റോഡ് കീറല്‍: അറ്റകുറ്റപ്പണി ചെയ്യുന്നില്ലെന്ന് പരാതി
ഒറ്റപ്പാലം: വിവിധ ആവശ്യങ്ങള്‍ക്കായി റോഡ് കീറിയ ശേഷം അറ്റകുറ്റപ്പണി ചെയ്യുന്നില്ലെന്ന് പരാതി. കേരള ജല അതോറിറ്റി അറ്റകുറ്റപ്പണികള്‍ക്കും പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്നും റബ്ബറൈസ്ഡ് റോഡുകള്‍ അടക്കം കീറിമുറിച്ചാണ് പ്രവൃത്തികള്‍ ചെയ്യുന്നത്. ഇത്തരം പ്രവൃത്തികള്‍ക്ക് ശേഷം റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്ന രീതിയില്‍ പുനഃസ്ഥാപിക്കുന്നില്ലെന്ന പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. അറ്റകുറ്റപ്പണികള്‍ക്കും റോഡുകള്‍ക്ക് കുറുകെ പൈപ്പിടുന്നതിന്നും പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ആവശ്യപ്പെടുന്ന തുക കെട്ടിവച്ച ശേഷമാണ് ഭൂരിഭാഗം പ്രവൃത്തികളും ചെയ്യുന്നത്. എന്നാല്‍ റോഡ് കീറിയുള്ള കുഴികളടക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന്റെ വീഴ്ചയാണ് സംഭവിക്കുന്നത്.
സ്വകാര്യകമ്പനികളുടെ ടെലഫോണ്‍ കേബിള്‍ സ്ഥാപിക്കുന്നതിനു വേണ്ടി പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയിലും, മണ്ണാര്‍ക്കാട് ഒറ്റപ്പാലം ബി.എം.ബി.സി റോഡിലും നിരവധി ഭാഗങ്ങളിലാണ് കേബിളുകള്‍ സ്ഥാപിക്കുന്നതിനായി കുഴികള്‍ എടുത്തിട്ടുള്ളത്. കുഴികള്‍ എടുക്കുന്ന പ്രവൃത്തികള്‍ രാത്രികാലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചെയ്യുന്നത്. വര്‍ഷങ്ങളായി കേടുപാടുകളില്ലാത്ത റോഡുകള്‍ കീറുന്നത് ജനരോക്ഷത്തിനിടയാക്കുമെന്നതിന്നാലാണ് പ്രവൃത്തികള്‍ രാത്രി ചെയ്യുന്നത്.
ജല അതോറിറ്റിയുടെയും സ്വകാര്യ ടെലികോം കമ്പനിയുടേയും കരാറുകാര്‍ റോഡുകള്‍ കീറിയവ പിന്നീട് അപകട കുഴികളായി മാറുന്നു. പൊതുമരാമത്ത് വകുപ്പ് യഥാസമയങ്ങളില്‍ കോണ്‍ക്രീറ്റ്, ടാര്‍ തുടങ്ങിയവ ഉപയോഗിച്ച് കുഴികള്‍ അടക്കാന്‍ വിമുഖത കാണിക്കുന്നു. നിശ്ചിത കാലാവധിക്കുള്ളില്‍ ഇത്തരം പ്രവൃത്തി മേഖലകളില്‍ റോഡുകള്‍ നശിപ്പിക്കപ്പെടാതെ പുനഃസ്ഥാപിക്കുന്നതിന്ന് കര്‍ശന നടപടികള്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ജലഅതോറിറ്റിയുടെ കുടിവെള്ള കണക്ഷന്‍ ലഭിക്കുന്നതിനു പോലും അഞ്ചര മീറ്റര്‍ വീതിയുള്ള ഒറ്റപ്പാലം മണ്ണാര്‍ക്കാട് റോഡില്‍ അരയിഞ്ച് ജി.ഐ പൈപ്പ് സ്ഥാപിക്കുന്നതിന്ന് 20,000 രൂപയോളം ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്.
റോഡ് കീറി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പൊതുമരാമത്ത് വകുപ്പ് തുടര്‍ നടപടികള്‍ എടുക്കാത്ത അവസ്ഥയുമുണ്ട്. പഞ്ചായത്ത് തലങ്ങളിലും റോഡുകള്‍ കീറുന്നതിന് അനുമതി നല്‍കുകയും പുനഃസ്ഥാപിക്കുന്നതിനുള്ള ചിലവ് തുക ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുകയും ചെയ്തശേഷം അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിന് തുടര്‍നടപടികള്‍ എടുക്കാത്ത സ്ഥിതിയാണ് മിക്ക പഞ്ചായത്തുകളിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."