കറുത്ത ബോര്‍ഡും ചോക്കുമില്ല; ക്ലാസില്‍ സ്മാര്‍ട്ട് ബോര്‍ഡുകള്‍
അലനല്ലൂര്‍: ഹൈടെക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളായി ഉയര്‍ത്തുന്നതിന്റെ ആദ്യപടിയായി അലനല്ലൂര്‍ ഗവ.ഹൈസ്‌കൂളിലെ ക്ലാസ്മുറികളില്‍ ബ്ലാക്ക് ബോര്‍ഡുകള്‍ക്ക് പകരം സ്മാര്‍ട്ട് ബോര്‍ഡുകള്‍ വഴിയുള്ള പഠനം കുട്ടികള്‍ക്ക് ഏറെ ആശ്വസമാകുന്നു.
ടച്ച് സ്‌ക്രീന്‍ സംവിധാനമുള്ള വൈറ്റ് ബോര്‍ഡില്‍ അധ്യാപകന്റെ വിരല്‍ പതിയുന്നതിനുസരിച്ച് പാഠഭാഗങ്ങള്‍ വ്യക്തമായി കണ്ട് പഠിക്കാവുന്ന സ്മാര്‍ട്ട് ബോര്‍ഡുകള്‍ കുട്ടികള്‍ക്ക് ആയാസരഹിതമായ പഠനം ഉറപ്പുവരുത്തുന്നുണ്ട്. കറുത്ത ബോര്‍ഡും ചോക്കുപൊട്ടും ഡസ്റ്ററും സ്മാര്‍ട്ട് ബോര്‍ഡുകള്‍ക്ക് വഴിമാറുന്നത് രസകരമായ പഠനപ്രക്രിയ സാധ്യമാക്കുന്നതിനാല്‍ അധ്യാപകരും സന്തോഷത്തിലാണ്. ഇന്റര്‍നെറ്റ് സംവിധാനവും കംപ്യൂട്ടറും ലഭ്യമായ ഇവിടുത്തെ ക്ലാസ്മുറിയില്‍ ഇരുന്ന് പഠിക്കുന്ന കുട്ടികള്‍ക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട ഏത് കാര്യവും ഞൊടിയിടയില്‍ ബ്രൗസ് ചെയ്ത് വലിയ ബോര്‍ഡില്‍ കാണാനാവുമെന്നതിനാല്‍ ക്ലാസ് സമയത്ത് ഇതിനായി മറ്റ് സംവിധാനങ്ങളെ ആശ്രയിക്കേണ്ടതില്ല.
എഴുത്തും വരയും ഓഡിയോ-വീഡിയോ റിക്കോര്‍ഡിങും ക്ലാസ് എടുക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പരിശീലിക്കാനാവും. പ്രയാസമുള്ള ഭാഗങ്ങള്‍ കുട്ടികള്‍ക്ക് സ്വന്തമായി മറ്റു സമയങ്ങളില്‍ പിന്നീട് പഠിക്കാനുമാകും. കഴിഞ്ഞ വര്‍ഷമാണ് അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നടക്കാവ് മോഡല്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ട സ്‌കൂളുകളുടെ പട്ടികയില്‍ ഇടം പിടിച്ചത്.
അഞ്ച് മുതല്‍ പന്ത്രണ്ട് വരെ വി.എച്ച്.എസ്.ഇ ഉള്‍പ്പടെ മുവ്വായിരത്തോളം വിദ്യാര്‍ഥികളാണ് അലനല്ലൂരില്‍ പഠിക്കുന്നത്. മികവിന്റെ കേന്ദ്രമാക്കുക എന്ന ഉദ്ദേശത്തോടെ ഈ വര്‍ഷം സംസ്ഥാന ബജറ്റില്‍ സ്‌കൂളിന് അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."