രണ്ടു വര്‍ഷത്തോളം മോര്‍ച്ചറിയില്‍ ബന്ധുക്കളുടെ കാരുണ്യം കാത്തുകിടന്നു; ഒടുക്കം പ്രവാസിയുടെ മൃതദേഹം സഊദിയില്‍ മറവു ചെയ്തു
#നിസാര്‍ കലയത്ത്
ജിദ്ദ: രണ്ടു വര്‍ഷത്തോളം മോര്‍ച്ചറില്‍ ബന്ധുക്കളുടെ കാരുണ്യം കാത്തു കിടന്ന പ്രവാസിയുടെ മൃതദേഹം അവസാനം റിയാദ് നഗരസഭ തന്നെ മറവ് ചെയ്തു.
2017 മാര്‍ച്ച് 21നായിരുന്നു തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി സീലന്‍ സെബാസ്റ്റ്യന്‍ (52) വീഴ്ചയ്ക്കിടെ തലയ്ക്ക് പരുക്കേറ്റ് മരിച്ചത്. ഇന്ത്യന്‍ എംബസിയും മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വുരും മൃതദേഹം നാട്ടിലേക്കയയ്ക്കാനായുള്ള രേഖകള്‍ക്കായി നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ വിവിധ കാരണങ്ങാള്‍ പറഞ്ഞ് രേഖകള്‍ നല്‍കാന്‍ മന:പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു.
സീലന്റെ അമ്മക്ക് മൃതദേഹം അവസാനമായി ഒരു നോക്ക് കാണാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും മറ്റു ബന്ധുക്കളായിരുന്നു മൃതദേഹം അയക്കുന്നതിനു തടസ്സമായത്. സഹോദരീ പുത്രനായിരുന്നു പ്രധാന തടസ്സം. അവര്‍ ആവശ്യപ്പെട്ടത് പ്രകാരം സീലന്റെ സര്‍വീസ് മണിയും മറ്റു കുടിശ്ശികകളും അടക്കം നാലു ലക്ഷത്തോളം രൂപ നാട്ടിലേക്ക് അയച്ച് കൊടുത്തിട്ടും മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനു ബന്ധുക്കള്‍ സഹകരിച്ചില്ല.
മരണകാരണം അറിയണമെന്ന് ആവശ്യപ്പെട്ടപ്പൊള്‍ പൊലിസ് രേഖകള്‍ നാട്ടിലേക്കയച്ച് കൊടുത്തു. എന്നാല്‍ മൃതദേഹം അങ്ങോട്ടയക്കേണ്ടതില്ല എന്നായിരുന്നു അവസാനം മറുപടി ലഭിച്ചത്. ഇതോടെ എംബസിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ രാഷ്രീയ നേതാക്കള്‍ വഴിയും പ്രാദേശിക ഭരണകൂടം വഴിയും ബന്ധുക്കളെ ബന്ധപ്പെട്ടു കൊണ്ടിരുന്നു. അവസാനം തമിഴ്‌നാട് കെ.എം.സി.സി പ്രവര്‍ത്തകരെ സിദ്ദീഖ് അറിയിച്ചതനുസരിച്ച് അവര്‍ ബന്ധുക്കളുമായി വീണ്ടും സംസാരിച്ചു. അവസാനം സഊദിയില്‍ മൃതദേഹം മറവു ചെയ്യാന്‍ ബന്ധുക്കള്‍ വാക്കാല്‍ അനുമതി നല്‍ക്കുകയായിരുന്നു.
25 വര്‍ഷമായി നാട്ടില്‍ പോകാതിരുന്ന സീലന്‍ വിവാഹം കഴിച്ചിരുന്നില്ല. അമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."