ആര്‍ദ്രം പദ്ധതി അവസാന ഘട്ടത്തില്‍ മെഡിക്കല്‍ കോളജില്‍ പ്രയാസങ്ങള്‍ വഴിമാറും
മഞ്ചേരി: സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ മഞ്ചേരി മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസന പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍. ആധുനിക സംവിധാനങ്ങളോടെയുള്ള ഒ.പി കൗണ്ടറുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്നര കോടി രൂപ ചെലവിട്ട് രണ്ടു ഘട്ടങ്ങളിലായാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്.
നിലവിലെ ഒ.പി സംവിധാനത്തിലുള്ള അപര്യാപ്തത രോഗികളെയും ജീവനക്കാരെയും പ്രയാസപ്പെടുത്തുകയാണ്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ സ്ഥലപരിമിതിക്കു പരിഹാരമാകും. പദ്ധതിയിലൂടെ പുതിയ ഇരുപത് ഒ.പികള്‍ സജ്ജമാകും. ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലുള്ള ഒ.പി കൗണ്ടറുകളാണ് സജ്ജീകരിക്കുന്നത്. നിലവില്‍ ജീവനക്കാരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന ഭാഗത്താണ് പുതിയ ഒ.പി നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്.
രോഗികള്‍ക്ക് ഇരിപ്പിടം, കുടിവെള്ള സംവിധാനം, ശുചിമുറികള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി. കൗണ്ടറുകള്‍ പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിക്കും. രോഗികള്‍ക്കു സഹായകമാകുന്ന എല്‍.ഇ.ഡി ഡിസ്‌പ്ലേ, സൂചനാ ബോര്‍ഡുകള്‍, ഹെല്‍പ് ഡെസ്‌ക് എന്നിവയും സ്ഥാപിക്കും.
വാര്‍ഡുകളില്‍ പ്രത്യേക പരിശീലനം ലഭിച്ച പേഷ്യന്റ് കെയര്‍ കോഡിനേറ്റര്‍മാരെ നിയമിക്കാനും പദ്ധതിയുണ്ട്. രോഗികള്‍ക്ക് ആവശ്യമായ സഹായവും നിര്‍ദേശങ്ങളും പേഷ്യന്റ് കെയര്‍ കോഡിനേറ്റര്‍മാരിലൂടെ ലഭിക്കും. നിലവിലെ ഫാര്‍മസി കൗണ്ടറുകളുടെ മുഖം പിറകുവശത്തേക്കു മാറ്റുന്ന പ്രവൃത്തികളും ആരംഭിച്ചു.
പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ഒ.പിക്കു മുന്നില്‍ മരുന്ന് വാങ്ങാനെത്തുന്നവരുടെ തിരക്കിനു പരിഹാരം കാണാനാകും. പദ്ധതിയുടെ ഭാഗമായി ഒ.പിയില്‍ എത്തുന്ന രോഗികള്‍ക്കു ചീട്ടുകള്‍ക്കു പകരം കോഡ് നമ്പറുള്ള പ്രത്യേക കാര്‍ഡ് നല്‍കും. ഈ കാര്‍ഡുപയോഗിച്ച് രോഗിയുടെ വിവരങ്ങള്‍ മനസിലാക്കാനാകും. രോഗിയെ ആദ്യം പരിശോധിക്കുന്ന ഡോക്ടര്‍ രോഗവിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. തുടര്‍പരിശോധനകള്‍ക്കും രോഗവിവരമറിയുന്നതിനും ഇത് ഉപകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."