കൊവിഡ് 19 ; സഊദിയിൽ ക്വാറന്റൈനുകളിൽ നിന്ന് 270 ലേറെ പേരെ ഡിസ്ചാർജ് ചെയ്തു
ജിദ്ദ: സഊദിയിൽ കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ക്വാറന്റൈനുകളിൽ നിന്ന് 270 ലേറെ പേരെ ഡിസ്ചാർജ് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ പടർന്നുപിടിച്ച രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയവരെയും രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെയും പാർപ്പിക്കുന്നതിന് കിഴക്കൻ പ്രവിശ്യയിൽ ഒമ്പതു ക്വാറന്റൈനുകളാണ് ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്. പരിശോധനകളെല്ലാം പൂർത്തിയാക്കി കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് പൂർണമായും ഉറപ്പുവരുത്തിയ ശേഷമാണ് 270 ലേറെ പേരെ ക്വാറന്റൈനുകളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ക്വാറന്റൈനുകളാക്കി മാറ്റിയ ഹോട്ടലുകളിൽ താമസിക്കുന്നവരെ ദിവസേന പരിശോധിക്കുന്നുണ്ട്. ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള മെഡിക്കൽ സംഘങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലും പരിചരണത്തിലുമാണ് രോഗബാധ സംശയിക്കുന്നവരെ ക്വാറന്റൈനുകളിൽ പാർപ്പിക്കുന്നതെന്നും കിഴക്കൻ പ്രവിശ്യ ആരോഗ്യ വകുപ്പ് പറഞ്ഞു.
അതിനിടെ ഉത്തര അതിർത്തി പ്രവിശ്യയിൽ കൊറോണ കേസുകളുമായി ബന്ധപ്പെട്ട് വ്യാജ വിവരം പ്രചരിപ്പിച്ച ഈജിപ്ഷ്യൻ ഡോക്ടറുടെ തൊഴിൽ കരാർ ഉത്തര അതിർത്തി പ്രവിശ്യ ആരോഗ്യ വകുപ്പ് അവസാനിപ്പിച്ചു. പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണത്തെ കുറിച്ച് കൃത്യമല്ലാത്ത വിവരങ്ങൾ ഉൾപ്പെടുത്തിയ വോയ്‌സ് ക്ലിപ്പിംഗ് ആണ് ഈജിപ്ഷ്യൻ ഡോക്ടർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഔദ്യോഗികമായി പരസ്യപ്പെടുത്താത്ത വിവരങ്ങളാണ് ഡോക്ടറുടെ വോയ്‌സ് ക്ലിപ്പിംഗിലുണ്ടായിരുന്നത്. ഇത് പ്രവിശ്യാ നിവാസികളെ ഭീതിയിലാക്കിയിരുന്നു. തുടർന്നാണ് ക്ലിപ്പിംഗ് പ്രചരിപ്പിച്ച ഡോക്ടറെ ഉത്തര അതിർത്തി പ്രവിശ്യ പിരിച്ചുവിട്ടത്.
മറ്റൊരു കേസിൽ വ്യാജ അണുനശീകരണികൾ ബോട്ടിലുകളിൽ നിറച്ച് വിതരണം ചെയ്ത വിദേശിയെ അതേ ദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും വാണിജ്യ മന്ത്രാലയവും ചേർന്ന് കിഴക്കൻ പ്രവിശ്യയിൽ നിന്ന് പിടികൂടി. സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന വിദേശിയാണ് താമസസ്ഥലം കേന്ദ്രീകരിച്ച് വ്യാജ അണുനശീകരണികൾ ബോട്ടിലുകളിൽ നിറച്ച് വിതരണം ചെയ്തിരുന്നത്. അണുനശീകരണി ബോട്ടിലുകളിൽ അജ്ഞാത പദാർഥങ്ങൾ നിറച്ച് വ്യത്യസ്ത പേരിലുള്ള സ്റ്റിക്കറുകൾ പതിക്കുകയാണ് വിദേശി ചെയ്തിരുന്നത്. അതേസമയം സാമൂഹിക മാധ്യമങ്ങളിൽ കർഫ്യൂ ലംഘിക്കുന്നതിന്‍റെയൊ ലംഘിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതോ ആയ ചിത്രങ്ങൾ, വീഡിയോ, ഓഡിയോ ക്ലിപ്പുകൾ നിർമിക്കുകയും പോസ്റ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവർക്ക് അഞ്ചു വർഷം തടവും 30 ലക്ഷം റിയാൽ(ഏകദേശം ആറുകോടി ഏഴുലക്ഷം രൂപ) പിഴയും ശിക്ഷ നൽകുമെന്ന് സഊദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."