നൗ കാംപിലെ വിസ്മയം: പി.എസ്.ജിയെ 6-1നു തകര്‍ത്ത് ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍
മാഡ്രിഡ്: ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അവിശ്വസനീയം! ഫുട്‌ബോള്‍ ലോകം ഈയടുത്തു കാലത്തു കണ്ട ഏറ്റവും ത്രില്ലിങായ തിരിച്ചുവരവിലൂടെ ബാഴ്‌സലോണ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഫ്രഞ്ച് ചാംപ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നെതിരേ നാലു ഗോളിന്റെ കടവുമായി രണ്ടാം പാദത്തിലെ മരണക്കളിക്കിറങ്ങിയ കറ്റാലന്‍മാര്‍ ആറു ഗോള്‍ മടക്കിയാണു സ്വപ്‌ന വിജയം സ്വന്തമാക്കിയത്. രണ്ടാം പാദത്തില്‍ 6-1നാണു ബാഴ്‌സലോണ വിജയം കണ്ടത്. ഇരു പാദങ്ങളിലുമായി 6-5ന്റെ വിജയം. അവസാന എട്ടു മിനുട്ടില്‍ മൂന്നു ഗോളുകള്‍ അടിച്ചുകയറ്റിയാണു ബാഴ്‌സ അവിശ്വസനീയമെന്നു വിശേഷിപ്പിക്കാവുന്ന പോരാട്ട വീര്യവുമായി കളം നിറഞ്ഞത്. 2005ലെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ആദ്യ പകുതിയില്‍ മൂന്നു ഗോളിനു പിന്നിട്ടു നിന്ന ശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ച് ഷൂട്ടൗട്ടില്‍ കിരീടമുയര്‍ത്തിയ ലിവര്‍പൂളിന്റെ വിജയത്തിനു സമാനമോ അല്ലെങ്കില്‍ അതിനും മുകളിലോ ആണു ബാഴ്‌സയുടെ ഈ വിജയം. ആറു ഗോള്‍ തിരിച്ചടിച്ച് വിജയിക്കുമെന്നു കോച്ച് ലൂയീസ് എന്റിക്വെ മത്സരത്തിനു മുന്‍പ് പറഞ്ഞിരുന്നെങ്കിലും കടുത്ത ബാഴ്‌സലോണ പ്രേമി പോലും അതു വിശ്വസിച്ചിട്ടുണ്ടാകില്ല. പക്ഷേ അതുതന്നെ സംഭവിച്ചു. നൗ കാംപിലെ വിസ്മയമായി ഈ പോരാട്ടം ചരിത്രത്തിലിടം പിടിക്കും എന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട.
ആദ്യ പാദത്തില്‍ പാരിസിന്റെ മണ്ണില്‍ 4- 0ത്തിനു തകര്‍ന്നടിഞ്ഞ ബാഴ്‌സ കൂറ്റന്‍ വിജയം മാത്രമാണു ലക്ഷ്യമിട്ടതെന്നു അവരുടെ തുടക്കം മുതലുള്ള കളി ശ്രദ്ധിച്ചാല്‍ മനസിലാക്കാം. ആദ്യ പാദത്തിലെ തകര്‍ച്ചയില്‍ ഒട്ടും ആത്മവിശ്വാസം നഷ്ടപ്പെടാതെ തുടക്കം മുതല്‍ ആക്രമിച്ചു മുന്നേറിയ അവര്‍ക്ക് കളിയുടെ രണ്ടാം മിനുട്ടില്‍ തന്നെ മുന്നില്‍ കടക്കാന്‍ സാധിച്ചു. സുവാരസിന്റെ ഷോട്ട് വലയില്‍ കയറിയപ്പോള്‍ പി.എസ്.ജി താരം അതു പുറത്തേക്കടിച്ചെങ്കിലും ഗോള്‍ ലൈന്‍ ടെക്‌നോളജിയില്‍ അതു ഗോളായി പരിഗണിച്ചു. തുടക്കത്തില്‍ തന്നെ ഗോള്‍ നേടാന്‍ സാധിച്ചത് ബാഴ്‌സയുടെ വീര്യം കൂട്ടി. പിന്നീട് നിരന്തരമായ ആക്രമണമായിരുന്നു ബാഴ്‌സയുടെ ഭാഗത്തു നിന്ന്. പി.എസ്.ജിയാകട്ടെ പ്രതിരോധിക്കാനുള്ള ശ്രമമാണു നടത്തിയത്. ബാഴ്‌സയുടെ എല്ലാ താരങ്ങളും പി.എസ്.ജി പകുതിയില്‍ തന്നെ വട്ടമിട്ടതോടെ അവര്‍ക്ക് ആദ്യ പകുതിയില്‍ കൃത്യമായ മുന്നേറ്റങ്ങളൊന്നും നടത്താന്‍ സാധിച്ചില്ല. 40ാം മിനുട്ടില്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ ഇനിയെസ്റ്റയുടെ ഷോട്ട് തടയാനുള്ള കുര്‍സാവയുടെ ശ്രമം പാളിയപ്പോള്‍ ഓണ്‍ ഗോളിന്റെ രൂപത്തില്‍ പി.എസ്.ജിക്ക് വീണ്ടും പ്രഹരമേറ്റു.
രണ്ടാം പകുതിയില്‍ ലുക്കാസിനെ പിന്‍വലിച്ച് എയ്ഞ്ചല്‍ ഡി മരിയ പി.എസ്.ജിക്കായി ഇറങ്ങിയതോടെ അവരും ആക്രണ മൂഡിലേക്കെത്തി. 50ാം മിനുട്ടില്‍ നെയ്മറെ ബോക്‌സില്‍ വീഴ്ത്തിയതിനു ബാഴ്‌സയ്ക്കനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത സൂപ്പര്‍ താരം മെസ്സിക്കു പിഴച്ചില്ല. മൂന്നാം ഗോളിലൂടെ ബാഴ്‌സ വീണ്ടു ലീഡുയര്‍ത്തി. അതുവരെ പ്രതിരോധിച്ചു നിന്ന പി.എസ്.ജിയുടെ ശക്തമായ മുന്നേറ്റം. ബാഴ്‌സലോണയുടെ പ്രതിരോധം ഒരുവേള പളിയ നിമിഷം. അതിന്റെ ഫലം 62ാം മിനുട്ടില്‍ ഗോളിന്റെ രൂപത്തില്‍ കറ്റാലന്‍മാരെ വീണ്ടും കുഴിയിലാക്കി. വിലപ്പെട്ട എവേ ഗോള്‍ എഡിന്‍സന്‍ കവാനി നേടിയതോടെ കളി വീണ്ടും പി.എസ്.ജിയുടെ വരുതിയില്‍. ഒരു എവേ ഗോള്‍ വഴങ്ങിയതോടെ ബാഴ്‌സയുടെ ബാധ്യതയും കൂടി. പി.എസ്.ജി മത്സരം സ്വന്തമാക്കിയ പ്രതീതിയായിരുന്നു പിന്നീട്. ഗാലറിയിലെ ബാഴ്‌സ പ്രേമികള്‍ ആരവങ്ങളെല്ലാം അവസാനിപ്പിച്ച മട്ട്.
88ാം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്ക് മികച്ച ഷോട്ടിലൂടെ നെയ്മര്‍ വലയിലാക്കിയതോടെ സ്റ്റേഡിയം വീണ്ടും ആരവങ്ങളിലേക്ക്. സ്‌കോര്‍ 4-1 എന്ന നില. ഇഞ്ച്വറി ടൈമിന്റെ ഒന്നാം മിനുട്ടില്‍ സുവരാസിന്റെ മുന്നേറ്റം തടയാനുള്ള ശ്രമം. സുവാരസിനെ ബോക്‌സില്‍ വീഴ്ത്തി പി.എസ്.ജി താരങ്ങള്‍ അബദ്ധം ആവര്‍ത്തിച്ചതോടെ വീണ്ടും ബാഴ്‌സയ്ക്കനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത നെയ്മര്‍ ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 5-1. സ്റ്റേഡിയം പൊട്ടിത്തെറിയുടെ വക്കില്‍. അവശേഷിക്കുന്നതു നാലു മിനുട്ടുകള്‍. ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റിഗന്‍ വരെ പി.എസ്.ജി ഹാഫിലേക്കിറങ്ങി കളിക്കുന്ന കാഴ്ച. മത്സരം തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഹൈ ബോളുകളിലൂടെ ഭാഗ്യ പരീക്ഷണം നടത്താനുള്ള ബാഴ്‌സയുടെ തീരുമാനം കുറിക്കുകൊണ്ടു. നെയ്മര്‍ ബോക്‌സിലേക്ക് കൊടുത്ത ഹൈ ബോളില്‍ കാല്‍വച്ച് സെര്‍ജി റോബര്‍ട്ടോ പന്ത് വലയിലാക്കിയതോടെ പി.എസ്.ജിയുടെ പതനം പൂര്‍ത്തിയായി.
കൈയിലിരുന്ന മത്സരം ഇത്ര നിരുത്തരവാദപരമായി കൈവിട്ടു കളഞ്ഞ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മോശം ടീമെന്നു പി.എസ്.ജിയെ വിശേഷിപ്പിക്കേണ്ടി വരും. ആദ്യ ഇലവനില്‍ എയ്ഞ്ചല്‍ ഡി മരിയയെ ഇറക്കാതിരുന്ന കോച്ച് ഉനയ് എംറെയുടെ തീരുമാനത്തില്‍ തുടങ്ങുന്നു അവരുടെ പതനം. കളിയുടെ തുടക്കം മുതല്‍ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞതും അവര്‍ക്ക് തിരിച്ചടിയായി. ആദ്യ പാദത്തില്‍ പി.എസ്.ജിയുടെ കളി നിയന്ത്രിച്ച എയ്ഞ്ചല്‍ ഡി മരിയയുടെ അസാന്നിധ്യം മറ്റിയൂഡി, റാബിയോട്ട്, വെറാറ്റി എന്നിവരുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു. പാസുകളുടെ കൃത്യതയില്ലായ്മയും ഫ്രഞ്ച് ചാംപ്യന്‍മാര്‍ക്ക് വിനയായി. രണ്ടാം പകുതിയില്‍ കുറേക്കൂടി മികവു പുലര്‍ത്താനും ആക്രമിച്ചു കളിക്കാനും പി.എസ്.ജി ജാഗ്രത പുലര്‍ത്തിയതിന്റെ ഫലമായിരുന്നു അവരുടെ എവേ ഗോള്‍. മത്സരം സ്വന്തമാക്കാനായി ലഭിച്ച രണ്ടു മികച്ച അവസരങ്ങള്‍ പി.എസ്.ജി കളഞ്ഞു കുളിച്ചതിനും നൗ കാംപ് സാക്ഷിയായി. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ എയ്ഞ്ചല്‍ ഡി മരിയ ഗോളെന്നുറച്ച ഷോട്ട് പുറത്തേക്കടിച്ചു കളഞ്ഞതും തളികയിലെന്നവണ്ണം ലഭിച്ച പന്ത് കവാനി ഗോള്‍ കീപ്പര്‍ക്കു നേരെ അടിച്ചതും അവര്‍ക്ക് മുന്‍തൂക്കം ലഭിക്കാന്‍ പാകത്തിലുള്ള അവസരങ്ങളായിരുന്നു.
ബാഴ്‌സലോണ കുപ്പായത്തില്‍ നെയ്മര്‍ പുറത്തെടുത്ത ഏറ്റവും മികച്ച മത്സരമെന്നു പ്രീ ക്വാര്‍ട്ടറിനെ വിശേഷിപ്പിക്കാം. 88ാം മിനുട്ടില്‍ നെയ്മര്‍ തൊടുത്ത ഫ്രീ കിക്കാണു കളിയുടെ ഗതി തിരിച്ചതെന്നു പറയാം. ആ ഗോളിലൂടെ ആത്മവിശ്വാസം വീണ്ടെടുത്ത ബാഴ്‌സ പിന്നീടു കളിച്ചത് ചരിത്രം.
ഔബമേയങിന്റെ ഹാട്രിക്കില്‍ ബൊറൂസിയ
ആദ്യ പാദത്തില്‍ ബെന്‍ഫിക്കയോടേറ്റ ഒറ്റ ഗോളിന്റെ തോല്‍വിക്ക് പലിശയും കൂട്ടു പലിശയും മുതലുമടക്കം തിരിച്ചുകൊടുത്ത് ബൊറൂസിയ ഡോര്‍ട്മുണ്ട് 4-0ത്തിനു വിജയിച്ച് അവസാന എട്ടിലെത്തി. ആദ്യ പാദത്തില്‍ 1-0ത്തിനു കീഴടങ്ങിയ ബൊറൂസിയ രണ്ടാം പാദത്തില്‍ ഔബമേയങ് നേടിയ ഹാട്രിക്ക് ഗോളിലാണു 4-0ത്തിനു വിജയിച്ച് ഇരു പാദങ്ങളിലുമായി 4-1ന്റെ വിജയവുമായി മുന്നേറിയത്. കളിയുടെ നാല്, 61, 85 മിനുട്ടുകളിലാണു ഔബമേയങ് വല ചലിപ്പിച്ചത്. ശേഷിച്ച ഗോള്‍ 59ാം മിനുട്ടില്‍ പുലിസിച് നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."