വിവാഹത്തട്ടിപ്പ് വീരന് പുതിയാപ്ല മജീദിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി
നിലമ്പൂര്‍: വിവാഹപരസ്യം നല്കി യുവതിയെ പരിചയപ്പെട്ടു സ്വര്‍ണാഭരണം തട്ടിയെടുത്ത കേസില്‍ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതി പട്ടാമ്പി വല്ലപ്പുഴ മജീദ് എന്ന പുതിയാപ്ല മജീദിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. കോട്ടക്കല്‍ വെട്ടിച്ചിറയില്‍ താമസിച്ചുവരുന്ന പ്രതി നേരത്തെ സമാന കേസില്‍ മഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയശേഷം വിവിധ സ്ഥലങ്ങളില്‍ വീണ്ടും തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിരുന്നു.
ഒരു ജോലിയും ഇല്ലാതിരിക്കെ കഴിഞ്ഞ പത്തു മാസത്തിനിടെ രണ്ടു ബാങ്ക് അക്കൗണ്ടുകളിലായി 11.5 ലക്ഷം രൂപയുടെ ഇടപാടും ഇയാള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കൈവശമുണ്ടായിരുന്ന ഡ്രൈവിങ് ലൈസന്‍സുകളും വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. പട്ടാമ്പി ആര്.ടി.ഒ ഓഫിസിന്റെ പേരിലുള്ളതാണ് ലൈസന്‍സ്. ഇതിലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
ലൈസന്‍സ്, ഐ.ഡി കാര്‍ഡുകള്‍, സിം കാര്‍ഡുകള്‍ എന്നിവ തരപ്പെടുത്തിനല്കിയതു നേരത്തെ കോഴിക്കോട് ജയിലില്‍വച്ചു പരിചയപ്പെട്ട മറ്റൊരു പ്രതിയാണെന്ന് അന്വേഷണത്തിനിടെ തെളിഞ്ഞു. ഇയാള്‍ ഉപയോഗിച്ചിരുന്ന വ്യാജ സിംകാര്‍ഡുകള്‍ നല്കിയ കൊപ്പത്തെയും രാമനാട്ടുകരയിലെയും മൊബൈല്‍ കടയുടമകളെയും പൊലിസ് ചോദ്യംചെയ്തു. തമിഴ്നാട്ടില്‍നിന്നു യാതൊരു രേഖയും ഹാജരാക്കാതെ 200 രൂപയ്ക്ക് ഏതു സിംകാര്‍ഡുകളും ലഭിക്കുമെന്നു പ്രതി മൊഴിനല്‍കിയിട്ടുണ്ട്.
കൂട്ടുപ്രതിക്കായുള്ള അന്വേഷണവും നടക്കുന്നുണ്ട്. ഈ സിം ഉപയോഗിച്ച് വിളിച്ചാണ് യുവതികളെ പ്രതി സ്വാധീനിച്ചിരുന്നത്. നിലമ്പൂരിലെ യുവതിയില്‍നിന്നു തട്ടിയെടുത്ത പാദസരം പട്ടാമ്പിയിലെ ജ്വല്ലറിയില്‍നിന്നു പൊലിസ് കണ്ടെടുത്തു. പെരിന്തല്‍മണ്ണയിലും വടക്കാഞ്ചേരിയിലും എറണാകുളം ചേരാനെല്ലൂരും ഇയാള്‍ക്കെതിരേ കേസുകളുണ്ട്. 10 പവന്റെ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തെന്ന പാലക്കാട് സ്വദേശിനിയുടെ പരാതിയില്‍ മജീദിനെ വടക്കഞ്ചേരി പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.
വേങ്ങര സ്വദേശികളില്‍നിന്നു വാടകയ്ക്കെടുത്ത ആഢംബര കാറിലാണ് പ്രതിയുടെ സഞ്ചാരം. സാധനങ്ങളെല്ലാം സൂക്ഷിക്കുന്നതും കാറില്‍തന്നെയാണ്. രാത്രി വെട്ടിച്ചിറയിലെ പെട്രോള്‍ പമ്പിലാണ് കാര്‍ സൂക്ഷിക്കുന്നത്. നിലമ്പൂര്‍ സി.ഐ ദേവസ്യയുടെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്.ഐ രാധാകൃഷ്ണന്, എ.എസ്.ഐ അസൈനാര്‍, എന്‍.പി സുനില്‍, ഇ.ജി പ്രദീപ്, സലീല്‍ ബാബു, ജയരാജ് എന്നിവരടങ്ങിയ സംഘമാണ് ഈ കേസില്‍ തുടരന്വേഷണം നടത്തുന്നത്. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."