അപകട ഭീഷണിയുയര്‍ത്തി വാട്ടര്‍ അതോറിറ്റിയുടെ കുഴി
ആറ്റിങ്ങല്‍: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ ഘടിപ്പിച്ചിട്ടുള്ള വാല്‍വിന്റെ കോണ്‍ക്രീറ്റ് കുഴി യാത്രികര്‍ക്ക് അപകടഭീതി പരത്തുന്നു. ആറ്റിങ്ങല്‍ വലിയകുന്ന് ജലവിതരണകേന്ദ്രത്തില്‍ നിന്ന് മൂന്നുമൂക്കിലേക്ക് തിരിയുന്ന പൈപ്പിലെ വാല്‍വിന്റെ കോണ്‍ക്രീറ്റ് ഭാഗമാണ് റോഡ്‌നിരപ്പില്‍ നിന്ന് താഴ്ന്നു കോണ്‍ക്രീറ്റ് അടര്‍ന്നു കമ്പികള്‍ പുറത്തു കാണത്തക്കവിധം നിലകൊള്ളുന്നത്.
ഇതുവഴിയാണ് ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ വിവിധ ലാബുകളിലേക്കും മെഡിക്കല്‍ സ്റ്റോറുകളിലേക്കും പോകുന്നത്. ഇവിടെയാണ് ഓട്ടോ സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്നതും. വാട്ടര്‍ അതോറിറ്റിയുടെ മൂക്കിനുതാഴെയുള്ള കുഴി രൂപപ്പെട്ടിട്ട് നാളുകളായെങ്കിലും അറ്റകുറ്റപണികള്‍ നടത്താന്‍ ഇതുവരെ തയാറായിട്ടില്ല. മൂന്നുമുക്ക് ഭാഗത്ത് പൈപ്പ്‌പൊട്ടല്‍ ഉണ്ടായാല്‍ ഈ വാല്‍വിലാണ് ജലവിതരണം നിയന്ത്രിക്കുന്നത്. ഇതിന്റെ എതിര്‍വശത്തായി അവനവഞ്ചേരി ഭാഗത്തേക്കുള്ള വാല്‍വിന്റെ ഇരുമ്പ് പാളിയില്‍ തീര്‍ത്ത മൂടി മാസങ്ങള്‍ക്ക് മുന്‍പ് ഉയര്‍ത്തിയത് പോലും ഇപ്പോഴും തറനിരപ്പില്‍ നിന്ന് ഉയര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
വെഞ്ഞാറമൂട്, വാമനപുരം, ഊരുപൊയ്ക എന്നീ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ബസില്‍ കയറുന്നതും ആറ്റിങ്ങല്‍ ഭാഗത്തുനിന്ന് ആശുപത്രിയില്‍ എത്തുന്ന രോഗികളും വൃദ്ധരും ബസില്‍ നിന്നിറങ്ങുന്ന ഭാഗത്താണ് ഇത്തരത്തില്‍ ഇരുമ്പ് മൂടി ഉയര്‍ന്നു നില്‍ക്കുന്നത്. ജനങ്ങള്‍ ഇതില്‍ കാല് തട്ടിവീണു പരുക്കേല്‍ക്കുന്നത് പതിവാണ്. ഇതേപ്പറ്റി പരാതികള്‍ പറഞ്ഞിട്ടും അധികൃതര്‍ക്ക് യാതൊരു ഭാവമാറ്റവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."