ഇസ്റാഈല്‍ കിരാത നടപടിക്കെതിരെ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് സഊദി
റിയാദ്: ഫലസ്തീനികള്‍ക്കെതിരെ നരനായാട്ട് നടത്തുന്ന ഇസ്റാഈല്‍ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്ന് സഊദി അറേബ്യ. ഇസ്റാഈല്‍ നടപടിക്കെതിരെ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും സഊദി ആവശ്യപ്പെട്ടു. പശ്ചിമേഷ്യന്‍ പ്രശ്നവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭ രക്ഷാ സമിതി ചര്‍ച്ചയിലാണ് സഊദിയുടെ നയം വ്യക്തമാക്കി യു.എന്നിലെ സഊദി സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമി ഇക്കാര്യം ആവശ്യപ്പെട്ടത്. അടുത്ത ദിവസങ്ങളില്‍ പോലും സാധാരണക്കാരെ കൊലപ്പെടുത്തുകയാണ് ഇസ്രാഈല്‍ സൈന്യം.
പ്രതിഷേധക്കാരെ കൊലപ്പെടുത്തിയ ഇസ്റാഈല്‍ ആക്രമണങ്ങളില്‍ അന്വേഷണം നടത്തുന്നതിനും ഇസ്രാഈലിനോട് കണക്ക് ചോദിക്കുന്നതിനും അന്താരാഷ്ട്ര കമ്മിറ്റി രൂപീകരിക്കണമെന്നും അറബികളെ സംബന്ധിച്ചിടത്തോളം ഫലസ്തീനും ജറുസലേമും അടക്കം 1967ല്‍ ഇസ്റാഈല്‍ പിടിച്ചടക്കിയ പ്രദേശങ്ങളുടെ മേലുള്ള ഫലസ്തീന് രാഷ്ട്രത്തിന്റെ പരമാധികാരവും പരമ പ്രധാനവുമായ പ്രശ്നവുമാണ് അദ്ദേഹം പറഞ്ഞു.
സിറിയയിലെ ഗോലാന്‍ കുന്നുകള്‍ അടക്കമുള്ള മുഴുവന്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്നും ഇസ്റാഈല്‍ പിന്‍വാങ്ങേണ്ടത് അത്യാവശ്യമാണ്. 2002 ലെ അറബ് സമാധാന പദ്ധതിക്ക് അനുസൃതമായി അറബ് ഇസ്റാഈല്‍ സംഘര്‍ഷത്തിന് പരിഹാരം കാണണമെന്നാണ് സഊദിയുടെ ഉറച്ച നിലപാട്. ഇക്കാര്യം സഊദി ഭരണാധികാരി അറബ് ഉച്ചകോടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജറൂസലം ആസ്ഥാനമായി സ്വതന്ത്ര രാഷ്ട്ര സ്ഥാപനം അടക്കം നിയമാനുസൃതമായ മുഴുവന്‍ അവകാശങ്ങളും ഫലസ്തീന് ജനതക്ക് ലഭിക്കുന്നത് വരെ തങ്ങളുടെ ഒന്നാമത്തെ പ്രശ്നമായി ഫലസ്തീന് പ്രശ്നം തുടരുമെന്ന സല്മാന് രാജാവിന്റെ പ്രഖ്യാപനം അദ്ദേഹം എടുത്തു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."