പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ അട്ടിമറിക്കരുത്: കെ.എച്ച്.എസ്.ടി.യു
മണ്ണാര്‍ക്കാട്: കഴിഞ്ഞ കാലങ്ങളില്‍ വളരെ സുതാര്യമായി നടന്നു കൊണ്ടിരുന്ന പ്ലസ് ടു പ്രാക്റ്റിക്കല്‍ പരീക്ഷാ ഡ്യൂട്ടിക്ക് സമയബന്ധിതമായി ആളെ നിയമിക്കാതെ പ്രഹസനമാകാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് കെ.എച്ച്.എസ്.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡ്യൂട്ടി വിതരണത്തിനായി വിളിച്ചു ചേര്‍ത്ത എക്‌സാമിനര്‍മാരുടെ യോഗത്തില്‍ ഓരോരുത്തരോടും ഇഷ്ടമുള്ള പരീക്ഷാ സെന്റര്‍ തെരഞ്ഞെടുക്കാനാണ് അധികാരികള്‍ ആവശ്യപ്പെട്ടത്. ഇത് പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് അധ്യാപകര്‍ തന്നെ അറിയിച്ചെങ്കിലും ഔദ്യോഗികമായി ഡ്യൂട്ടി ചാര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഡയറക്ടറേറ്റ് തയ്യാറാവാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് യോഗം കുറ്റപ്പെടുത്തി. പ്രൊഫഷണല്‍ കോഴ്‌സുകളിലെ പ്രവേശനത്തിന് വരെ മാനദണ്ഡമാവുന്ന പരീക്ഷയെ പ്രഹസനമാക്കുന്നതിലൂടെ പൊതു വിദ്യാഭ്യാസം ആര്‍ജിച്ചെടുത്ത അക്കാദമിക് നിലവാരത്തെ തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരേ പൊതു സമൂഹത്തിന്റെ പിന്തുണയോടെ പ്രക്ഷോഭ പരിപടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. കൈ.എച്ച്.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. പി. അബ്ദുള്‍ സലീം അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എച്ച് ഫഹദ്, എം.പി സാദിഖ്, സി. സൈതലവി, കെ.കെ നജ്മുദ്ധീന്‍, കെ.കെ മുഹമ്മദ് അമീന്‍, സി.പി മൊയ്തീന്‍, കെ. സത്യനാരായണന്‍, എം.ടി ഇര്‍ഫാന്‍, ഒ. മുഹമ്മദ് അന്‍വര്‍, പി.സി.എം ഹബീബ്, ഹുസ്‌നി മുബാറക്ക് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."