സാമ്പത്തിക സ്ഥിതി, റാഫേല്‍ കരാര്‍: 10 മിനിറ്റ് സംവാദത്തിനായി മോദിയെ വെല്ലുവിളിച്ച് രാഹുല്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതി, റാഫേല്‍ കരാര്‍, രാജ്യസുരക്ഷ എന്നീ കാര്യങ്ങളെക്കുറിച്ച് സംവാദത്തിന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
എ.ഐ.സി.സിയുടെ ന്യൂനപക്ഷ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. രാജ്യം നേരിടുന്ന വലിയ പ്രശ്‌നങ്ങളാണ് താന്‍ ഉന്നയിച്ചത്. ഇതിന് മറുപടി പറയാന്‍ ഏറ്റവും കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും സമയം ചെലവഴിക്കാന്‍ പ്രധാനമന്ത്രി തയാറാകുമോയെന്നും രാഹുല്‍ ചോദിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ ഭീരുവാണ് മോദി. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് രാജ്യം ഒരിക്കല്‍കൂടി ഒരു തെരഞ്ഞെടുപ്പ് യുദ്ധത്തിലേക്ക് പോകുകയാണ്. നാഗ്പൂരില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മോദിയെ മുന്‍നിര്‍ത്തി സംഘ്പരിവാര്‍ തലവന്റെ വിദൂര നിയന്ത്രണത്തിലുള്ള ഭരണമാണ് ഇവിടെ നടക്കുന്നത്.
സംഘ്പരിവാറിന്റെ ആസ്ഥാനമായ നാഗ്പൂരില്‍നിന്നാണ് ഹിന്ദുത്വ സംഘടനകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ പോകുന്തോറും മോദിയുടെ മുഖത്ത് ഭയം നിഴലിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം അദ്ദേഹവുമായി താന്‍ നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. അതുകൊണ്ടുതന്നെ മോദിയുടെ സ്വഭാവം തനിക്ക് ശരിക്കും അറിയാം. ആരെങ്കിലും അദ്ദേഹത്തിന് മുന്‍പില്‍ നിവര്‍ന്നുനിന്നാല്‍ പേടിച്ചോടുന്ന മനോഭാവക്കാരനാണ് മോദിയെന്നും രാഹുല്‍ പരിഹസിച്ചു.
എല്ലാവരും ഉയര്‍ത്തിക്കാണിച്ച മോദിയുടെ ഇമേജ് അവസാനിച്ചിരിക്കുകയാണ്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച പ്രശസ്തിയും വിശ്വാസ്യതയും പൊള്ളത്തരമാണെന്ന് തെളിയിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
ജനങ്ങളെ പിളര്‍ത്തി രാജ്യം ഭരിക്കാമെന്ന് മോദി ഒരിക്കലും പ്രതീക്ഷിക്കേണ്ട. രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ന്യൂനപക്ഷ സമുദായങ്ങളിലെ ഒട്ടേറെ നേതാക്കളുടെ സഹായം ഉണ്ടായിട്ടുണ്ട്. അതൊന്നും വിസ്മരിക്കാവുന്നതല്ല. രാജ്യം ഓരോ പൗരന്മാര്‍ക്കും അവകാശപ്പെട്ടതാണ്. വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവമുണ്ടാക്കിയ മൗലാന അബ്ദുല്‍ കലാം ആസാദിനോട് രാജ്യം എന്നും കടപ്പെട്ടിരിക്കും. വിക്രം സാരാഭായ്, മന്‍മോഹന്‍ സിങ്, മനേക്ഷാ എന്നിവരെല്ലാം ന്യൂനപക്ഷ സമുദായങ്ങളില്‍നിന്ന് വന്നവരാണ്. ഇവരെപ്പോലുള്ളവരാണ് ഇന്ത്യയെ കെട്ടിപ്പടുത്തത്.
മോദി അധികാരത്തില്‍ വന്നശേഷം നീതിന്യായ രംഗം മുതല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ വരെ വരുതിയിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലേറിയ ഛത്തിസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഭരണം നിയന്ത്രിച്ചിരുന്ന മുഴുവന്‍ സംഘ്പരിവാര്‍ അനുകൂലികളെയും മാറ്റുമെന്നും രാഹുല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."