ചെന്നൈ മന്നന്‍
#കിരണ്‍ പുരുഷോത്തമന്‍
കൊച്ചി: ചെന്നൈ മഞ്ഞപ്പടയുടെ മുമ്പില്‍ മുട്ടുമടക്കി ഹൈദരാബാദ്. വോളിബോള്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാല് സെറ്റുകള്‍ക്ക് ചെന്നൈ സ്പാര്‍ട്ടണ്‍സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 15-12, 15-12, 15-11, 15-10, 13-15. ആദ്യ നാലു സെറ്റുകള്‍ സ്വന്തമാക്കി വിജയം നേടിയ ചെന്നൈ അഞ്ചാം സെറ്റും കരസ്ഥമാക്കി ഒരു പോയിന്റ് കൂടി നേടാന്‍ ശ്രമിച്ചെങ്കിലും ഹൈദരാബാദിന്റെ അവസാന നിമിഷത്തെ പ്രതിരോധം കാരണം സാധിച്ചില്ല. ചെന്നൈയുടെ നവീന്‍ രാജ ജേക്കബാണ് കളിയിലെ താരം.
ഹൈദരാബാദ് ക്യാപ്റ്റന്‍ കാഴ്‌സണ്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ചെന്നൈയുടെ ഒത്തിണക്കത്തോടെയുള്ള കളിക്ക് മുന്നില്‍ ബ്ലാക്ക് ഹോക്‌സ് തോല്‍വി സമ്മതിക്കുകയായിരുന്നു. അഞ്ച് പോയിന്റുകള്‍ക്ക് പിന്നില്‍ നിന്നശേഷം റൂഡിയിലൂടെ മികച്ചകളി പുറത്തെടുത്ത ചെന്നൈ പിന്നീട് കുതിക്കുകയായിരുന്നു. വിളിച്ച സൂപ്പര്‍ പോയിന്റ് ഉള്‍പ്പെടെ ഹൈദരാബാദ് വിളിച്ച സൂപ്പര്‍ പോയിന്റും നേടിയ ചെന്നൈ 15-12 നാണ് ആദ്യ സെറ്റ് സ്വന്തമാക്കിയത്. നാല് സ്‌പൈക്ക് പോയിന്റുകള്‍ ചെന്നൈ സ്വന്തമാക്കി. റൂഡി മൂന്നും ഷെല്‍ട്ടണ്‍ മോസസ് രണ്ടും പോയിന്റ് നേടി.ആദ്യസെറ്റ് ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ രണ്ടാം സെറ്റ് ആരംഭിച്ച ചെന്നൈ തുടക്കം മുതലേ വ്യക്തമായ ലീഡ് നേടിക്കൊണ്ടിരുന്നു. മൂന്ന് പോയിന്റുകള്‍ക്ക് പിന്നില്‍ നിന്നശേഷം അലക്‌സാണ്ടര്‍ ജെറാള്‍ഡിലൂടെ ഹൈദരാബാദ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിഫലമായി. ഒരുഘട്ടത്തില്‍ 8-10 ന് പിന്നില്‍ നിന്ന ഹൈദരാബാദ് ചെന്നൈയുടെ സൂപ്പര്‍ പോയിന്റ് സ്വന്തമാക്കി ഒപ്പത്തിനൊപ്പമെത്തിയെങ്കിലും ചെന്നൈ താരം നവീന്‍ രാജയുടെ മികച്ച സെര്‍വുകള്‍ക്കും ഉഗ്രന്‍ സ്മാഷുകള്‍ക്കും മുന്നില്‍ അടിപതറി. നവീന്‍ മൂന്ന് പോയിന്റ് സ്വന്തമാക്കിയപ്പോള്‍ രണ്ടാംസെറ്റില്‍ ചെന്നൈ 11 സ്‌പൈക്ക് പോയിന്റ് നേടി.
നാലാം സെറ്റില്‍ മികച്ച തുടക്കവുമായിട്ടായിരുന്നു ചെന്നൈയുടെ മുന്നേറ്റം. സെറ്റിന്റെ ഒരു ഘട്ടത്തിലും ചെന്നൈക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഹൈദരാബാദിനായില്ല. അവസാനസെറ്റില്‍ ഹൈദരാബാദിനെ വൈറ്റ് വാഷ് ചെയ്യുക എന്നലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ഒരു ഘട്ടത്തില്‍ 05-01 എന്ന സ്‌കോറില്‍ നിന്ന് ചെന്നൈ പിന്നീട് പിന്നോട്ടു പോകുന്ന കാഴ്ച്ചയാണ് കണ്ടത്. മികച്ച പ്രകടനവുമായി മുന്നേറിയതോടെ 15-13 എന്ന സ്‌കോറില്‍ ഹൈദരാബാദ് സെറ്റ് സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."