ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂള്‍ വഴിതുറന്നു; മിഥിലേഷ ഇപ്പോള്‍ ക്ലാസ് മുറിയിലാണ്
ചെറുവത്തൂര്‍: പാതയോരത്തല്ല, മിഥിലേഷയ്ക്ക് ഇനി ക്ലാസ് മുറിയിലിരുന്ന് പഠിക്കാം. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂള്‍ അധികൃതരാണ് കുട്ടിക്ക് വിദ്യാലയത്തിലേക്കുള്ള വാതില്‍ തുറന്നത്. മധ്യപ്രദേശില്‍നിന്നു റോഡ് പ്രവൃത്തിക്ക് എത്തിയ മാതാപിതാക്കള്‍ തൊഴിലെടുക്കുമ്പോള്‍ പാതയോരം പാഠശാലയാക്കിയ മിഥിലേഷ എന്ന ആറുവയസുകാരിയുടെ കഥ 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെറുവത്തൂര്‍ ബി.പി.ഒ പി.വി ഉണ്ണിരാജന്‍, ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി, ബി.ആര്‍.സി പരിശീലകന്‍ എന്നിവര്‍ ജോലി സ്ഥലത്തെത്തി കുട്ടിയെ കണ്ടിരുന്നു. സുമനസുകള്‍ എത്തിച്ചു നല്‍കിയ പുസ്തകങ്ങളും ബാഗും കുട്ടിക്ക് കൈമാറി. ഇന്നലെ രാവിലെയാണ് അമ്മ ലക്ഷ്മി കുട്ടിയെയും കൂട്ടി വിദ്യാലയത്തിലെത്തിയത്.
നാലാംതരം വിദ്യാര്‍ഥികള്‍ സ്‌നേഹനിധിയിലെ തുക ഉപയോഗിച്ച് വാങ്ങിയ പുതുവസ്ത്രങ്ങള്‍ മിഥിലേഷയ്ക്കു കൈമാറി. മൂന്നുമാസം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങാനാണ് കുട്ടിയുടെ മാതാപിതാക്കളുടെ തീരുമാനം.
മധ്യപ്രദേശില്‍ സ്‌കൂളില്‍ പ്രവേശനം നേടിയിട്ടുണ്ടെങ്കിലും മാതാപിതാക്കള്‍ പലയിടങ്ങളില്‍ ജോലിക്കായി പോകുന്നത് കാരണം കുട്ടിക്ക് സ്‌കൂളില്‍ കൃത്യമായി പോകാന്‍ സാധിക്കാറില്ല. ചന്തേരയില്‍ റോഡ് പ്രവൃത്തി നടക്കുമ്പോഴാണ് കുട്ടിയുടെ പഠന മോഹം ചിലര്‍ തിരിച്ചറിയുന്നത്. പാതയോരത്തെ തണലില്‍ പുസ്തകങ്ങള്‍ നിരത്തിവച്ച് പുസ്തകങ്ങളില്‍ എഴുതുകയും വായിക്കുകയും ചെയ്യുകയായിരുന്നു മിഥിലേഷ.
മാതാപിതാക്കളുടെ തൊഴിലിനെ ആശ്രയിച്ച് പഠനമോഹങ്ങള്‍ ഉള്ളില്‍ ഒതുക്കേണ്ടി വരുന്ന നിരവധി മറുനാടന്‍ കുട്ടികളുടെ പ്രതീകം മാത്രമായ ഈ കുട്ടിയെ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെയാണ് താല്‍ക്കാലികമായെങ്കിലും സ്‌കൂളില്‍ എത്തിക്കാന്‍ കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."