എല്ലാം ലോക്കായി; കുഞ്ഞുകുട്ടി പരിവാരങ്ങളുമായി നാടണയാന്‍ ഇവര്‍ കാല്‍നടയായി താണ്ടുന്നത് നാഴികകള്‍; നടന്നെത്തുന്നതോ ഇനിയെന്ത് എന്ന അനിശ്ചിതത്വത്തിലേക്കും
ന്യൂഡല്‍ഹി: രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഒരു വിഭാഗത്തിനു മുന്നില്‍ ഈ ലോക്ഡൗണ്‍ ലോക്കാക്കുന്നത് അവരുടെ നാടണയാനുള്ള സംവിധാനങ്ങള്‍ മാത്രമല്ല. നാടണഞ്ഞ ശേഷം വിശപ്പകറ്റാനുള്ള വഴികള്‍ കൂടിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂലിപ്പണിയെടുക്കുന്നവരുടെ അവസ്ഥയാണിത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യമെങ്ങും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്നു തുടങ്ങിയതാണ് അഹമദാബാദില്‍ നിന്ന് ഒരു ചെറുസംഘം. അന്‍പതോളം തൊഴിലാളികളും അവരുടെ കുടുംബവും അടങ്ങുന്ന സംഘം. 150 കിലോമീറ്റര്‍ ദൂരമുണ്ട് രാജസ്ഥാനിലെ അവരുടെ ഗ്രാമത്തിലേക്ക്. കാല്‍നടയായാണ് യാത്ര.
യാത്രയേക്കാള്‍ ഭീതിദമാണ് ഇവരെ സംബന്ധിച്ച് നാട്ടില്‍ തിരിച്ചെത്തിയാലുള്ള നാളുകള്‍. പലരുടേയും കൈകള്‍ ശൂന്യമാണ്. അന്നന്നത്തെ അന്നത്തിനുള്ളത് അന്നന്ന് കണ്ടെത്തുന്നവരാണ് അവര്‍. 21 ദിവസത്തെ ലോക്ഡൗണ്‍ എന്നത് ഇവരെ സംബന്ധിച്ചിടത്തോളം ഒരു വരുമാനവുമില്ലാത്ത 21 ദിവസങ്ങളാണ്. എങ്ങനെ കഴിച്ചു കൂട്ടും ഈ കടമ്പ. കൂടെയുള്ള മക്കളെ നോക്കി രാധേശ്യാം പട്ടേല്‍ എന്നയാള്‍ ചോദിക്കുന്നു.
വൈറസ് ഗുരുതരമാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഒരു വരുമാനവുമില്ലാതെ ഞങ്ങള്‍ എന്തു ചെയ്യും- ഇവര്‍ ചോദ്യമാവര്‍ത്തിക്കുന്നു.
900 കിലോമീറ്റര്‍ സൈക്കിളിലും നടന്നും താണ്ടുന്ന ഒരു സംഘത്തെ കുറിച്ച വാര്‍ത്തകള്‍ കവിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വീട്ടില്‍ പോകണമെന്ന് പറഞ്ഞു കരയുന്ന ഒരു ബാലന്റെ ദൃശ്യങ്ങള്‍ എന്‍.ഡി.ടി.വി പുറത്തു വിട്ടിരുന്നു.
ഈ പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങളുടെ അക്കൗണ്ടില്‍ പണമെത്തിക്കുന്നതുള്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."