പ്രാദേശിക കര്‍മ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി മൂപ്പൈനാട് പഞ്ചായത്ത്
വടുവന്‍ചാല്‍: കാലാവസ്ഥാ വ്യതിയാനത്തെ പ്രധിരോധിക്കുന്നതിനാവശ്യമായ പ്രാദേശിക കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാനൊരുങ്ങി മൂപ്പൈനാട് പഞ്ചായത്ത്.
പഞ്ചായത്ത് ഭരണ സമിതി, പഞ്ചായത്ത് തല ബയോഡൈവേഴ്‌സിറ്റി മനേജ്‌മെന്റ് കമ്മിറ്റി, ഹരിത കേരളാ മിഷന്‍ പഞ്ചായത്ത് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കലാണ് കര്‍മ പദ്ധതിയുടെ ആദ്യഘട്ടം. പഞ്ചായത്ത് ബയോഡൈവേഴ്‌സിറ്റി മനേജ്‌മെന്റ് കമ്മിറ്റിയുടെയും ബന്ധപ്പെട്ട വര്‍ക്കിങ് ഗ്രൂപ്പിന്റെയും നേതൃത്വത്തില്‍ വാര്‍ഡ്തല ബയോഡൈവേഴ്‌സിറ്റി കമ്മിറ്റികളുടെയും സ്‌കൂള്‍തല ബയോഡൈവേഴ്‌സിറ്റി കമ്മിറ്റികളുടെയും സഹകരണത്തോടെയാണ് ഗ്രാമസഭകള്‍, സ്‌കൂള്‍ ക്ലാസുകള്‍ എന്നിവ മുഖേനയാണ് കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവല്‍കരണം നടത്തുക.
ദീര്‍ഘകാലത്തേക്ക് കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് സാധിക്കുന്ന തരത്തില്‍ പ്രകൃതിയുടെ മനുഷ്യന്റെ അന്യായ ഇടപെടലുകളെ നിയന്ത്രിക്കുന്നതിന് പദ്ധതി ആസൂത്രണം നടത്താനും കേരളത്തിലെ പഞ്ചായത്തുകള്‍ക്ക് ഈ മേഖലയില്‍ ഇടപെടാന്‍ സാധിക്കുന്ന തരത്തില്‍ ഒരു പഠന റിപ്പോര്‍ട്ട് തയാറാക്കാനും ഇതു സംബന്ധമായി ചേര്‍ന്ന ബി.എം.സി, വര്‍ക്കിങ് ഗ്രൂപ്പ്, പരിസ്ഥിതി പ്രവര്‍ത്തകര്‍, മേഖലയിലെ വിദഗ്ധര്‍ എന്നിവരുടെ ഫോക്കസ് ഗ്രൂപ്പ് ഡിസ്‌കഷന്‍ തീരുമാനിച്ചു.
കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെയും പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുക. യോഗം എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് കാപ്പന്‍ ഹംസ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാര്‍, അംഗങ്ങള്‍ സംസാരിച്ചു. ബഷീര്‍ ആനന്ദ് ജോണ്‍, പശ്ചിമഘട്ട വികസന സമിതി കണ്‍വീനര്‍ പ്രകാശന്‍, വിജിനറ്റ് ഡയറക്ടര്‍ സ്റ്റാന്‍ലി, ഹരി ആര്‍. നായര്‍, ഡോ. അനില്‍ കുമാര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."