ടാങ്കറില്‍ നിന്നു പെട്രോള്‍ ചോര്‍ന്നു: തീരദേശം ഭീതിയിലായതു ആറു മണിക്കൂര്‍
തൃപ്രയാര്‍: ടാങ്കര്‍ ലോറിയില്‍ കണ്ടെയ്നര്‍ ഇടിച്ചു പെട്രോള്‍ ചോര്‍ന്നതു തീരദേശത്തെയും ദേശീയ പാതയിലെ യാത്രക്കാരെയും ആറു മണിക്കൂര്‍ ഭീതിയിലാഴ്ത്തി. സംഭവത്തില്‍ നാലു പേര്‍ക്കു പരുക്ക്. വാഹനങ്ങള്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ പാലക്കാട് കൈക്കോട് പൂശാരിപ്പറമ്പില് സാജനു (35) മുറിവേറ്റു. റോഡിലേയ്ക്കു പെട്രോള്‍ ഒഴുകിക്കൊണ്ടിരിക്കെ തുണി ഉപയോഗിച്ചു ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിച്ച നാട്ടുകാരായ ആഷിഖ്, ആകാശ്, പ്രമോദ് എന്നിവര്‍ക്കു രൂക്ഷ ഗന്ധത്തെ തുടര്‍ന്നു ബോധക്ഷയമുണ്ടായതോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
28നു രാത്രി പതിനൊന്നേകാലിനു ദേശീയ പാതയില്‍ വലപ്പാട് കോതകുളത്തിനു തെക്ക് ആനവിഴുങ്ങിക്കു സമീപമാണു അപകടം. കൊച്ചിയില്‍ നിന്നും കൊണ്ടോട്ടിയിലേയ്ക്കു 12,000 ലിറ്റര്‍ പെട്രോള്‍ കയറ്റി പോയിരുന്ന ടാങ്കര്‍ പെട്ടെന്നു നിര്‍ത്തിയതോടെ പുറകില്‍ വന്നിരുന്ന കണ്ടെയ്നര്‍ ഇടിക്കുകയായിരുന്നു. ഇതോടെ ടാങ്കര്‍ ലോറിയിലെ 5000 ലിറ്ററിന്റെ ഒരു ടാങ്ക് പൊട്ടി പെട്രോള്‍ റോഡിലേയ്ക്കൊഴുകി. തുടര്‍ന്നു വലപ്പാട്, വാടാനപ്പള്ളി, മതിലകം, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളില്‍ നിന്നു പൊലിസുകാര്‍ സ്ഥലത്തെത്തി ഗതാഗതം ഈസ്റ്റ്, വെസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡുകളിലൂടെ തിരിച്ചു വിട്ടു. ലൈറ്റര്‍, തീപ്പെട്ടി കത്തിക്കരുതെന്നു പ്രദേശവാസികള്‍ക്കു നിര്‍ദ്ദേശം നല്കി.രാത്രി വൈകിയാണു അപകടമുണ്ടായതെങ്കിലും നൂറുകണക്കിനാളുകള്‍ സംഭവസ്ഥലത്തു ഓടിക്കൂടി. അഗ്നിബാധ ഒഴിവാക്കാന്‍ നാട്ടികയില്‍ നിന്നെത്തിയ മൂന്നു യൂനിറ്റ് അഗ്നി രക്ഷാസേന റോഡിലേക്കൊഴുകിയ പെട്രോളിലേയ്ക്കു വെള്ളം പമ്പു ചെയ്തു തീവ്രത കുറച്ചു.
കൊച്ചി റിഫൈനറിയില്‍ നിന്നെത്തിയ വിദഗ്ധര്‍ നാലര മണിക്കൂര്‍ പരിശ്രമിച്ചാണു ചോര്‍ച്ച അടച്ചത്. മറ്റൊരു ടാങ്കര്‍ എത്തിച്ചു അവശേഷിച്ച പെട്രോള്‍ അതിലേക്കു മാറ്റിയതോടെയാണു ഭീതി അകന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."