പുറത്തുള്ള മലയാളികള്‍ അവിടെ സുരക്ഷിതമായി തുടരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ യാത്ര ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ സുരക്ഷിതമായി തുടരാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ താമസിക്കുന്ന മേഖലയിലെ പ്രാദേശിക ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കണം.രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ യാത്രാസൗകര്യങ്ങള്‍ ഇല്ലാത്തതിനാലും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിട്ടുള്ളതിനാലും കേരളത്തിലേക്കുള്ള യാത്രയ്ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നല്‍കിയ നിര്‍ദേശം പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. എന്നാല്‍ കേരള അതിര്‍ത്തിയില്‍ എത്തിചേര്‍ന്നവരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിലപാട് സ്വീകരിച്ചിട്ടുണ്ട്്.
അവരെ അതിര്‍ത്തിയിലുള്ള കൊറോണാ കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കും. ഇതിനായി സഹകരിക്കാന്‍ എല്ലാവരും തയ്യാറാകണം. കഴിഞ്ഞ ദിവസം പാലക്കാട് അതിര്‍ത്തിയില്‍ എത്തിയവരെ വിക്്‌ടോറിയ കോളജില്‍ താമസിപ്പിച്ചിരുന്നു. ഇവര്‍ കൂട്ടംകൂടി നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. നിരീക്ഷണത്തില്‍ ഇരിക്കുമ്പോള്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കരുത്. തങ്ങള്‍ക്ക് രോഗലക്ഷണം ഇല്ലല്ലോയെന്ന് പറയുന്നതില്‍ കാര്യമില്ല. ഇപ്പോള്‍ ഇത് സംബന്ധിച്ച പ്രതിഷേധങ്ങള്‍ വകവെയ്ക്കാന്‍ കഴിയില്ല. വ്യക്തിപരമായ അനിഷ്ടമല്ല, സമൂഹത്തോടുള്ള കടമയാണ് എന്ന് തിരിച്ചറിയണം. വിദേശത്ത് നിന്ന് വന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."