ഭീഷണി നേരിടുന്ന മനുഷ്യാവകാശ, സന്നദ്ധ സംഘടനകള്‍
മനുഷ്യാവകാശ, പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെടുന്നവര്‍ക്ക് ഇന്ത്യയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലിന്റെയും ഗ്രീന്‍പീസിന്റെയും ഇന്ത്യയിലെ പ്രതിനിധികള്‍ പരാതിപ്പെട്ടിരിക്കുകയാണ്. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ഇത്തരമൊരവസ്ഥ സംജാതമായത്. ഇതുവരെ 15,000ഓളം സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളുടെ വീടുകളും ഓഫിസുകളും റെയ്ഡ് ചെയ്യുന്നതുപോലെ ആംനസ്റ്റിയുടെയും ഗ്രീന്‍പീസിന്റെയും ഓഫിസുകളും മോദി സര്‍ക്കാര്‍ റെയ്ഡിന് വിധേയമാക്കി. ഇതുകാരണം ആംനസ്റ്റിയുടെ രണ്ടു മേഖലാ ഓഫിസുകള്‍ ഇന്ത്യയില്‍ അടച്ചുപൂട്ടി. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും അവതാളത്തിലായി.
നിയമവിരുദ്ധമായി വിദേശ ഫണ്ട് സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് ഗ്രീന്‍പീസിന്റെയും വിദേശഫണ്ട് സ്വീകരിക്കാനുള്ള അനുമതി ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയത്. കഴിഞ്ഞ നവംബറില്‍ ആംനസ്റ്റിയുടെ ഇന്ത്യന്‍ ആസ്ഥാനത്ത് 12 മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡാണ് നടത്തിയത്.
പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സംഘടനകളിലൊന്നാണ് ഗ്രീന്‍പീസ്. സ്വതന്ത്രമായ പ്രവര്‍ത്തന ശൈലിയാണ് സംഘടനയ്ക്കുള്ളത്. സംഘടന സര്‍ക്കാറുകളില്‍നിന്നോ കോര്‍പറേറ്റുകളില്‍ നിന്നോ പണം സ്വീകരിക്കുന്നില്ല. അംഗത്വഫീസും അംഗങ്ങളില്‍നിന്നുള്ള സംഭാവനകളുമാണ് വരുമാനമാര്‍ഗം. 1984ലെ ഭോപ്പാല്‍ ദുരന്തത്തെതുടര്‍ന്ന് ശ്രദ്ധേയമായ ഇടപെടലാണ് ഗ്രീന്‍പീസ് നടത്തിയത്. 40 രാജ്യങ്ങളില്‍ സംഘടന പ്രവര്‍ത്തിക്കുന്നു. ആണവ ഭീഷണിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളും ഗ്രീന്‍പീസ് നടത്തിവരുന്നു.
എല്ലാവിധ മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി പൊരുതുന്ന അന്താരാഷ്ട്ര സംഘടനയാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍. നൊബേല്‍ സമ്മാനംവരെ സംഘടനയ്ക്കു ലഭിച്ചു. സ്വന്തം വിശ്വാസങ്ങളുടെപേരില്‍ തടവിലാക്കപ്പെടുന്ന വ്യക്തികളുടെ മോചനം, രാഷ്ട്രീയ തടവുകാര്‍ക്ക് നീതിപൂര്‍വവും കാലതാമസം ഇല്ലാത്തതുമായ വിചാരണ ഉറപ്പാക്കല്‍, വധശിക്ഷയും ലോക്കപ്പ് മര്‍ദനങ്ങളും പോലുള്ള ക്രൂരമായ ശിക്ഷാനടപടികളുടെ ഉന്മൂലനം, രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അവസാനം, സര്‍ക്കാര്‍ മൂലവും മറ്റുള്ളവര്‍ കാരണവുമായി മനുഷ്യര്‍ അനുഭവിക്കുന്ന എല്ലാവിധ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരേയുള്ള ഇടപെടലുകള്‍ തുടങ്ങിയവയാണ് ആംനസ്റ്റിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍.
മതസ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണി, സന്നദ്ധ സംഘടനകള്‍ക്കുള്ള വിലക്ക്, പൊലിസിന്റെയും മറ്റു സുരക്ഷാ ഏജന്‍സികളുടെയും അതിക്രമങ്ങള്‍, വിചാരണ കൂടാതെ ജയിലില്‍ പാര്‍പ്പിക്കല്‍ ഇവയൊക്കെയാണ് ഇന്ത്യയിലെ പ്രധാന മനുഷ്യാവകാശ ലംഘനങ്ങളെന്ന് യു.എസ് വിദേശകാര്യ വകുപ്പ് ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പീഡനം, മാനഭംഗം, ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍, മതവും ജാതിയും ഗോത്രവും അടിസ്ഥാനമാക്കിയുള്ള വിവേചനം, സാമൂഹികാക്രമണങ്ങള്‍, ദുരഭിമാനക്കൊലകള്‍ എന്നിവ ഇന്ത്യയില്‍ നടക്കുന്നു എന്നത് യു.എസ് പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇടംനേടിയ വസ്തുതകളാണ്.
മനുഷ്യാവകാശ ലംഘകരായ ഒരു വിഭാഗം നേതൃത്വം നല്‍കുന്ന ഭരണകൂടത്തില്‍ നിന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതില്‍ അത്ഭുതമില്ല. ഇത് ലോകത്തോട് വിളിച്ചുപറയുന്ന സന്നദ്ധ സംഘടനകളുടെയും മനുഷ്യാവകാശ സംരക്ഷണ സംഘടനകളുടെയും വായമൂടിക്കെട്ടുന്നത് മര്‍ദക ഭരണത്തിന് ആവശ്യമാണ്.
അതിന്റെ ഭാഗമായാണ് സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ച് സംഘടനകളുടെ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നത്. നിരപരാധികളായ നിരവധി മുസ്‌ലിം, ദലിത്, പിന്നാക്ക വിഭാഗക്കാരാണ് വിചാരണ കൂടാതെ ജയിലറകള്‍ക്കുള്ളില്‍ വര്‍ഷങ്ങള്‍ തള്ളിനീക്കുന്നത്. അബ്ദുന്നാസര്‍ മഅ്ദനിയും പരപ്പനങ്ങാടിയിലെ സക്കരിയയും അവരില്‍ ചിലര്‍ മാത്രം. യുവാവായ സക്കരിയയുടെ നീണ്ട പത്തു വര്‍ഷങ്ങളാണ് ജയിലറയ്ക്കുള്ളില്‍ ഹോമിക്കപ്പെട്ടത്.
2009 നവംബറില്‍ ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ ന്യൂനപക്ഷ കാര്യങ്ങള്‍ക്കായുള്ള സമിതി പാസാക്കിയ നയരേഖയില്‍ വ്യക്തമാക്കുന്നത് ന്യൂനപക്ഷാവകാശ സംരക്ഷണം ഭരണകൂടങ്ങളുടെ ഔദാര്യമല്ല, പ്രാഥമിക ഉത്തരവാദിത്തമാണെന്നാണ്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമ്പോള്‍ ഭരണകൂടം അവരെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി ജയിലിലടയ്ക്കുകയോ നിശ്ശബ്ദമാക്കുകയോ ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള സംഘടനകള്‍ പുറത്തുകൊണ്ടുവരികയും അവ വിദേശ രാജ്യങ്ങളില്‍ പ്രചാരണം നേടുകയും ചെയ്യുന്നത് തടയാനാണ് സംഘടനകള്‍ക്കുള്ള വിദേശ ധനസഹായം ബി.ജെ.പി സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.
ഇന്ത്യയില്‍ ജാതീയതയും മുസ്‌ലിം വിരുദ്ധതയും കൊടികുത്തി വാഴുകയാണെന്ന് ആംനസ്റ്റിയുടെ മനുഷ്യാവകാശ പ്രവര്‍ത്തകയും ഗവേഷകയുമായ മറിയം സലാം ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. ന്യൂനപക്ഷ വിവേചനവും അരികുവല്‍കരണവും മോദി സര്‍ക്കാരിന്റെ കീഴില്‍ രൂക്ഷമായിരിക്കുന്നു. നീതിക്കു വേണ്ടി വാദിക്കുകയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരകളാകുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇന്ന് കടുത്ത വെല്ലുവിളികളാണ് ബി.ജെ.പി സര്‍ക്കാരില്‍നിന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. അതേ ഭീഷണികളും വെല്ലുവിളികളും ഇന്ത്യയില്‍ ആംനസ്റ്റി ഇന്റര്‍നാഷനലും ഗ്രീന്‍പീസും നേരിട്ടുകൊണ്ടിരിക്കുന്നു. ഇവരെ സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിന്റേതാണ്. എന്നാല്‍ പലപ്പോഴും അതു നിറവേറ്റപ്പെടുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."