ദേശീയപാത വികസനം: സഭയില്‍ ഭരണ-പ്രതിപക്ഷം ഐക്യം
ഭൂമിക്ക് നഷ്ടപരിഹാരത്തുക കേരളത്തില്‍ കൂടുതലാണെന്നും തങ്ങള്‍ നിശ്ചയിക്കുന്ന വിലയേ നല്‍കാനാകുവെന്നുമാണ് കേന്ദ്ര നിലപാടെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനത്തോടുള്ള കേന്ദ്ര അവഗണനക്കെതിരേ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ഐക്യം. ദേശീയപാതാ വികസനത്തിന് തടസ്സം നില്‍ക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര നിലപാടിനെതിരേ ഒന്നിച്ച് മുന്നേറാന്‍ ഇരുപക്ഷങ്ങളും നിലപാടെടുത്തത്. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് യു.ഡി.എഫിലെ വി.ഡി സതീശനാണ് ഇന്നലെ അടിയന്തിരപ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ ദേശീയപാതാ വികസനത്തിന് വിഘാതമായി നില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രിയും മന്ത്രി ജി. സുധാകരനും സഭയെ അറിയിച്ചു. തുടര്‍ന്ന് അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും നാടിന്റെ വികസനത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് ഉപേക്ഷിക്കുകയായിരുന്നു.
ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ന്നിരിക്കുകയാണെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. 1956ലെ ഹൈവേ ആക്ടിലെ മാനദണ്ഡ പ്രകാരമുള്ള നാമമാത്ര നഷ്ടപരിഹാരം മാത്രമേ ലഭിക്കൂവെന്ന് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ദുഷ്പ്രചാരണം നടത്തുന്നുണ്ട്. അതിനാല്‍ നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് അവ്യക്തത നീക്കി സര്‍ക്കാരിന്റെ നിലപാട് ജനങ്ങളെ അറിയിക്കണം. നേരത്തെ സ്ഥലം നല്‍കിയവരില്‍നിന്ന് വീണ്ടും സ്ഥലമെടുക്കുമ്പോള്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ദേശീയപാത നാലുവരിയാക്കുന്നതിന് രണ്ട് റീച്ചില്‍ ഭൂമി ഏറ്റെടുത്ത് പണം പൂര്‍ണമായും നല്‍കിയതായി മന്ത്രി ജി. സുധാകരന്‍ മറുപടി പറഞ്ഞു. ടെന്‍ഡര്‍ ചെയ്തിട്ട് ഒരു വര്‍ഷമായിട്ടും അത് തുറന്നു നോക്കാന്‍പോലും ദേശീയപാത അതോരിറ്റി തയാറായിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരി നല്‍കിയ ഉറപ്പും പാലിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കേണ്ടത് കേന്ദ്രമാണ്. ആ ഉത്തരവാദിത്വം സംസ്ഥാനത്തിന് ഏറ്റെടുക്കാനാകില്ല. അത് വലിയ ബാധ്യതയാകും. സംസ്ഥാന ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരം ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് നല്‍കാനുമാവില്ല. അത് ദേശീയപാത നിര്‍മാണത്തിന് വേണ്ട ചെലവിന്റെ നാലിരട്ടി വരും. ഇപ്പോള്‍ തന്നെ ദേശീയപാത അതോരിറ്റി നടത്തേണ്ട 5000 കോടി രൂപയുടെ പദ്ധതി കേരളം നടപ്പാക്കുകയാണ്. എന്നാല്‍ കേരളത്തിന്റെ പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കുന്നതിന് കേരളത്തില്‍ നഷ്ടപരിഹാര തുക കൂടുതലാണെന്നും തങ്ങള്‍ നിശ്ചയിക്കുന്ന വിലയേ നല്‍കാനാകുവെന്നുമാണ് കേന്ദ്ര നിലപാടെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഇക്കാര്യത്തില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കൊട്ടായി നീങ്ങണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരപ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം വാക്കൗട്ട് നടത്തിയില്ല. നാടിന്റെ വികസനത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് ദേശീയപാത വികസനം തടസ്സപ്പെടുത്തരുത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."