തര്‍ക്കം തീര്‍ന്നു: മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡ് നിര്‍മാണ അനിശ്ചിതത്വം മാറി
ഏറ്റുമാനൂര്‍: മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡിന്റെ അവസാനഘട്ടപണികളില്‍ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമാകുന്നു.
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട് രണ്ട് സ്വകാര്യവ്യക്തികളുമായി നിലനിന്ന തര്‍ക്കം മൂലം ബൈപാസ് ഏറ്റുമാനൂര്‍ ടൗണിലെത്തി അവസാനിപ്പിക്കേണ്ട അവസ്ഥയിലായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കി 2016 ജനുവരിയില്‍ നടപ്പിലാക്കിയ പുതിയ ആക്ട് അനുസരിച്ച് സ്ഥലമേറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണത്രേ ഒരു അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനും കേസ് നല്‍കിയിരുന്നത്.
പുതിയ ആക്റ്റ് അനുസരിച്ച് സ്ഥലം ഏറ്റെടുക്കുമ്പോള്‍ പഴയതിലും കൂടുതല്‍ വില ഉടമസ്ഥര്‍ക്ക് കിട്ടും. ഇതനുസരിച്ച് തര്‍ക്കം നിലനിന്ന സ്ഥലം ഏറ്റെടുക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ കൂടി ഇടപെട്ടാണ് സ്ഥലം ഏറ്റെടുക്കല്‍ ധൃതഗതിയിലാക്കിയത്. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായാലുടന്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 10 കോടി രൂപയാണ് ബൈപാസിന്റെ അവസാന പണികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്.
നിലവില്‍ പൂവത്തുംമൂട് മുതല്‍ ഏറ്റുമാനൂര്‍ പാലാ റോഡ് വരെയുള്ള പണികള്‍ നടന്നു വരികയാണ്. രണ്ടു ഘട്ടങ്ങളായാണ് മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍ പട്ടിത്താനം വരെയുള്ള പണികള്‍ നടത്താനിരുന്നത്. പൂവത്തുമൂട് വരെയുള്ള ആദ്യ ഘട്ടം വര്‍ഷങ്ങള്‍ക്കു മുന്‍പേ തീര്‍ന്നിരുന്നു.
സ്വകാര്യവ്യക്തികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മുടങ്ങികിടന്ന പണികള്‍ അടുത്തയിടെയാണ് ആരംഭിച്ചെങ്കിലും പാലാ റോഡില്‍ പാറകണ്ടത്തില്‍ അവസാനിപ്പിക്കുവാനായിരുന്നു തീരുമാനം.
ഇനി മൂന്നാം ഘട്ടമായി 1.790 കിലോമീറ്റര്‍ ദൂരമാണ് നിര്‍മ്മാണം നടക്കേണ്ടത്.
പാലാ റോഡില്‍ നിന്നും മാറാവേലി തോടിനരികിലൂടെ പട്ടിത്താനം റൗണ്ടാനയില്‍ അവസാനിക്കുന്ന രീതിയിലാണ് റോഡ് വിഭാവനം ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."