ഭീഷണിപ്പെടുത്തി സമരത്തില്‍നിന്ന് പിന്‍മാറ്റാന്‍ നോക്കേണ്ടെന്ന് സി.പി.എം
നിലമ്പൂര്‍: നഗരസഭാ ഭരണസമിതിക്കെതിരേ സിപിഎം നടത്തിയ സമരത്തില്‍ യു.ഡി.എഫ് ആകുലപ്പെടുന്നതിന്റെ കാര്യം മനസ്സിലാവുന്നില്ലെന്ന് നിലമ്പൂര്‍ നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നഗരസഭാ ഭരണസമിതിയുടെ ജനവിരുദ്ധ വികസന വിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായ തുടര്‍സമരങ്ങള്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കും.
കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനോ പുഴകളെയും ജല സ്രോതസുകളെയും സംരക്ഷിക്കാനോ നടപടിയെടുത്തില്ല. കക്കൂസ് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴയിലേക്ക് തള്ളിവിടുന്ന അവസ്ഥയാണുള്ളത്. കുടിവെള്ളം എത്തിക്കാന്‍ 28 കോടി രൂപ ചെലവില്‍ കൊണ്ടുവന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പലവട്ടം നടത്തിയതല്ലാതെ കമ്മിഷന്‍ ചെയ്യാന്‍ ഇതുവരെയും സാധിച്ചില്ല.
ചന്തക്കുന്നില്‍ 15 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഹൈമാസ് ലൈറ്റ് പ്രവര്‍ത്തിക്കുന്നില്ല. ചന്തക്കുന്ന് മാര്‍ക്കറ്റ് പരിസരത്തടക്കം മാലിന്യം കൂമ്പാരം കെട്ടിക്കിടക്കുമ്പോഴാണ് മാലിന്യ രഹിത നഗരസഭയെന്ന പ്രഖ്യാപനവുമായി യുഡിഎഫ് മുന്നോട്ടു പോവുന്നത്. കരിമ്പുഴ വാര്‍ഡില്‍ വികസന പ്രവര്‍ത്തനത്തിന് യുഡിഎഫ് ഭരണസമിതി ഔദാര്യം ചെയ്തു എന്ന രീതിയില്‍ നടക്കുന്ന പ്രചരണം തെറ്റാണ്. എല്ലാ ഡിവിഷനിലും 3.60 ലക്ഷം രൂപവീതം നീക്കി വച്ചിട്ടുണ്ട്.
എം.പി, എം.എല്‍.എ ഫണ്ടുകള്‍, എസ്.സി ഫണ്ട് എന്നിവ ഉപയോഗിച്ചാണ് ഇവിടെ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സമരത്തിന് പാര്‍ട്ടി തയാറാകുമെന്നും കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്‍ വേലുക്കുട്ടി, നൈസി സജീവ്, ഗീതാ വിജയന്‍, അസ്‌റത്ത് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."