മൊത്തവിപണിയില്‍ ഭക്ഷ്യവസ്തു വിതരണത്തിന് നിയന്ത്രണം
കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം തടയുന്നതിന്റെ ഭാഗമായി പൊതുവിപണിയില്‍ മൊത്തവ്യാപാര രംഗത്ത് നിയന്ത്രണം. ഇതിന്റെ ഭാഗമായി ചില്ലറ വിപണിയിലേക്ക് അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ നിയന്ത്രിതമായി മാത്രം നല്‍കിയാല്‍ മതിയെന്നാണ് മൊത്തവ്യാപാരികള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. പൂഴ്ത്തിവയ്പ്പ് തടയുന്നതിന് കൂടിയാണിത്.
രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടുകൂടി ജനം വന്‍തോതില്‍ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. ഇതനുസരിച്ച് ചില്ലറ വ്യാപാരികള്‍ മൊത്തവ്യാപാര ശാലകളില്‍ നിന്ന് മുന്‍പ് വാങ്ങുന്നതിനേക്കാള്‍ കൂടിയതോതില്‍ അരിയും മറ്റു ഭക്ഷ്യധാന്യങ്ങളും ആവശ്യപ്പെടാനും തുടങ്ങി.
ഇതോടെയാണ് ചില്ലറ വ്യാപാരികള്‍ ആവശ്യപ്പെടുന്ന അത്രയും ഭക്ഷ്യധാന്യങ്ങള്‍ നല്‍കേണ്ടതില്ലെന്ന് മൊത്തവ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അവര്‍ മുന്‍കാലങ്ങളില്‍ വാങ്ങിയിരുന്നതിന് ആനുപാതികമായി മാത്രം ഭക്ഷ്യവസ്തുക്കള്‍ നല്‍കിയാല്‍ മതിയെന്ന് പൊലിസും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും നിര്‍ദേശം നല്‍കിയതായി എറണാകുളം മാര്‍ക്കറ്റിലെ അരി മൊത്തവ്യാപാരി 'സുപ്രഭാത 'ത്തോട് പറഞ്ഞു.
നിലവില്‍ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് സംസ്ഥാനത്ത് ക്ഷാമമൊന്നുമില്ല. എന്നാല്‍, വരുംവാരങ്ങളില്‍ ക്ഷാമം ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ പൂഴ്ത്തിവയ്പ്പിന് സാധ്യതയുണ്ട്. ഇത്തരം നീക്കങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് മൊത്തവ്യാപാരികള്‍ക്ക് നിയന്ത്രണ നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും 15 കിലോ വീതം അരി റേഷന്‍കടകള്‍ വഴി നല്‍കുമെന്ന അറിയിപ്പ് വന്നതോടുകൂടി കരിഞ്ചന്ത സാധ്യത മങ്ങുകയും ചെയ്തു. നിലവില്‍ മത്സ്യം, പച്ചക്കറി എന്നിവയ്ക്കാണ് ഗണ്യമായ വിലക്കയറ്റം അനുഭവപ്പെടുന്നത്. പല പച്ചക്കറി ഇനങ്ങള്‍ക്കും ഇരട്ടിയോളമായാണ് വില വര്‍ധിച്ചിരിക്കുന്നത്. ഉള്ളിക്കും മറ്റും ഇരട്ടിയിലധികം വില വര്‍ധിച്ചു. ഇത് സംസ്ഥാനത്തെ പച്ചക്കറി വ്യാപാരികള്‍ വര്‍ധിപ്പിച്ചതല്ലെന്നും കേരളത്തിലെ അവസ്ഥ കണ്ടറിഞ്ഞ് കര്‍ണാടകയിലെ മൊത്തവ്യാപാരികള്‍ അപ്രതീക്ഷിതമായി വില ഉയര്‍ത്തിയതാണെന്നും എറണാകുളം മാര്‍ക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരി പറയുന്നു.
ചരക്കുഗതാഗതം തടഞ്ഞിട്ടില്ലെങ്കിലും സംസ്ഥാനത്തെ പല ഉള്‍പ്രദേശങ്ങളിലേക്കും പച്ചക്കറി നീക്കത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇതും വിലവര്‍ധനക്ക് കാരണമായിട്ടുണ്ട്. ഭക്ഷ്യധാന്യരംഗത്തേത് പോലെ പച്ചക്കറി വിപണനരംഗത്തും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ വന്‍ വിലക്കയറ്റത്തിന് സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."