കാലാവധിക്ക് ശേഷവും സഊദിയിൽ തുടരുന്ന ഉംറക്കാർക്ക് പൊതുമാപ്പ്
ജിദ്ദ: കൊവിഡ് 19 പശ്ചാത്തലത്തിൽ ഉംറ കാലാവധിക്ക് ശേഷവും സഊദിയിൽ തുടരുന്ന ഉംറ വിസയിലെത്തിയ തീർത്ഥാടകർക്ക് ശിക്ഷകളിൽ നിന്നൊഴിവാകാൻ അവസരം . നിയമാനുസൃതമുള്ള പിഴകളിൽ നിന്നും മറ്റു ശിക്ഷാ നടപടികളിൽ നിന്നും ഇവരെ ഒഴിവാക്കും. ഇതിന് ഹജ്, ഉംറ മന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നൽകണം. ഓൺലൈൻ വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. മാർച്ച് 28 വരെ അപേക്ഷ നൽകാൻ തീർഥാടകർക്ക് അവസരമുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
പൊതുമാപ്പിന് അപേക്ഷ നൽകുന്ന ഉംറ തീർഥാടകരുടെ മടക്കയാത്രക്ക് ആവശ്യമായ ക്രമീകരണങ്ങൾ സഊദിയിലെ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കും. മടക്കയാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും യാത്രാ സമയവും അറിയിക്കുന്ന എസ്.എം.എസ് തീർഥാടകർക്ക് ലഭിക്കും. ജിദ്ദ കിംഗ് അബ്ദുൽ അസീസ്, മദീന പ്രിൻസ് മുഹമ്മദ് അന്താരാഷ്ട്ര എയർപോർട്ടുകളിലൂടെ മാത്രമായിരിക്കും തീർഥാടകരുടെ മടക്കയാത്ര ക്രമീകരിക്കുക. പൊതുമാപ്പ് കാലാവധി ശനിയാഴ്ച അർധ രാത്രി അവസാനിക്കും. ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് അപേക്ഷ സമർപ്പിക്കാത്തവർക്കെതിരെ നിയമം അനുശാസിക്കുന്ന ഏറ്റവും ഉയർന്ന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വിമാന സർവീസുകൾ നിർത്തിവെച്ചതോടെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാൻ കഴിയാതെ നിരവധി തീർഥാടകർ മക്കയിലും മദീനയിലും കുടുങ്ങിയിട്ടുണ്ട്. ഇവരിൽ അധിക പേരുടെയും വിസാ കാലാവധി അവസാനിച്ചിട്ടുമുണ്ട്. ഇവർക്ക് പിഴകളും മറ്റു ശിക്ഷാ നടപടികളും കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കുകയാണ് ഹജ്, ഉംറ മന്ത്രാലയം ചെയ്തിരിക്കുന്നത്. തീർഥാടകരുടെ മടക്കയാത്രക്ക് ആവശ്യമായ ക്രമീകരണങ്ങൾ
സഊദിയിലെ ബന്ധപ്പെട്ട വകുപ്പുകൾ തന്നെ ഏർപ്പെടുത്തുകയും ചെയ്യും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മടക്കയാത്ര അനന്തമായി തുടരുന്ന ഉംറ തീർഥാടകരെ എത്രയും വേഗം സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. മക്കയിലെയും മദീനയിലെയും ഹോട്ടലുകളിൽ തീർഥാടകർ കൂട്ടത്തോടെ കഴിയുന്നതും ഭീഷണിയാണ്. മക്കയിൽ ഒരേ ഹോട്ടലിൽ കഴിയുന്ന 72 തുർക്കി തീർഥാടകർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതായി ദിവസങ്ങൾക്കു മുമ്പ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."