മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നു; വരുന്നത് ഭീകരമായ കാലാവസ്ഥാ വ്യതിയാനം
പാരിസ്: അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലാന്‍ഡിലെയും കൂറ്റന്‍ മഞ്ഞുമലകളുടെ ഉരുക്കം വേഗത്തിലായതും അതുവഴി സമുദ്രനിരപ്പ് ഉയരുന്നതും സമീപഭാവിയില്‍ ലോകത്ത് ഭീകരമായ കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാവുമെന്നു ഗവേഷകര്‍. പതിറ്റാണ്ടുകളായി തണുത്തുറഞ്ഞു കിടക്കുന്ന കൂറ്റന്‍ മഞ്ഞുമലകള്‍ ഉരുകുന്നതിന്റെ വേഗത വര്‍ധിച്ചത് പ്രാദേശിക തലത്തില്‍ തന്നെ പ്രകടമായ കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാവും. സാവകാശം പ്രാദേശികതലത്തില്‍ പ്രകടമായി ഇതു പിന്നീട് ആഗോളതലത്തിലേക്കു വ്യാപിക്കുമെന്നാണു ഗവേഷകര്‍ പറയുന്നത്.
മനുഷ്യരുടെ പ്രവൃത്തികള്‍ കാരണം കാലാവസ്ഥയിലെ മാറ്റങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചാലും ഇതുവരെയുണ്ടായ പ്രവര്‍ത്തനഫലമായി മഞ്ഞുരുക്കം തുടരുമെന്നും അതേസമയം കൂടുതല്‍ ജാഗ്രത പാലിച്ചാല്‍ ഭാവിതലമുറ നേരിടുന്ന അപകടത്തിന്റെ തോത് കുറയ്ക്കാന്‍ കഴിയുമെന്നും നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മഞ്ഞുരുക്കം ഏറ്റവുമധികം ബാധിക്കുക സമുദ്രജലപ്രവാഹത്തെയായിരിക്കും. ഗ്രീന്‍ലാന്‍ഡിലെ പര്‍വതങ്ങളിലെ മഞ്ഞുപാളി ഉരുകുന്നത് തെക്കുഭാഗത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കു നീങ്ങുന്ന ജലപ്രവാഹത്തെ നേരിട്ടു ബാധിക്കും. വടക്കുഭാഗത്തേക്കു നീങ്ങുന്ന ഉഷ്ണജലത്തെ തീരത്തേക്കു അടുപ്പിക്കുകയും ചെയ്യും. അറ്റ്‌ലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിങ് സര്‍ക്കുലേഷന്‍ എന്നാണ് ഈ പ്രതിഭാസത്തിനു പറയുക. ഭൂമിയുടെ കാലാവസ്ഥയെ സന്തുലനപ്പെടുത്തുന്ന ഈ പ്രതിഭാസത്തില്‍ വരുന്ന മാറ്റമാവും കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാവുക.
നിലവിലെ മഞ്ഞുരുകല്‍ കണക്കിലെടുക്കുമ്പോള്‍ 2065-75 വര്‍ഷങ്ങള്‍ കൊണ്ട് സമുദ്രനിരപ്പില്‍ പ്രകടമായ ഉയര്‍ച്ചയുണ്ടാവുമെന്നാണു ഗവേഷകര്‍ പറയുന്നത്. മഞ്ഞുപാളികളോടുചേര്‍ന്നുള്ള തീരപ്രദേശങ്ങളില്‍ സമുദ്രനിരപ്പ് താഴുകയും ചെയ്യും. സമുദ്രനിരപ്പിലെ ഉയര്‍ച്ചയിലെ വ്യത്യാസം കാറ്റിന്റെ സഞ്ചാരഗതിയെയും താളംതെറ്റിക്കും. ശാന്തസമുദ്രത്തിലെ കൊച്ചുദ്വീപുകളാവും സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ആദ്യം അനുഭവിക്കുക.
എന്നാല്‍, മഞ്ഞുരുക്കത്തിന്റെ വേഗത എത്രയാണെന്ന കാര്യത്തില്‍ ഗവേഷകര്‍ തീര്‍പ്പിലെത്തിയിട്ടില്ല. 2050നു മുന്‍പ് തന്നെ ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുക്കം മെറിഡിയണല്‍ ഓവര്‍ടേണിങ് സര്‍ക്കുലേഷന്‍ എന്ന പ്രതിഭാസത്തെ ബാധിക്കുമെന്നും ഇതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ വ്യക്തമാവുന്നുണ്ടെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
വെല്ലിങ്ടണ്‍ സര്‍വകലാശാല അന്റാര്‍ട്ടിക് ഗവേഷണകേന്ദ്രമാണ് ഈ പഠനം നടത്തിയത്. 2010ല്‍ സാറ്റലൈറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണു ഗവേഷകര്‍ പഠനം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."