മിന്നും താരമായി കനയ്യ
കൊല്ലം: പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചകളില്‍ നേതൃത്വത്തെ വിമര്‍ശിച്ച, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉദയം കൊണ്ട് യുവനേതാക്കള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്ന മുഖമാണ് ജെ.എന്‍.യു സമര നേതാവ് കനയ്യ കുമാര്‍. ആള്‍ക്കൂട്ടത്തെ കൈയിലെടുക്കുന്ന പ്രസംഗമാണ് കനയ്യയുടെ കൈമുതല്‍. ഇന്നലെ കൊല്ലത്തെ സമാപന സമ്മേളനത്തിലും കത്തിക്കയറിയ കനയ്യ സി.പി.ഐയുടെ ദേശീയ നേതൃത്വത്തിലെ ഭാവി വാഗ്ദാനമാണ്.
സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കനയ്യ കുമാറിനെ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തു. ഇതോടെ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ മുഖ്യപ്രചാരകന്റെ റോളില്‍ എത്തുക കനയ്യയാകുമെന്ന കാര്യം ഉറപ്പായി.
മികച്ച രാഷ്ട്രീയ ദിശാബോധവും പ്രസംഗപാഠവവും ഉള്ള കനയ്യ കുമാര്‍ സി.പി.ഐയുടെ ദേശീയ മുഖമായി ഭാവിയില്‍ മാറുമെന്ന കാര്യം ഉറപ്പാണ്. ജെ.എന്‍.യു കാംപസിലെ കനയ്യയുടെ പ്രസംഗം അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രസംഗങ്ങളില്‍ ഒന്നായിരുന്നു.
അന്ന് സി.പി.ഐക്ക് നല്ലൊരു നേതാവിനെയാണ് കനയ്യയിലൂടെ കിട്ടിയതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞത്.
രാഷ്ട്രീയം മറന്ന് എല്ലാവരും അന്ന് കനയ്യയുടെ പ്രസംഗത്തെ അഭിനന്ദിക്കുകയുണ്ടായി. അരവിന്ദ് കേജിരിവാള്‍ 'ഉജ്വല പ്രസംഗം' എന്നാണ് ട്വിറ്ററില്‍ കുറിച്ചത്.എ.ഐ.വൈ.എഫ് നേതാവായിരുന്ന കനയ്യ കേരളത്തില്‍ അടക്കം തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി.
കനയ്യയുടെ കൂട്ടാളിയായ മുഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പിയുടെ എം.എല്‍.എയായി മാറി.അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ മത്സര രംഗത്തുണ്ടാകുമെന്നാണ് വിവരം. ഇക്കാര്യം കനയ്യ തന്നെ അടുത്തിടെ വ്യക്തമാക്കുകയുണ്ടായി. ബിഹാറില്‍ നിന്നാകും അദ്ദേഹം സ്ഥാനാര്‍ഥിയാകുക. ബിഹാറില്‍ ഇത്തവണ മഹാസഖ്യത്തിനുള്ള സാധ്യത നിലവിലുണ്ട്. അതിനാല്‍ രാഷ്ട്രീയ ജനതാദള്‍, കോണ്‍ഗ്രസ്, ഇടതുപക്ഷം എന്നിവര്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കി പൊതു സ്ഥാനാര്‍ഥിയാകാന്‍ ആവശ്യപ്പെട്ട് പണം സമാഹരിച്ച് തന്നാല്‍ താന്‍ മത്സരിക്കുമെന്നാണ് കനയ്യയുടെ നിലപാട്.
കൊല്ലത്ത് ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനസമ്മേളനത്തില്‍ നേതാക്കള്‍ വേദിയിലെത്തുന്നതിന് മുന്‍പ് ഉശിരന്‍ മുദ്രവാക്യം വിളികളുമായി ചാനലുകളുടെ ലൈവ് പരിപാടിയെ കൊഴുപ്പിച്ചതും കനയ്യ തന്നെ.
ഇടതു ഐക്യം ഊട്ടിയുറപ്പിക്കാന്‍ ആഹ്വാനം ചെയ്ത പാര്‍ട്ടി കോണ്‍ഗ്രസ് രാജ്യത്തെ ഇടതുപക്ഷത്തിന് സമ്മാനിച്ച യുവ പ്രതീക്ഷയായിരുന്നു വിളംബരനാട്ടില്‍ കനയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."