ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ലക്ഷ്യത്തില്‍ മുന്നിലെത്തി കുമരംപുത്തൂര്‍
മണ്ണാര്‍ക്കാട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ബ്ലോക്ക് തലത്തില്‍ കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ലക്ഷ്യത്തില്‍ മുമ്പിലെത്തി. ഒരു കുടുംബത്തിന് 100 ദിവസം തൊഴില്‍ ദിനം നല്‍കുക എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യത്തില്‍ ഏറ്റവും കൂടുതല്‍ കുടുംബത്തിന് 100 ദിനം തൊഴില്‍ നല്‍കിയാണ് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്താണ് ഒന്നാമതെത്തിയത്.
75 കുടുംബങ്ങള്‍ക്ക് കുമരംപുത്തൂര്‍ പഞ്ചായത്ത് 100 ദിനം തൊഴില്‍ നല്‍കിയാണ് ബ്ലോക്ക് പരിധിയില്‍ ഒന്നാമതായത്. രണ്ടാം സ്ഥാനത്ത് 43 കുടുംബങ്ങളുമായി അലനല്ലൂരും, 29 കുടുംബവുമായി തെങ്കര മൂന്നാം സ്ഥാനത്തുമാണ്. ഏറ്റവും പിറകില്‍ 11 കുടുംബങ്ങളുമായി കരിമ്പയും, 11 പേരുമായി കാഞ്ഞിരപ്പുഴയുമാണ് ഏറ്റവും പിന്നില്‍. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 229 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷം 100 ദിനം തൊഴില്‍ ലഭിച്ചത്. തൊഴില്‍ കാര്‍ഡ് എടുത്ത കുടുംബങ്ങളുടെ എണ്ണത്തില്‍ 4952 കുടുംബങ്ങളുമായി അലനല്ലൂരാണ് മുന്നില്‍. 4,424 കാര്‍ഡ് ഉടമകളുമായി കോട്ടോപ്പാടമാണ് രണ്ടാമത്. മറ്റ് ഗ്രാമപഞ്ചായത്തുകളിലെ ജനസംഖ്യ അനുസരിച്ച് കുറവുളള തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലാണ് തൊഴിലുറപ്പ് കാര്‍ഡ് ഉടമകളുടെ എണ്ണത്തിലും കുറവുളളത്.
2,032 പേര്‍ മാത്രമാണ് ഇതുവരെയായി തൊഴില്‍ കാര്‍ഡ് കൈപ്പറ്റിയിരിക്കുന്നത്. എട്ട് ഗ്രാമപഞ്ചായത്തുകളിലായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 28,109 പേരാണ് നാളിതുവരെയായി തൊഴില്‍ കാര്‍ഡ് ഉടമകളായിട്ടുളളത്. ഇതില്‍ 19,686 പേരാണ് ഒരു ദിവസമെങ്കിലും തൊഴിലിലേര്‍പ്പെട്ടത്. സ്ത്രീ തൊഴിലാളികളുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായ തൊഴിലുറപ്പില്‍ 15,777 പേരും വനിതാ തൊഴിലാളികളാണ്. അഞ്ചിലൊന്ന് പേര് മാത്രമാണ് പുരുഷമാര്‍ തൊഴിലുറപ്പില്‍ പങ്കാളികളായിട്ടുളളത്.
ബ്ലോക്ക് തലത്തില്‍ 4.29 ലക്ഷം തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിക്കാനായത്. ജില്ലയില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് തൊഴില്‍ ദിനത്തില്‍ നാലാം സ്ഥാനത്താണ്. കൂടാതെ ജില്ലയുടെ ശരാശരിയുടെ മുകളിലാണ് മണ്ണാര്‍ക്കാടിന്റെ സ്ഥാനം. 66,753 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് തൊങ്കര ഒന്നാമതും, 64,651 തൊഴില്‍ ദിനങ്ങളുമായി കരിമ്പ രണ്ടാം സ്ഥാനത്തുമാണ്. 60,494 തൊഴില്‍ ദിനങ്ങളുമായി അലനല്ലൂരും, 56,573 കുമരംപുത്തൂരും യഥാക്രമം മൂന്നും നാലും സ്ഥാനത്തുമാണ്.
ജില്ലാ അധികാരികള്‍ നേരത്തെ ബ്ലോക്കിന് നല്‍കിയ തൊഴില്‍ ദിനങ്ങളും മറ്റുമുളള ലക്ഷ്യങ്ങളെല്ലാം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."