ആറ്റുകാല്‍ പൊങ്കാല നാളെ; ഒരുക്കങ്ങള്‍ പൂര്‍ണം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് ഒരു ദിനം ശേഷിക്കേ തലസ്ഥാന നഗരത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ണം. വിവിധ വകുപ്പുകള്‍ സംയുക്തമായി മികച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് .ഗ്രീന്‍ പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിക്കുംവിധമാണ് ഒരുക്കങ്ങള്‍. ജലലഭ്യത ഉറപ്പാക്കുന്നതിന് 1650 ടാപ്പുകളും 40 ഷവര്‍ പോയ്ന്റുകളും 4 ഫയര്‍ ഹൈഡ്രന്റുകളും സ്ഥാപിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി 74 ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെ ഒന്നര മണി മുതല്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസ് ആരംഭിക്കും. സിറ്റിയില്‍ നിന്ന് 400 സര്‍വിസുകളും വിവിധ സ്ഥലങ്ങളില്‍ നിന്നായി 400 സര്‍വിസുകളും ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലിസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്സവമേഖലയെ രണ്ട് സോണുകളും 13 ഡിവിഷനുകളും 27 സെക്ടറുകളുമായി തിരിച്ചിട്ടുണ്ട്. കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ 3100 ഓളം പേരെ നിയോഗിച്ചിട്ടുണ്ട്. ഒപ്പം ദ്രുതകര്‍മ്മസേന, കമാന്‍ഡോ വിഭാഗം, ദുരന്തനിവാരണ സേന എന്നിവര്‍ക്കൊപ്പം 40 ഷാഡോ പൊലിസുകാരെയും നിയോഗിച്ചുകഴിഞ്ഞു. മൂന്നിലൊന്ന് സുരക്ഷാ സേനയും വനിതകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഡി.എഫ്.എം.ഡി, എച്ച്.എച്ച്.എം.ഡി, സ്‌നിഫര്‍ ഡോഗ്, ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ സേവനം ഉണ്ടാകും. 70ലേറെ നിരീക്ഷണ ക്യാമറകളും ഡ്രോണ്‍ ക്യാമറകളും സ്ഥാപിച്ചു. സിറ്റി പൊലിസ് കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂം നിരീക്ഷണവുമുണ്ടായിരിക്കും.
പ്രത്യേക സൗകര്യങ്ങളൊരുക്കി റെയില്‍വേ
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ദക്ഷിണ റെയില്‍വേ പ്രത്യേക സംവിധാനങ്ങളൊരുക്കുന്നു. ആറു പ്രത്യേക ട്രെയിനുകള്‍, പാസഞ്ചര്‍ ട്രെയിനുകളില്‍ അധിക കോച്ചുകള്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ചെറിയ സ്റ്റേഷനുകളില്‍ സ്റ്റോപ്പ്, പ്രത്യേക ടിക്കറ്റ്, വിവരങ്ങള്‍ അറിയിക്കാനുള്ള കേന്ദ്രങ്ങള്‍, മെഡിക്കല്‍ സഹായ കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകളില്‍ അധിക സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളേര്‍പെടുത്തും.
പൊങ്കാലയ്ക്കു ശേഷം കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ തിരുവനന്തപരും സെന്‍ട്രലിലെ നാല്, അഞ്ച് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നാഗര്‍കോവില്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ദീര്‍ഘദൂര വണ്ടികളെല്ലാം ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നുമായിരിക്കും പുറപ്പെടുക.
പ്രത്യേക ട്രെയിനുകള്‍
ഇന്ന് കൊല്ലം- തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് കൊല്ലത്തു നിന്ന് പുറപ്പെട്ട് 4.55ന് തിരുവനന്തപുരത്തെത്തും.
ശനിയാഴ്ച പ്രത്യേക ട്രെയിന്‍ പുലര്‍ച്ചെ നാലു മണിക്ക് കൊല്ലത്തു നിന്ന് പുറപ്പെട്ട 5.55ന് തിരുവനന്തപുരത്തെത്തും. പൊങ്കാലയ്ക്കു ശേഷം അദ്യത്തെ പ്രത്യേക ട്രെയിന്‍ ഉച്ചയ്ക്ക് 1.45ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 3.45ന് കൊല്ലത്തെത്തും. രണ്ടാമത്തെ പ്രത്യേക ട്രെയിന്‍ 3.45ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് ആറു മണിക്ക് കൊല്ലത്തെത്തും. മൂന്നാമത്തെ പ്രത്യേക ട്രെയിന്‍ വൈകുന്നേരം 4.15ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 6.20ന് കൊല്ലത്തെത്തും. നാലാമത്തെ പ്രത്യേക ട്രെയിന്‍ വൈകുന്നേരം 4.55ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 6.55ന് കൊല്ലത്തെത്തും. പ്രത്യേക ട്രെയിനുകള്‍ക്ക് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും.
നാഗര്‍കോവിലിലേക്കുള്ള പ്രത്യേക ട്രെയിന്‍ ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 4.10ന് നാഗര്‍കോവിലിലെത്തും. ഈ വണ്ടിക്ക് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും. കൊച്ചുവേളി- നാഗര്‍കോവില്‍ പാസഞ്ചര്‍ ഉച്ചതിരിഞ്ഞ് 2.15ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നായിരിക്കും പുറപ്പെടുക.
അധിക സ്‌റ്റോപ്പുകള്‍
ഇന്ന് മംഗലൂരു- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസിന് മയ്യനാട്, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളിലും ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസിന് പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളിലും ഹൈദരാബാദ് തിരുവനന്തപുരം എക്‌സ്പ്രസിന് പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കുംപുഴ എന്നിവിടങ്ങളിലും മംഗലൂരു- നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസിന് പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളിലും ഷൊറണൂര്‍- തിരുവനന്തപുരം വേണാട് എക്‌സ്പ്രസിന് മുരുക്കുംപുഴയിലും പ്രത്യേക സ്റ്റോപ്പുണ്ടാകും. ചെന്നൈ എഗ്‌മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസിനും ചെന്നൈ എഗ്‌മോര്‍- തിരുവനന്തപുരം അനന്തപുരി എക്‌സ്പ്രസിനും പാറശാലയില്‍ പ്രത്യേക സ്റ്റോപ്പുണ്ടാകും.
നാളെ പാലക്കാട്- തിരുവനന്തപുരം അമൃത എക്‌സ്പ്രസിന് പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കുംപുഴ, തിരുവന്തപുരം പേട്ട എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റോപ്പുണ്ടാകും. ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കുംപുഴ, തിരുവന്തപുരം പേട്ട എന്നിവിടങ്ങളിലും മംഗലൂരു- തിരുവനന്തപുരം മാവേലി എക്‌സ്പ്രസിന് കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, തിരുവനന്തപുരം പേട്ട എന്നിവിടങ്ങളിലുംഎറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിലും മധുര- പുനലൂര്‍ പാസഞ്ചറിന് ധനുവച്ചപുരം, അമരവിള, ബാലരാമപുരം, നേമം എന്നിവിടങ്ങളിലും കന്യാകുമാരി- മുംബൈ എക്‌സ്പ്രസിന് ബാലരാമപുരം, നേമം എന്നിവിടങ്ങളിലും പ്രത്യേക സ്റ്റോപ്പുണ്ടാകും.
തിരുവനന്തപുരം- ചെന്നൈ മെയിലിന് പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മയ്യനാട് എന്നിവിടങ്ങളിലുംതിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റിക്ക് കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളിലും കന്യാകുമാരി- പുനലൂര്‍ പാസഞ്ചറിന് തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയില്‍ എല്ലാ സ്റ്റേഷനുകളിലും പ്രത്യേക സ്റ്റോപ്പുണ്ടാകും.
തിരുവനന്തപുരം- ചെന്നൈ എഗ്‌മോര്‍ അനന്തപുരി എക്‌സ്പ്രസിന് തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയില്‍ എല്ലാ സ്റ്റേഷനുകലിലും സ്റ്റോപ്പുണ്ടാകും. മംഗലൂരു- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസിന് തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയില്‍ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും.
ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് 2 മണി മുതല്‍ 11ന് വൈകുന്നേരം 8 മണിവരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ ടിപ്പര്‍ലോറികള്‍, സിമന്റ് മിക്‌സറുകള്‍, തടിലോറികള്‍, കണ്ടെയ്‌നര്‍ ലോറികള്‍, ചരക്കുവണ്ടികള്‍ എന്നിവയെ പ്രവേശിപ്പിക്കില്ല. പൊങ്കാലയിടാന്‍ വരുന്ന ഭക്തജനങ്ങളുടെ സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എം.സി, എന്‍.എച്ച്.എം.ജി റോഡുകളിലോ ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യണം. സ്വകാര്യ വാഹനങ്ങള്‍ പാപ്പനംകോട് എന്‍ജിനീയറിംഗ് കോളജ്, നീറമണ്‍കര എന്‍.എസ്.എസ് കോളജ്, എം.എം.ആര്‍.എച്ച് നീറമണ്‍കര, ശിവാ തിയേറ്റര്‍ റോഡ് (ഒരുവശം മാത്രം), കല്‍പ്പാളയം മുതല്‍ നീറമണ്‍കര പെട്രോള്‍ പമ്പ് വരെ (ഒരുവശം മാത്രം), കോവളം, കഴക്കൂട്ടം ബൈപ്പാസിന് ഇരുവശവുമുള്ള റോഡുകള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാം. പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ മടങ്ങിപ്പോകുന്ന 11ന് ഉച്ചയ്ക്ക് 2.30 മുതല്‍ വൈകുന്നേരം 7 വരെ തിരുവനന്തപുരം നഗരത്തിലേക്ക് എല്ലാ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കും.
ആറ്റിങ്ങല്‍ ഭാഗത്തുനിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കഴക്കൂട്ടത്തുനിന്നും കാര്യവട്ടം, ശ്രീകാര്യം വഴീയോ മുക്കോലയ്ക്കല്‍, കുളത്തൂര്‍, ശ്രീകാര്യം വഴിയോ വന്ന് കേശവദാസപുരം, പട്ടം, പി.എം.ജി, മ്യൂസിയം, വെള്ളയമ്പലം, വഴുതക്കാട്, പൂജപ്പുര, കരമന, പ്രാവച്ചമ്പലം വഴിയോ പോകണം. എം.സി റോഡ് വഴി കിളിമാനൂര്‍, വെഞ്ഞാറമൂട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ കേശവദാസപുരം, പട്ടം, കുറവന്‍കോണം, കവടിയാര്‍, വെള്ളയമ്പലം, വഴുതക്കാട്, പൂജപ്പുര, കരമന വഴി പോകണം. പേരൂര്‍ക്കട നിന്ന് നെയ്യാറ്റിന്‍കര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഊളമ്പാറ, പൈപ്പിന്‍മൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, പൂജപ്പുര, കരമനവഴി പോകണം.
നെയ്യാറ്റിന്‍കര നിന്നും ആറ്റിങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം ഭാഗത്തുനിന്നും തിരിഞ്ഞ് ഉച്ചക്കട മുക്കോല, വിഴിഞ്ഞം, പൂവാര്‍ ബൈപ്പാസ് വഴിയോ ബീച്ച് റോഡ് വഴിയോ പോകണം.
പൊങ്കാല കഴിഞ്ഞ് ആറ്റിങ്ങല്‍, കൊല്ലം ഭാഗത്തേക്ക് പോകേണ്ടതായ വാഹനങ്ങള്‍ കഴക്കൂട്ടം വഴി ബൈപ്പാസ് റോഡിലൂടെയോ പൂന്തുറ, വലിയതുറ, ശംഖുംമുഖം, വേളി, തുമ്പ, പുതുക്കുറിച്ചി, പെരുമാതുറ, പുതിയപാലം, അഞ്ചുതെങ്ങ് വഴി വര്‍ക്കല, കൊല്ലം ഭാഗത്തേക്ക് തിരക്കു കുറഞ്ഞതും വീതിയേറിയതുമായ പാത വഴി പോകേണ്ടതാണ്.
പള്ളിക്കല്‍ ഭാഗത്തുനിന്നും കരമന ഭാഗത്തേക്കും പാളയം ഭാഗത്തുനിന്നും കിഴക്കേക്കോട്ട ഭാഗത്തേക്കും പൂജപ്പുര നിന്നും ജഗതി, ബേക്കറി ജംഗ്ഷന്‍ ഭാഗത്തേക്കും കരമന ഭാഗത്തുനിന്നും കിള്ളിപ്പാലം ഭാഗത്തേക്കും മണക്കാട് ഭാഗത്തുനിന്നും കിഴക്കേക്കോട്ട ഭാഗത്തേക്കും പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ തിരികെ പോകുന്ന സമയത്ത് എതിരേ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുവരാന്‍ അനുവദിക്കില്ല. പൊങ്കാലയോടനുബന്ധിച്ച് എമര്‍ജന്‍സി റൂട്ടുകളായി നിശ്ചയിച്ചിട്ടുള്ള ആറ്റുകാല്‍ ഭാഗത്തുനിന്നും കിള്ളിപ്പാലം ഭാഗത്തേക്കുള്ള ടെമ്പിള്‍ ബാക്ക്, ചിറമുക്ക്, ഐരാണിമുട്ടം, ചിറപ്പാലം, പാടശ്ശേരി, ബണ്ട് റോഡ്, കിള്ളിപ്പാലം റോഡുകളിലും ആറ്റുകാല്‍ ഭാഗത്തുനിന്നും ബൈപ്പാസ് റോഡ് ഭാഗത്തേക്കുള്ള കാലടി, മരുതൂര്‍ക്കടവ്, മധുപ്പാലം, തിരുവല്ലം ബൈപ്പാസ് വരെയുള്ള റോഡുകളിലും ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."