മയക്കുമരുന്ന് കുത്തിവെയ്ക്കാനുപയോഗിക്കുന്നസിറിഞ്ചും സാമഗ്രികളും കണ്ടെടുത്തു
ആലപ്പുഴ: പറമ്പില്‍ പുല്ലുവെട്ടാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളുടെ മണ്‍വെട്ടിയിലേയ്ക്ക് വീണത് നിരവധി സിറിഞ്ചുകള്‍. പിന്നാലെ മയക്കുമരുന്ന് ഉപയോഗത്തിന്റേയും കഞ്ചാവ് പുകയ്ക്കുന്നതിന്റേയും സാധനസാമഗ്രികള്‍.
ഇന്നലെ രാവിലെ പൂങ്കാവ് എസ്.സി.എം.വി യു.പി സ്‌കൂളിന് കിഴക്ക് വശം വടക്കോട്ടുള്ള റോഡിന് സമീപത്തെ മതില്‍കെട്ടിനുള്ളില്‍ പണിയ്‌ക്കെത്തിയവര്‍ക്കാണ് കഞ്ചാവുസംഘം ഉപയോഗിക്കുന്ന സാധനങ്ങള്‍ കിട്ടിയത്. ഉടന്‍ തന്നെ പഞ്ചായത്തംഗം സുജ അനിലുമായി ബന്ധപ്പെടുകയും ഇവര്‍ എക്‌സൈസിനെ അറിയിക്കുകയുമായിരുന്നു.
സ്ഥലത്തെത്തിയ സംഘം ഇവിടെ നിന്നും കണ്ടെടുത്ത സാമഗ്രികള്‍ പരിശോധിച്ചു. ഇവ മയക്കുമരുന്ന് ഉപയോഗത്തിന്റേതാണെന്ന് ഇവര്‍ പറഞ്ഞു.
രാത്രികാലങ്ങളില്‍ ബൈക്കിലെത്തുന്ന കൗമാരക്കാരുടെ സംഘം ഈ ഭാഗങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ എക്‌സൈസിനോട് പറഞ്ഞു. സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കൊപ്പം ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള യുവാക്കളും മയക്കുമരുന്ന് ഉപയോഗത്തിനും വിപണനത്തിനുമായി എത്തുന്നു. ആളൊഴിഞ്ഞ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൂങ്കാവിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ സംഘങ്ങളുണ്ട്.
പരാതി പറയാന്‍ ആരും ധൈര്യപ്പെടുന്നില്ലെന്ന് കണ്ടതോടെയാണ് ഇവിടങ്ങളില്‍ കഞ്ചാവ് സംഘം ചുവടുറപ്പിച്ചിരിക്കുന്നത്.
എക്‌സൈസ് സംഘം പരിശോധന നടത്തുകയും ചിലരെ പിടികൂടുകയും ചെയ്യുമെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാവുന്ന അളവിലുള്ള ലഹരിമാത്രമേ ഇവരുടെ പക്കല്‍ കാണുകയുള്ളൂ.
അതുകൊണ്ടു തന്നെ കൂടുതല്‍ പേര്‍ വിപണനത്തിനും ഉപയോഗത്തിനുമായി തമ്പടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."