പാഞ്ചാലിമേട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്
പീരുമേട്: പാഞ്ചാലിമേട്ടില്‍ വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ആദ്യഘട്ടമായി അനുവദിച്ച നാലുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പാഞ്ചാലിമേടിന്റെ സൗന്ദര്യം ആസ്വദിക്കാനും ഇവിടെ സമയം ചിലവഴിക്കാനുമായി നിരവധി പേരാണ് എത്തുന്നത്. പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്ക് പാഞ്ചാലിമേട്ടില്‍ നിന്ന് കാണാം. അന്നേദിവസം ശബരിമല തീര്‍ഥാടകരടക്കം ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ എത്തുന്ന സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളില്ലന്ന് പരാതി ഉയര്‍ന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തിലാണ് പാഞ്ചാലിമേടിന്റെ സ്ഥാനം. കെ.കെ.റോഡില്‍ മുറിഞ്ഞപുഴയില്‍ നിന്നും നാലര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പാഞ്ചാലിമേട്ടില്‍ എത്താം. മുണ്ടക്കയം തെക്കേമല വഴിയും പാഞ്ചാലിമേട്ടിലെത്താന്‍ സാധിക്കും.
പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അഗാധമായ മലനിരകളുടെ വിദൂര കാഴ്ചയും തണുത്ത കാറ്റും കോടമഞ്ഞും നിറഞ്ഞ കാഴ്ചകളാണ് പാഞ്ചാലിമേടിനെ വിത്യസ്തമാക്കുന്നത്. തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ചയും ദൃശ്യമാണ്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മന്ത്ര എന്ന കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മെയ് ആദ്യവാരത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."