അങ്ങാടിപ്പുറം മേല്‍പാലം അടച്ചു; യാത്രക്കാര്‍ വലഞ്ഞു
അങ്ങാടിപ്പുറം: മേല്‍പ്പാലത്തിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വാഹന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്ന പഴയ ടാറിംഗ് ഇളക്കി മാറ്റുന്ന ജോലികള്‍ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച ജോലി ഇന്നലെ വൈകീട്ടോടെയാണ് തീര്‍ന്നത്. രാപ്പകലില്ലാതെയാണ് ജോലികള്‍ പുരോഗമിക്കുന്നത്. പാലത്തിലെ മുഴുവന്‍ ഭാഗത്തേയും ടാറിംഗ് ഇളക്കി മാറ്റിയ ശേഷമുള്ള അവശിഷ്ടങ്ങളെല്ലാം ഇന്ന് നീക്കം ചെയ്യുന്നതോടെ ഇനി പുതിയ ടാറിംഗ് ജോലികള്‍ മാത്രമാണ് ബാക്കിയുണ്ടാകുക. ശനിയാഴ്ച്ചയോടെ പുതിയ ടാറിംഗ് നടത്താനാകുമെന്നാണ് കരുതുന്നതെന്ന് കിറ്റ്‌ക്കോ കമ്പനിയുടെ എഞ്ചിനീയര്‍ സാഞ്ചോ സുപ്രഭാതത്തോട് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതോടെ വാഹനയാത്രക്കാര്‍ നെട്ടോട്ടത്തിലായിരുന്നു.
വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ വഴിയറിയാതെ നട്ടം തിരിയുന്ന കാഴ്ച്ചയുണ്ടായിരുന്നെങ്കിലും പെരിന്തല്‍മണ്ണയിലേക്ക് പോകണമെങ്കില്‍ കിലോമീറ്ററുകള്‍ ദൂരവ്യത്യാസമുള്ള വഴികളെയാണ് മിക്കവരും ആശ്രയിച്ചിരുന്നത്. എന്നാല്‍ ഈ പ്രദേശങ്ങളിലാകട്ടെ കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. അങ്ങാടിപ്പുറം ഏറാന്തോട്, വലമ്പൂര്‍ പട്ടിക്കാട് റോഡ് എന്നിവിടങ്ങളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു.
മലപ്പുറം, മഞ്ചേരി ,വളാഞ്ചേരി ,കോട്ടക്കല്‍ എന്നീ ഭാഗങ്ങളിലേക്കുള്ള ബസുകളെല്ലാം റെയില്‍വേ മേല്‍പ്പാലത്തിനു താഴെയായിരുന്നു നിര്‍ത്തിയിട്ടിരുന്നത്. ഇത് പെരിന്തല്‍മണ്ണ ഭാഗത്തു നിന്നും റെയില്‍ മുറിച്ചു കടന്ന് വരുന്നവര്‍ക്ക് എറെ ഗുണകരമായി.
റെയില്‍വേ മേല്‍പ്പാലത്തിനു താഴെ പുതിയൊരു ബസ്റ്റാന്റ് വന്ന അവസ്ഥയായിരുന്നു. സാധാരണക്കാരായ ആളുകള്‍ സ്വകാര്യ ബസുകളെ ആശ്രയിച്ച് യാത്ര ചെയ്തപ്പോള്‍ സ്വന്തം വാഹനങ്ങളുമായി യാത്ര ചെയ്യുന്നവരായിരുന്നു ഏറെയും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. ഇരുചക്രവാഹനങ്ങള്‍ സാഹസികമായി റെയില്‍ പാളത്തിനു താഴെയുള്ള ഗുഹക്കുള്ളിലൂടെയായിരുന്നു അപ്പുറത്തേക്ക് കടന്നിരുന്നത്. ശനിയാഴ്ച്ചയോടെ ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ അംബുലന്‍സടക്കമുള്ള വാഹനയാത്രക്കാര്‍ക്ക് ഇത് ഏറെ ഗുണകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."