റോ റോ ഉദ്ഘാടനം വിവാദത്തില്‍
മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി - വൈപ്പിന്‍ കരകളെ ബന്ധിപ്പിച്ചു കൊണ്ട് കപ്പല്‍ ചാലിനു കുറുകെയുള്ള റോ റോ സര്‍വിസിന്റെ ഉദ്ഘാടനം വിവാദത്തില്‍. നഗരസഭയുടെ ക്ഷണമനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു സര്‍വീസ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ചടങ്ങിനു ശേഷം മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ചത് ലൈസന്‍സ് അടക്കമുള്ള അത്യാവശ്യ രേഖകള്‍ ഇല്ലാത്ത വെസലുകളിലാണെന്നാണ് ഉപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വലിയ ജല വാഹനങ്ങള്‍ക്ക് കപ്പല്‍ ചാലിലൂടെ സര്‍വീസ് നടത്തുന്നതിന് കൊച്ചി തുറമുഖ ട്രസ്റ്റിന്റെ കെ.വി.ഐ ലൈസന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ ഈ ലൈസന്‍സിന് കിന്‍കോയോ നഗരസഭയോ അപേക്ഷിച്ചിരുന്നില്ല. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മിച്ച രണ്ട് റോ റോ വെസലുകളുടെ നടത്തിപ്പു ചുമതല സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ ലാന്റ് നാവിഗേഷന്‍ കോര്‍പറേഷനെയാണ് കൊച്ചി നഗരസഭ ഏല്‍പ്പിച്ചിരിക്കുന്നത്. നടത്തിപ്പുകാര്‍ എന്ന നിലയില്‍ കിന്‍കോ ലൈസന്‍സ് എടുക്കുമെന്നായിരുന്നു നഗരസഭാധികൃതര്‍ കരുതിയിരുന്നത്. എന്നാല്‍ ഉടമയെന്ന നിലയില്‍ നഗരസഭ ലൈന്‍സിന് അപേക്ഷിക്കുമെന്ന് കിന്‍കോയും കരുതി. ഇതോടെയാണ് മദര്‍ഷിപ്പുകള്‍ കടന്നു പോകുന്ന പതിനാറര മീറ്റര്‍ ആഴമുള്ള കപ്പല്‍ ചാലിനു കുറുകെ സര്‍വീസ് നടത്തുന്ന റോറോ വെസലുകള്‍ക്ക് ലൈസന്‍സ് എടുക്കാന്‍ വിട്ടു പോയതെന്നാണ് റിപ്പോര്‍ട്ട്.
കരാര്‍ നല്‍കി രണ്ട് ദിവസത്തിനകം ഇതെല്ലാം ചെയ്യാന്‍ കഴിയില്ലെന്ന് കിന്‍കോ നഗരസഭയെ അറിയിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഇത് ചെവി കൊള്ളാന്‍ മേയര്‍ തയ്യാറായില്ലന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ ഇരു കക്ഷികളും തയ്യാറായില്ല. ഇതിനിടെ വെസലുകള്‍ക്ക് ലൈസന്‍സ് മാത്രമല്ല ഇന്‍ഷുറന്‍സും ഇല്ലായെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി ആരോപിച്ചു. വെസലുകളുടെ നിര്‍മാണം ഒരു വര്‍ഷം മുന്‍പ് പൂര്‍ത്തിയായെന്നും അന്നത്തെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് പുതുക്കിയിട്ടില്ലായെന്നുമാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. ഇനിയും പത്ത് ദിവസം കൂടി റോ റോ നിര്‍ത്തിവയ്ക്കാന്‍ അനുവദിക്കില്ലെന്നും കെ.ജെ ആന്റണി വ്യക്തമാക്കി.
ഫോര്‍ട്ട്‌കൊച്ചി അഴിമുഖത്ത് പതിനൊന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തെ തുടര്‍ന്നാണ് റോ റോയെന്ന ആശയം ഉടലെടുത്തത്. പതിനഞ്ചര കോടി രൂപ ചിലവില്‍ രണ്ട് റോ റോ വെസലുകളും ഇരുകരകളിലും ജെട്ടിയും പണിതെങ്കിലും ജെട്ടിയില്‍ മുറിങ്് സംവിധാനം ഒരുക്കാത്തതിനാല്‍ കഴിഞ്ഞ ജൂണ്‍ മാസം ട്രയല്‍ റണ്‍ നടത്തിയെങ്കിലും സര്‍വീസ് നടത്താനായില്ല . പത്ത് മാസങ്ങള്‍ക്ക് ശേഷം ഉദ്ഘാടനം ചെയ്തപ്പോഴാണ് ലൈസന്‍സിന് അപേക്ഷിക്കാത്ത സംഭവം വിവാദമാകുന്നത്. ഏതായാലും വെസലുകള്‍ മേയ് 10 നു ശേഷം സര്‍വീസ് നടത്തുമെന്നാണ് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."