ഏകോപിത ഗവേഷണം കാലഘട്ടത്തിന്റെ അനിവാര്യത: പ്രൊഫ. ബി.ബി കലിവള്‍
നീലേശ്വരം: വിവിധ ശാസ്ത്ര ശാഖകള്‍ ഏകോപിതമായി നടത്തുന്ന ഗവേഷണമാണ് കാലഘട്ടത്തിന്റെ അനിവാര്യത എന്ന് ദാവെന്‍ഗെരെ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പ്രമുഖ ശാസ്ത്രകാരനുമായ പ്രൊഫ. ബി.ബി കലിവള്‍ അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ സര്‍വകലാശാല മോളിക്യൂലര്‍ ബയോളജി വിഭാഗം ദശവാര്‍ഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ മോളിക്യൂലര്‍ ബയോളജിയിലെ നൂതന വികാസങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്താന്‍ ഏതെങ്കിലും ഒറ്റ ശാസ്ത്രശാഖയെ മുന്‍നിര്‍ത്തിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമല്ല. ഭൗതിക ശാസ്ത്രവും രസതന്ത്രവും അടക്കമുള്ള അടിസ്ഥാന ശാസ്ത്ര മേഖലകള്‍ക്കും മോളിക്യൂലര്‍ ബയോളജി അടക്കമുള്ള നവീന ശാസ്ത്രമേഖലകള്‍ക്കും ഇത്തരം ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നീലേശ്വരം ഡോ.പി.കെ രാജന്‍ സ്മാരക കാംപസില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. സെമിനാറില്‍ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളുടെ സംഗ്രഹം കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം വി.പി.പി മുസ്തഫ പ്രകാശനംചെയ്തു. വി.ആര്‍ കൃഷ്ണയ്യര്‍ സ്മാരക പുരസ്‌കാരം നേടിയ ഡോ. എ. എം ശ്രീധരനെ ചടങ്ങില്‍ ആദരിച്ചു. പഠനത്തില്‍ ഉന്നത മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ചടങ്ങില്‍ വിതരണം ചെയ്തു. തുടര്‍ന്ന് പ്രൊഫ. മുസ്താഖ്, ഡോ. അനി.വി. ദാസ്, ഡോ. പ്രേമാ വാസുദേവ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു .
ഡോ. സൂരജ് എം. ബഷീര്‍, ഡോ. സുരേഷ് മോഹനഘോഷ് സംസാരിച്ചു. സെമിനാര്‍ നാളെ വൈകുന്നേരം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."