കാഞ്ഞങ്ങാട്ട് ലക്ഷങ്ങളുടെ പാന്‍മസാല പിടിച്ചെടുത്തു; മൂന്ന് യു.പി സ്വദേശികള്‍ പിടിയില്‍
കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നു ലക്ഷങ്ങളുടെ പാന്മസാലകളും ലഹരി മിഠായികളുമായി മൂന്ന് യു.പി സ്വദേശികളെ ഹൊസ്ദുര്‍ഗ് പൊലിസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കോട്ടച്ചേരി പെട്രോള്‍ പമ്പിനു സമീപം റഹ്മത്ത് ഷോപ്പിങ് കോംപ്ലക്സിനുപിറകില് ശ്രമിക് ഭവന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ നിന്നുമാണ് പൊലിസ് ലക്ഷങ്ങള്‍ വിലമതിക്കുന്ന പാന്‍മസാലകള്‍ പിടികൂടിയത്. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഈ ക്വാര്‍ട്ടേഴ്സ് കഴിഞ്ഞ കുറച്ചുനാളായി നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെ ഹൊസ്ദുര്‍ഗ് എസ്.ഐ എ. സന്തോഷ്കുമാറും സംഘവും ക്വാര്‍ട്ടേഴ്സിലെത്തി വാതിലില്‍ തട്ടിയെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപൊളിച്ച് അകത്തുകടന്നാണ് പാന്‍ ഉല്പന്നങ്ങള് പിടികൂടിയത്.
ഉത്തരേന്ത്യയിലെ ഖോരക്പൂര്‍ സ്വദേശികളായ ദീപക്(21), പ്രമോദ് (35), ദീപക് (19) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഉത്തരേന്ത്യന്‍ സ്വദേശി ധനിറാം ക്വാര്‍ട്ടേഴ്സിന്റെ പിറകുവശത്ത് കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയെത്തിച്ച ലഹരി ഉല്പന്നങ്ങളാണ് പിടികൂടിയവയില്‍ ഏറെയും. ചാക്കുകളില്‍ കെട്ടിനിറച്ച കെട്ടുകണക്കിന് പാക്കറ്റ് പാന്‍ ഉല്പന്നങ്ങള്, പാന്‍ മസാല ഉണ്ടാക്കാനുള്ള അടക്ക, പുകയില തുടങ്ങിയ അസംസ്കൃത വസ്തുക്കള്‍, ലഹരി മിഠായികള്‍, പാന്‍ മസാല പാക്ക് ചെയ്യുന്നതിനുള്ള ഉപകരണം തുടങ്ങിയവയാണ് പിടികൂടിയത്. ഇതിനുലക്ഷങ്ങള് വിലവരുമെന്ന് പൊലിസ് പറഞ്ഞു.
ആറുമാസത്തിലധികമായി ഈ ക്വാര്‍ട്ടേഴ്സില്‍ ആരുടെയും ശ്രദ്ധയില്പെടാത്ത വിധത്തില്‍ ലഹരി ഉല്പന്നങ്ങളുടെ വില്പന നടന്നുവരുന്നതായാണ് വിവരം. കാഞ്ഞങ്ങാട്, നീലേശ്വരം, രാജപുരം, പാണത്തൂര്‍ തുടങ്ങിയ നഗരങ്ങളിലെ മിക്ക കടകളിലേക്കും ഇവിടെ നിന്നുമാണ് മൊത്തമായി പാന്‍ ഉല്പന്നങ്ങള് വിതരണം ചെയ്തിരുന്നതെന്നാണ് പൊലിസിന് കിട്ടിയ വിവരം. എസ്.ഐ സന്തോഷ്കുമാറിനെ കൂടാതെ സീനിയര്‍ പൊലിസ് ഓഫിസര്‍മാരായ പി. സുരേന്ദ്രന്, ബി.കെ പ്രസാദ്, കെ. പ്രഭേഷ്കുമാര്‍, പി. സതീശന് എന്നിവരാണ് പാന്വേട്ടക്ക് നേതൃത്വം നല്‍കിയത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."