കാരുണ്യം തേടി റഫീക്കിന്റെ കുടുംബം
ഒറ്റപ്പാലം: കാരുണ്യം തേടി റഫീക്കിന്റെ കുടുംബം. രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുള്ള അനങ്ങനടി പഞ്ചായത്ത് പത്തംകുളത്ത് താമസിക്കുന്ന വടക്കേക്കുണ്ടില്‍ റഫീഖ് സാജിത ദമ്പതികളുടെ മനസ് വിതുമ്പുകയാണ്. പൊന്നോമനകളായ മുഹമ്മദ് ഇര്‍ഷാദിന്റേയും, അന്‍വര്‍ ഫായിസിന്റേയും അവസ്ഥയെ ഓര്‍ത്ത്. പ്രത്യേക ജനിതക അസുഖങ്ങള്‍ക്ക് വിധേയരായി രണ്ടു മക്കള്‍ക്കും എണീറ്റ് നില്‍ക്കാന്‍ പോലും കഴിയുന്നില്ല. ദീര്‍ഘ സമയമെടുത്തു വളരെ പ്രയാസപ്പെട്ടാണ് ഒന്നു നില്‍ക്കാന്‍ കഴിയുക. എണീറ്റു നില്‍ക്കുമ്പോഴേക്കും പല പ്രാവശ്യം വീഴും. വീണ്ടും എണീക്കും. അല്‍പം നടക്കുമ്പോള്‍ വീണ്ടും ഇത് തന്നെ തുടരും. വളരെ അപൂര്‍വ്വം പേര്‍ക്ക് മാത്രംവരുന്ന അസുഖമാണിത്.
പനമണ്ണ യു.പി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായ അര്‍ഷാദിന് എട്ടാം വയസ്സിലാണ് രോഗലക്ഷണം കാണപ്പെട്ടത്. അര്‍ഷാദിന്റെ ചികിത്സകളുമായി മുന്നോട്ടു പോവുമ്പോഴായിരുന്നു രണ്ടാമത്തെ മകന്‍ അന്‍വര്‍ ഫായിസിനും ഇതേ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടത്. ഡ്യൂഷന്‍ മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന പേരിലാണ് മാംസ പേശികളുടെ ശക്തി ക്രമേണ ക്ഷയിച്ചു വരുന്ന ഇവരുടെ രോഗം അറിയപ്പെടുന്നത്. കൂലിപ്പണിക്ക് പോയിരുന്ന റഫീക്കിന് മക്കളുടെ ചികിത്സകളുമായി ഇപ്പോള്‍ പണിക്കു പോവാന്‍ സമയമില്ലാത്ത അവസ്ഥയാണ്. മക്കളെ എടുത്ത് കൊണ്ടുപോയി വേണം അവരുടെ പ്രാഥമികാവശ്യങ്ങള്‍ പോലും നടത്താന്‍. നിലവില്‍ ചികില്‍സ നടത്തുന്നത് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലാണ്. സഹായിക്കണം ഈ കുട്ടികളെ, കഴിയുമെങ്കില്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍. നാട്ടുകാരുടേയും, സുഹൃത്തുക്കളുടെയും കനിവിലാണ് ചികിത്സാചെലവുകള്‍ക്ക് സഹായം ലഭിച്ചിരുന്നത്.
റഫീക്കിന്റെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ ഒരു വ്യക്തി അമ്പലപ്പാറ പഞ്ചായത്തിലെ പിലാത്തറ ഭാഗത്ത് ഇവര്‍ക്കായി മൂന്നു സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിട്ടുണ്ട്. ഈ സ്ഥലത്ത് ഒരു വീട് നിര്‍മിച്ച് പത്തംകുളത്തെ വാടകവീട്ടില്‍ നിന്നും മക്കളെയും കൊണ്ട് ഇറങ്ങണമെന്നുണ്ട് റഫീക്കിന്. മക്കളുടെ ചികിത്സക്കും, സ്വന്തമായ വീടെന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിന്നും സുമനസുകളുടെ സഹായം ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഫോണ്‍ നമ്പര്‍: 9656984595 ( റഫീക്ക്), അക്കൗണ്ട് നമ്പര്‍: 67290645325, മുഹമ്മദ് ഇര്‍ഷാദ് പി ആന്റ് പി സാജിത. എസ്.ബി.ഐ അനങ്ങനടി ബ്രാഞ്ച്, വടക്കേ കുണ്ടില്‍, പാവുക്കോണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."