വില്ലേജ് ജനകീയ സമിതികള്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നു
രാമപുരം: വില്ലേജ് ഓഫിസര്‍മാര്‍ കണ്‍വീനര്‍മാരായുള്ള വില്ലേജ് ജനകീയ സമിതികള്‍ ഉദ്യോഗസ്ഥര്‍തന്നെ അട്ടിമറിക്കുന്നു. മിക്ക വില്ലേജ് ഓഫിസുകളിലും ഈ ജനകീയസമിതികള്‍ വെറും പേപ്പര്‍ സമിതികള്‍ മാത്രമായി ഒതുങ്ങുകയാണ്. സമിതി അംഗങ്ങള്‍ക്ക് അറിയിപ്പുനല്‍കാതെ സമിതി എല്ലാമാസവും ചേരുന്നുണ്ട്.
തെറ്റായ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് നല്‍കി സമിതി ചേര്‍ന്നു എന്ന് വരുത്തിതീര്‍ക്കുകയാണ് ഭൂരിഭാഗം വില്ലേജ് ഓഫിസര്‍മാരും. ഓഫിസുകളുടെ പ്രവര്‍ത്തനം സുഗമമായി നടക്കാനാണ് സര്‍ക്കാര്‍ ഇത്തരം സമിതികള്‍ക്ക് രൂപംകൊടുത്തിട്ടുള്ളത്. എല്ലാമാസത്തിലേയും മൂന്നാമത്തെ ശനിയാഴ്ച സമിതി ചേരണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. മൂന്നാം ശനിയാഴ്ച അവധിദിനമോ മറ്റ് സാങ്കേതിക തടസമോ വന്നാല്‍ അടുത്ത പ്രവൃത്തിദിനത്തില്‍ സമിതി ചേരണമെന്നും നിര്‍ദേശത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
കണ്‍വീനറായ വില്ലേജ് ഓഫിസറെക്കൂടാതെ വില്ലേജ് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റ്, നിയമസഭയിലോ ലോകസഭയിലോ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍, അതാത് വില്ലേജ് പരിധിയിലുള്ള പഞ്ചായത്തംഗങ്ങള്‍, കൂടാതെ എം.പി, എം.എല്‍.എ എന്നിവരുടെ ഓരോ പ്രതിനിധികള്‍ എന്നിവരാണ് സമിതിയംഗങ്ങള്‍.
പുറംപോക്ക് സ്ഥലം കൈയേറല്‍, പാടം നികത്തല്‍, വരള്‍ച്ചാദുരിതാശ്വാസം, പ്രകൃതിക്ഷോഭ ദുരിതാശ്വാസം തുടങ്ങി റവന്യുസംബന്ധമായ ഒട്ടനവധി കാര്യങ്ങള്‍ ചര്‍ച്ചചെയ്തു നടപടിക്കായി നിര്‍ദേശം നല്‍കുന്നത് ഇതിലൂടെയാണ്.
മീനച്ചില്‍ താലൂക്കില്‍ ഇരുപത്തിയെട്ട് വില്ലേജ് ഓഫിസുകളാണുള്ളത്. ഇതില്‍ ഏതാനും ചില നാമമാത്രമായ വില്ലേജ് ഓഫിസുകളില്‍ മാത്രമാണ് സമിതികള്‍ ചേരുന്നത്. ഇക്കാര്യത്തില്‍ തഹസീല്‍ദാര്‍മാരുടെ ഇടപെടല്‍ യഥാസമയങ്ങളില്‍ ഉണ്ടാകാത്തതാണ് സമിതികള്‍ അട്ടിമറിക്കാന്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് പ്രേരണയാകുന്നതെന്നും ആക്ഷേപമുണ്ട്.
യഥാസമയം വില്ലേജ് ജനകീയ സമിതികള്‍ ചേരണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."