നിര്‍ദിഷ്ട തീരദേശപാത ബേക്കല്‍ വരെ നീട്ടണമെന്ന് ആവശ്യം
കാസര്‍കോട്: നിര്‍ദിഷ്ട തീരദേശ പാത ബേക്കല്‍ വരെ നീട്ടണമെന്ന ആവശ്യവുമായി ബേക്കല്‍ ടൂറിസം സപ്പോര്‍ട്ടിങ് ഗ്രൂപ്പ് മുഖ്യമന്ത്രിക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും നിവേദനം നല്‍കി. തീരദേശപാത കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍നിന്ന് കെ.എസ്.ടി.പി പാതയില്‍ ലയിപ്പിച്ച് പാലക്കുന്നില്‍നിന്നു വീണ്ടും തീരദേശപാത തുടങ്ങാനാണ് നാറ്റ്പാക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
എന്നാല്‍ ഇതുവഴിയുണ്ടാകുന്ന പ്രത്യാഘാതങ്ങളും കാഞ്ഞങ്ങാട് മുതല്‍ ബേക്കല്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വരെ എട്ട് കിലോമീറ്റര്‍ പുതിയ തീരദേശപാത വന്നാലുള്ള ഗുണങ്ങളും പരിഗണിച്ച് ഘടനയില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ പുതിയ തീരദേശപാത കൊണ്ട് നല്ല മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജനസാന്ദ്രതയേറിയ കാഞ്ഞങ്ങാട് ബേക്കല്‍ കെ.എസ്.ടി.പി പാതയില്‍ തീരദേശപാത ചേര്‍ന്നാല്‍ ഗതാഗത കുരുക്കിനിടയാക്കും. പല സ്ഥലങ്ങളിലും കെ.എസ്.ടി.പി പാതക്കിരുവശവും വീടുകളും കടകളുമുള്ളതിനാല്‍ നിലവിലെ കെ.എസ്.ടി.പി പാത വികസിപ്പിക്കുക പ്രയാസകരമാണ്. കാഞ്ഞങ്ങാട് മുതല്‍ ബേക്കല്‍ വരെ തീരദേശ മേഖലയ്ക്കും കെ.എസ്.ടി.പി പാതക്കും ഇടയില്‍ റെയില്‍വേ ലൈന്‍ ഉള്ളതിനാല്‍ കെ.എസ്.ടി.പി പാതയിലേക്ക് പ്രവേശിക്കണമെങ്കില്‍ നിര്‍മാണ ജോലികള്‍ നടന്നുകൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജും ബേക്കല്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജും മാത്രമേ ഉള്ളൂ. നോര്‍ത്ത് കോട്ടച്ചേരിയില്‍ പ്രവേശിക്കാന്‍ പുതിയ റെയില്‍വേ ഓവര്‍ ബ്രിഡ്ജും പണിയണം.
നോര്‍ത്ത് കോട്ടച്ചേരിയില്‍ തീരദേശ പാത കെ.എസ്.ടി.പി പാതയില്‍ പ്രവേശിച്ചാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ കടുത്ത ഗതാഗത കുരുക്കുണ്ടാകും. ഉത്തരവാദിത്വ ടൂറിസം വില്ലേജായ വലിയ പറമ്പ പഞ്ചായത്തില്‍ നിന്നും വരാനിരിക്കുന്ന റിവര്‍ ക്രൂയിസം പദ്ധതി അവസാനിക്കുന്ന നീലേശ്വരത്ത് നിന്നും ഒഴിഞ്ഞവളപ്പിലെ റിസോര്‍ട്ടുകളില്‍ നിന്നും ബേക്കല്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വരെ തീരദേശ റോഡുണ്ടാക്കിയാല്‍ ടൂറിസ്റ്റുകള്‍ക്ക് ടൗണുകളുമായി ബന്ധപ്പെടാതെ ബേക്കലിലേക്കും തിരിച്ചും യാത്ര ചെയ്യാനാവും.
കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ടൂറിസം റോഡായി വികസിപ്പിക്കാന്‍ 12 കോടി അനുവദിച്ച കൊളവയല്‍ പാത , ചിത്താരി ബി.ആര്‍.സി.സി പാത, ബി.ആര്‍.സി.സി ബീച്ച് പാര്‍ക്ക് പാത എന്നിവ കൂട്ടിയോജിപ്പിച്ച് വീതി കൂട്ടി ഒരു പാലം പണിത് എളുപ്പത്തില്‍ തന്നെ ബേക്കല്‍ വരെ തീരദേശ പാത നിര്‍മിക്കാം. ടൂറിസം റെയില്‍വേ സ്റ്റേഷനായി മാറുന്ന ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍ദിഷ്ട തീരദേശപാതയുടെ അരികില്‍ വരുന്നതിനാല്‍ റെയില്‍ കണക്ടിവിറ്റി കൂടി തീരദേശ പാതയ്ക്ക് ലഭിക്കുമെന്നും കാഞ്ഞങ്ങാട് ബേക്കല്‍ തീരദേശ പാത യാഥാര്‍ഥ്യമായാല്‍ അജാനൂര്‍ചിത്താരി ബേക്കല്‍ മത്സ്യബന്ധന മേഖലകള്‍ കൂടി പരസ്പരം ബന്ധിപ്പിക്കാനാവുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട് നാവിക സേന, തീരദേശ പൊലിസ്, ടൂറിസം പൊലിസ് എന്നിവര്‍ക്ക് ബേക്കല്‍ കോട്ട വരെ തീരദേശ പാത വന്നാല്‍ വളരെയധികം ഉപകാര പ്രദമാകും.
ഇക്കാര്യങ്ങള്‍ പരിഗണിച്ച് നാറ്റ്പാക്ക് നല്‍കിയ നിര്‍ദിഷ്ട തീരദേശ പാതയുടെ റിപ്പോര്‍ട്ടില്‍ ടൂറിസ്റ്റുകള്‍ക്കും പൊതുജങ്ങള്‍ക്കും മത്സ്യ മേഖലയ്ക്കും ദേശ സുരക്ഷയ്ക്കും ഉപകാരപ്രദമാകുന്ന അജാനൂര്‍ ബേക്കല്‍ പാത കൂടി ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ ഇടപെട്ട് അതില്‍ സത്വര നടപടി കൈകൊള്ളണമെന്നുമാണ് ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."