയംവച്ച് വേണം ഇവിടെയുള്ള മുള കൊണ്ടണ്ടു നിര്‍മിച്ചപാലം കടക്കാന്‍. അപകടഭീതി നിലനില്‍ക്കുന്ന ഇതിലൂടെ കടന്ന് കുട്ടികള്‍ സ്‌കൂളില്‍ പോകാറില്ല. മറ്റു മൂന്നുപേര്‍ ഇക്കരെ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചാണു സ്‌കൂളില്‍ പോകുന്നത്. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന തങ്ങള്‍ക്കു കുട്ടികള്‍ സ്‌കൂളിലേക്കു പോകുന്നതും വരുന്നതും കാത്തിരിക്കാന്‍ കഴിയില്ലെന്നു സങ്കടത്തോടെ മാതാപിതാക്കള്‍ പറയുന്നു. നിലവിലുള്ള പാലം ഏതുസമയവും നിലംപൊത്താന്‍ പാകത്തിലാണുള്ളത്. കാല്‍നൂറ്റാണ്ട് മുന്‍പ് നിര്‍മിച്ച ഈ പാലത്തില്‍ കര്‍ണാടക വനത്തില്‍ നിന്നു മുള വെട്ടിയാണ് അറ്റകുറ്റപ്പണി നടത്തിയിരുന്നത്. എന്നാല്‍ വനത്തിലെ മുളകള്‍ മുഴുവന്‍ പൂത്ത് നശിച്ചതോടെ അതും ഇല്ലാതായി. ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമേ രാഷ്ട്രീയക്കാര്‍ വരാറുള്ളൂവെന്നു കോളനി വാസികള്‍ പറയുന്നു. മഴക്കാലം കഴിയുമ്പോള്‍ സ്‌കൂളില്‍ പോകുമെങ്കിലും ഇവിടത്തെ കുട്ടികള്‍ ക്രമേണ പഠനം നിര്‍ത്തുകയാണു പതിവ്. വലിയ പാലമൊന്നുമില്ലെങ്കിലും ഭയംകൂടാതെ കടന്നുപോകാനുള്ള കമ്പിപ്പാലമെങ്കിലും അധികൃതര്‍ ഒരുക്കണമെന്നാണ് ഇവിടത്തെ ആദിവാസി കുടുംബങ്ങളുടെ അപേക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."