മുഖ്യമന്ത്രി വേട്ടക്കാര്‍ക്കൊപ്പം: ഷാനിമോള്‍ ഉസ്മാന്‍
പാലക്കാട്: വേട്ടക്കാര്‍ക്ക് ഒപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലിസ് നില്‍ക്കുന്നതെന്ന് എ.ഐ.സി.സി മുന്‍ സെക്രട്ടറി അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. വാളയാര്‍ അട്ടപ്പള്ളത്ത് ദുരൂഹ സാഹചര്യത്തില്‍ സഹോദരിമാര്‍ മരണമടഞ്ഞ കേസ് പൊലിസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കസബ സി.ഐ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ ശേഷമാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിലും പ്രതികളെ സംരക്ഷിക്കാനാണ് പൊലിസും സര്‍ക്കാരും ശ്രമിക്കുന്നത്. ജിഷയുടെ മരണത്തെ മുന്നില്‍ നിര്‍ത്തി അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരേയുള്ള അക്രമത്തിന് മുന്നില്‍ മൗനം പാലിക്കുകയാണ്. വാളയാര്‍ സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുന്നത് എന്തിനാണെന്നും അത് ആരാണെന്നും പിണറായി വ്യക്തമാക്കണം.
അതുവരെ കോണ്‍ഗ്രസ് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകും. കേരളത്തെ കാല്‍നൂറ്റാണ്ട് പിന്നോട്ട് കൊണ്ടുപോകുന്ന ഭരണമാണ് പിണറായിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
പൊലിസിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് സി.പി.എം ചെയ്യുന്നത്. സ്ത്രീ സുരക്ഷക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഗവണ്‍മെന്റിന്റെ അന്ത്യം വരെ കോണ്‍ഗ്രസ് പ്രസ്ഥാനം സമരവുമായി മുന്നോട്ടുപോകുമെന്നും ഷാനി മോള്‍ കൂട്ടിച്ചേര്‍ത്തു.
എസ്.ഐയെ മാറ്റി നിര്‍ത്തിയതു കൊണ്ടു മാത്രം വാളയാര്‍ സംഭവത്തില്‍നിന്ന് ആഭ്യന്തരവകുപ്പിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് അധ്യക്ഷനായി സംസാരിച്ച ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. ഡി.ജി.പിയില്‍നിന്ന് വ്യക്തമായ മറുപടി പോലും ഇതു സംബന്ധിച്ച് ലഭിക്കുന്നില്ല.
52 ദിവസം മുന്‍പ് മൂത്ത പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ പൊലിസ് തയ്യാറായില്ല. ലൈംഗിക ചൂഷണം നടന്നുവെന്ന് മാതാവ് പറഞ്ഞിട്ടും ഇതേക്കുറിച്ച് അന്വേഷിക്കാതെ പൊലിസ് ഒളിച്ചു കളിക്കുകയായിരുന്നു. അന്ന് പൊലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇളയ പെണ്‍കുട്ടിയുടെ മരണം തടയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ പൊലിസ് നാണം കെട്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പൊലിസിന് സാധിക്കുന്നില്ല. എ.എസ്.പി പൂങ്കുഴലി ചാര്‍ജെടുത്ത ശേഷമായിരുന്നു അട്ടപ്പള്ളത്ത് പെണ്‍കുട്ടികള്‍ മരിക്കുന്നത്. ഡിവൈ.എസ്.പിക്ക് അന്വേഷണ ചുമതല കൊടുത്തതു കൊണ്ടുമാത്രം കാര്യമില്ലെന്നും സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.
ഉന്നതതലത്തില്‍ ഈ സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും സി.പി.എം നേതാക്കള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന സി.ഐ ഓഫിസ് മാര്‍ച്ച് ഓഫിസിന് മുന്നില്‍ പൊലിസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു.
തുടര്‍ന്നു നടന്ന പ്രതിഷേധ യോഗത്തില്‍ വി.എസ് വിജയരാഘവന്‍, സി.വി ബാലചന്ദ്രന്‍, സി ചന്ദ്രന്‍, എ രാമസ്വാമി, എസ്.കെ അനന്തകൃഷ്ണന്‍, കെ ഗോപിനാഥ്, പി.വി രാജേഷ്, എ സുമേഷ്, ശാന്താ ജയറാം, കെ.ഐ കുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."