അധികൃതര്‍ കൈയൊഴിഞ്ഞു; 'വഴി തെളിക്കാ'നൊരുങ്ങി നാട്ടുകാര്‍
മൂന്നര ലക്ഷത്തിലധികം രൂപ ചെലവില്‍ ഒരു കിലോമീറ്റര്‍ നീളത്തിലുള്ള റോഡാണ് നാട്ടുകാര്‍ നിര്‍മിക്കുന്നത്
ദേലംപാടി: നടന്നു പോകാന്‍ വഴി പോലുമില്ലാതെ ഒറ്റപ്പെട്ട രണ്ടു ഗ്രാമത്തിലേക്ക് വഴിതെളിക്കാന്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നു. ദേലംപാടി പഞ്ചായത്തിലെ 15, 16 വാര്‍ഡുകളില്‍ പെട്ട നുയിംവീട് കൊമ്പോട് പ്രദേശങ്ങളിലുള്ളവരാണ് നടന്നുപോകാന്‍ പോലും വഴിയില്ലാതെ ദുരിതത്തിലായത്. രണ്ടുഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന വീതി കുറഞ്ഞ ഒരു നടപ്പാതയുണ്ടെങ്കിലും ഇപ്പോള്‍ അത് പലയിടത്തും തകര്‍ന്ന് കുഴികള്‍ നിറഞ്ഞ് കാല്‍നടയാത്ര പോലും ദുസഹമായ അവസ്ഥയിലാണ്.
തകര്‍ന്നുകിടക്കുന്ന നടപ്പാത വീതികൂട്ടി നന്നാക്കുകയോ റോഡ് നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ സമീപിച്ചപ്പോള്‍ ഈ നടപ്പാത പഞ്ചായത്ത് രേഖയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അതുകൊണ്ട് നടപ്പാതയ്ക്കോ റോഡിനോ ഫണ്ട് അനുവദിക്കാന്‍ സാധിക്കില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
രണ്ടുവലിയകുന്നുകളും മൂന്ന് തോടും കൃഷിയിടവും ഉള്‍പ്പെടുന്ന സ്ഥലത്തു കൂടി മൂന്നര ലക്ഷത്തിലധികം രൂപ ചെലവില്‍ ഒരു കിലോമീറ്റര്‍ നീളത്തിലുള്ള റോഡാണ് നാട്ടുകാര്‍ നിര്‍മിക്കുന്നത്.
റോഡിനായി നാല് സ്വകാര്യ വ്യക്തികളാണ് സ്ഥലം വിട്ടുനല്‍കിയത്. നാല്പതോളം കുടുംബങ്ങളാണ് രണ്ടുഗ്രാമങ്ങളിലുമായി താമസിക്കുന്നത്. ഒരു റോഡെന്ന ആവശ്യവുമായി ഈ ഗ്രാമവാസികള്‍ മുട്ടാത്ത വാതിലുകളില്ല. വര്‍ഷങ്ങളോളം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പിന്നാലെ നടന്ന് മടുത്തതോടെയാണ് ജനങ്ങള്‍ നേരിട്ട് റോഡ് നിര്‍മിക്കാന്‍ രംഗത്തിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."