അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി; കോള്‍ മേഖല പ്രതിസന്ധിയില്‍
അന്തിക്കാട്(തൃശൂര്‍): കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയതോടെ കോള്‍ നിലത്തെ 10,000 ഏക്കറില്‍ കൊയ്ത്ത് പ്രതിസന്ധിയില്‍. കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവര്‍മാരും കേടുപാടുകള്‍ തീര്‍ക്കുന്നവരും ഇതരസംസ്ഥാന തൊഴിലാളികളാണ്.ഇതുമൂലം കൊയ്ത്ത് തുടങ്ങിയ ജില്ലയിലെ വിവിധ കോള്‍ പടവുകളില്‍ ഇത് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.പഴുവില്‍,ചേര്‍പ്പ്, അരിമ്പൂര്‍, മനക്കൊടി, ഏനാമാക്കല്‍ തുടങ്ങി നിരവധി കോള്‍ പടവുകളില്‍ കൊയ്ത്ത് തുടങ്ങിയിട്ടുണ്ട്. ഈ പടവുകളിലെ നിരവധി കര്‍ഷകര്‍ ആശങ്കയിലാണ്. മിക്കയിടത്തും യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഡ്രൈവര്‍മാരെ എങ്ങനെയെങ്കിലും സംഘടിപ്പിച്ചാല്‍ തന്നെ യന്ത്രത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയാണ്.എന്തു ചെയ്യണമെന്നറിയാതെ കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്.
കേരളത്തില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്ന് കുടുംബക്കാര്‍ ഇതരസംസ്ഥാന തൊഴിലാളികളെ അവരവരുടെ നാടുകളിലേക്ക് തിരിച്ചുവിളിക്കുയായിരുന്നു.ചില പടവുകളില്‍ വേനല്‍മഴയില്‍ നെല്‍ച്ചെടികള്‍ വ്യാപകമായി ഒടിഞ്ഞു വീണ നിലയിലാണ്. കൊയ്ത്ത് ഇനിയും വൈകിയാല്‍ ഏകദേശം 35,000 ടണ്‍ നെല്ല് നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. അതേ സമയം കൊവിഡിന്റെ പശ്ചാത്തലത്തിലും കൊയ്ത്തും നെല്ല് സംഭരണവും അവശ്യ സര്‍വിസായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് കര്‍ഷകരുടെ ഏക പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."