മഴ പെയ്താല്‍ തൊടുപുഴയില്‍ വൈദ്യുതി മുടങ്ങുന്നത് മണിക്കൂറുകള്‍
തൊടുപുഴ: മഴയും കാറ്റും ചെറുതായി എത്തിയാല്‍ മതി, തൊടുപുഴയില്‍ വൈദ്യുതി മുടങ്ങുന്നത് മണിക്കൂറുകളാണ്. മരങ്ങളും ശിഖരങ്ങളും പല സ്ഥലത്തേക്കും ലൈനിലേക്കു പതിക്കും.
ദുരിതം വര്‍ധിപ്പിച്ച് റോഡുകള്‍ വെള്ളക്കെട്ടിലാവുകയും ചെയ്യും. ഇന്നലെ മൂലമറ്റം പവര്‍ ഹൗസിലെ സ്വിച്ച്‌യാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ക്ക് എന്ന പേരില്‍ രാവിലെ വിച്ഛേദിച്ച വൈദ്യുതി ബന്ധം വൈകീട്ടോടെയാണ് പുനസ്ഥാപിച്ചത്. അധികസമയം ആവുംമുമ്പേ മഴയും കാറ്റുമെത്തി. ഇതോടെ, വിച്ഛേദിക്കപ്പെട്ട വൈദ്യുതി വീണ്ടും പോയി.
രാത്രിയിലും പല തവണ വൈദ്യുതി ബന്ധം താറുമാറായി. വേനല്‍മഴയില്‍ ശക്തമായ കാറ്റ് ഉണ്ടാവുമ്പോള്‍ വൈദ്യുതി ലൈനുകളിലേക്ക് മരം വീഴുക പതിവാണ്. ഇത് മുന്നില്‍ കണ്ട് ലൈനിലേക്കു ചരിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാതെ അധികൃതര്‍ തുടരുന്ന നിസ്സംഗതയാണ് തൊടുപുഴയിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നത്.
തൊടുപുഴയിലും സമീപ മേഖലകളിലും പകല്‍സമയത്തു പോലും വൈദ്യുതി മുടങ്ങുന്നത് ഒട്ടേറെ തവണയാണ്. അറ്റകുറ്റപ്പണികളുടെ പേരിലും മറ്റും മുന്‍കൂട്ടി അറിയിപ്പു നല്‍കിയുള്ള വൈദ്യുതി മുടക്കം കൂടാതെയാണ് ഈ അപ്രഖ്യാപിത വൈദ്യുതി മുടക്കം. അടിക്കടി വൈദ്യുതി മുടങ്ങുന്നതു പൊതുജനങ്ങളെയും വ്യാപാരികളെയുമെല്ലാം ബുദ്ധിമുട്ടിലാക്കുകയാണ്.
വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ഡിടിപി സെന്ററുകള്‍, പ്രസ്, ഫോട്ടോസ്റ്റാറ്റ്, കംപ്യൂട്ടര്‍ സ്ഥാപനങ്ങള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, തടിമില്ലുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെയെല്ലാം വൈദ്യുതി മുടക്കം പ്രതികൂലമായി ബാധിക്കുന്നു. പകല്‍സമയം ഏറെനേരം വൈദ്യുതി മുടങ്ങുന്നതു വേനല്‍ച്ചൂടില്‍ ഉരുകുന്ന ജനങ്ങളെ ഏറെ ദുരിതത്തിലാക്കുകയാണ്. ചെറിയൊരു കാറ്റടിച്ചാലോ ചാറ്റല്‍ മഴ പെയ്താലോ പല പ്രദേശങ്ങളും ഇരുട്ടിലാകുന്ന സ്ഥിതിയാണുള്ളതെന്നു നാട്ടുകാര്‍ പറയുന്നു.
വൈദ്യുതി മുടങ്ങിയാല്‍ എപ്പോള്‍ വരുമെന്നതു സംബന്ധിച്ചു യാതൊരു ഉറപ്പുമില്ലാത്ത സ്ഥിതിയാണ്. ഇതിനിടെ, നഗരത്തിലെ ഓടകള്‍ അടഞ്ഞതുമൂലം മഴവെള്ളത്തില്‍ റോഡുകള്‍ വെള്ളക്കെട്ടിലാവുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
പ്രധാന വീഥികളില്‍ പലഭാഗത്തും വെള്ളം ഉയര്‍ന്നു കടകളില്‍ കയറുന്നത് വ്യാപാരികള്‍ക്കു വന്‍നാശനഷ്ടമാണുണ്ടാക്കുന്നത്. പഴയ മണക്കാട് റോഡ്, മൗണ്ട് സീനായ് റോഡ് ജങ്ഷന്‍, റോട്ടറി ജങ്ഷന്‍ എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടാവും.
ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ജങ്ഷന്‍, കാഞ്ഞിരമറ്റം ജങ്ഷന്‍, മങ്ങാട്ടുകവല കാരിക്കോട് റോഡ് എന്നിവിടങ്ങളിലും വെള്ളം ഉയരും. റോഡരികിലെ ഓടകള്‍ വൃത്തിയാക്കി മഴവെള്ളം സുഗമമായി ഒഴുകിപ്പോവുന്നതിനു നടപടി സ്വീകരിക്കാതെ അധികൃതര്‍ തുടരുന്ന നിസ്സംഗതയില്‍ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."