ജലക്ഷാമം രൂക്ഷമാകുമ്പോഴും നോക്കുകുത്തിയായി അമ്പാടത്ത് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
കാലടി: കാലടി പഞ്ചായത്തിലെ പല ഭാഗങ്ങളിലും ശുദ്ധ ജല ക്ഷാമവും വരള്‍ച്ചയും കൊണ്ട് പൊറുതി മുട്ടുമ്പോള്‍ ഇതിന് പരിഹാരമായേക്കാവുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അധികൃതരുടെ അവഗണന മൂലം നോക്കുകുത്തിയാകുന്നു.1990ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ജല സേചന വകുപ്പ് മന്ത്രിയായിരുന്ന ടി.കെ ഹംസ ഉദ്ഘാടനം നിര്‍വ്വഹിച്ച പമ്പ് ഹൗസ് കിണറും മോട്ടോറുകളുമായി മാത്രം അവശേഷിക്കുകയാണ്. കാലടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ പെരിയാറിന്റെ തീരത്തായാണ് ലിഫ്റ്റ് ഇറിഗേഷന്‍ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. കാലടി ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും സുലഭമായി വെള്ളം എത്തിക്കാന്‍ സാധിക്കുന്ന വിധത്തില്‍ പണി കഴിപ്പിച്ചിരിക്കുന്ന ഈ ഇറിഗേഷന്‍ പദ്ധതി അധികൃതരുടെ അനാസ്ഥ മൂലം കാലങ്ങളായി പ്രവര്‍ത്തന രഹിതമാണ്. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ വന്‍ ജന പങ്കാളിത്തത്തില്‍ ആയിരുന്നു ആദ്യകാലങ്ങളില്‍ പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം.
പതിനഞ്ച് എച്ച്. പി മോട്ടോറാണ് ജലസേചനത്തിന് ഉപയോഗിച്ചിരുന്നത്. ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തനസജ്ജമായിരുന്ന കാലത്ത് കൃഷിക്ക് ആവിശ്യമായ വെള്ളം ഇതില്‍ നിന്നും ലഭിച്ചിരുന്നു. ജാതിയും തെങ്ങും നെല്ലും കൃഷി ചെയ്തിരുന്ന ഈ പ്രദേശങ്ങള്‍ ഇന്ന് കടുത്ത ജല ക്ഷാമത്തിന്റെ പിടിയിലാണ്. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും കീഴിലുള്ള ഈ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പുനഃരുദ്ധീകരിച്ച് ജല സേചനം പുനരാരംഭിച്ചാല്‍ കാലടി പഞ്ചായത്തിലെ ഒന്‍പത്, പത്ത് വാര്‍ഡുകളിലെങ്കിലുമുള്ള ജല ക്ഷാമത്തിന് പരിഹാരമാകുമെന്ന് ജനങ്ങള്‍ അഭിപ്രായപ്പെടുന്നു. അന്തരിച്ച സി.പി.ഐ നേതാവ് പി. കെ ഇബ്രാംഹികുട്ടി അതീവ താത്പര്യമെടുത്ത് കൊണ്ടുവന്നതാണ് ഈ പദ്ധതിയെന്നും അനധികൃത മണല്‍ ലോബികളുടെ സമ്മര്‍ദ്ധഫലമായി മാറി മാറി വന്ന പഞ്ചായത്ത് ഭരണ സമതികള്‍ ഇതിനെ അവഗണിക്കുകയുമായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതീവ ഗുരുതരമായ ജല ക്ഷാമം അനുഭവപ്പെട്ട് കൊണ്ടിരിക്കുന്ന ഈ സമയത്തെങ്കിലും എല്ലാ വിധ സൗകര്യങ്ങളോട് കൂടിയുള്ള ഈ പമ്പ് ഹൗസ് അധികൃതര്‍ അനാസ്ഥ വെടിഞ്ഞ് പുനരുദ്ധീകരിച്ച് പ്രവര്‍ത്തന ക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."