സ്വകാര്യ എസ്റ്റേറ്റില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം
മറയൂര്‍: ഇതര സംസ്ഥാന തൊഴിലാളി സ്ത്രീയെയും ഭര്ത്താവിനെയുമടക്കം ആക്രമിച്ചതായി പരാതി. മറയൂര്‍ പള്ളനാട് ഫാത്തിമ എസ്റ്റേറ്റില്‍ കഴിഞ്ഞ ആറുമാസമായി ജോലിചെയ്തു വരുന്ന ജാര്‍ഖണ്ഡ് സ്വദേശികളാണ് എസ്റ്റേറ്റ് മാനേജരുടെ ഉള്‍പ്പെടെ ആക്രമത്തിന് ഇരയായത്.
ജാര്‍ഖണ്ഡ് സ്വദേശികളായ പരംഹര്സ്, സുബേദ് സിന്ഷ്, ഇയാളുടെ ഭാര്യ ആഷാദേവി, അഞ്ചുവയസ്സുള്ള മകന് ഉപേഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മറയൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്റ്റേറ്റ് മാനേജര്‍ ചങ്ങനാശ്ശേരി സ്വദേശി ബിനു, എസ്റ്റേറ്റ് ഉടമ കൂട്ടിയച്ചന്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു പൊലിസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് എസ്റ്റേറ്റിലെ പാചകപുരയില്‍ മാനേജര്‍ ആഷാദേവിയോട് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ശബ്ദം കേട്ടെത്തിയ ഭര്‍ത്താവ് സുബേഷ് പരംഹര്സ് ഇതിനെ തുടര്‍ന്ന് മാനേജര്‍ ബിനുവുമായി വഴക്കുണ്ടാകുകയും ചെയ്തു.
ഇതിനു ശേഷം ഇന്നലെ രാവിലെ എസ്റ്റേറ്റ് ഉടമയുടെയും മാനേജരുടെയും നേതൃത്വത്തില്‍ ഇവര്‍ താമിച്ചിരുന്ന എസ്റ്റേറ്റിലെ കെട്ടിടത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദിക്കുകയും സാധനങ്ങള്‍ ഉള്‍പ്പെടെ പുറത്തെറിഞ്ഞ് ഇറക്കി വിടുകയുമായിരുന്നു.
അഞ്ചുമാസത്തിലേറെയായി ജോലിചെയ്തിരുന്ന ഇവര്‍ക്ക് കൂലിപോലും നല്‍കാതെയാണ് ഇറക്കി വിട്ടത്. എന്തു ചെയ്യണമെന്ന് അറിയാതെ നിന്ന ഇവര്‍ നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിയത്.
സ്ത്രീയെയും കുട്ടിയെയും ഉള്‍പ്പെടെ മര്‍ദിക്കാന്‍ നേതൃത്വം നല്‍കുകയും തൊഴില്‍ പീഡനവും നടത്തിയ എസ്റ്റേറ്റ് ഉടമക്കും മാനേജര്‍ക്കും എതിരേ കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."