പ്രതിരോധ പ്രവര്‍ത്തനത്തിടയിലും മലയോരം ഡെങ്കി ഭീതിയില്‍
കുറ്റ്യാടി: ഡെങ്കിപ്പനിക്കെതിരേ ആരോഗ്യ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിരോധ നടപടി സ്വീകരിക്കുന്നതിനിടെയും കാവിലുംപാറ മലയോരം ഡെങ്കി ഭീതിയില്‍. കഴിഞ്ഞ രണ്ടു മാസത്തിനിടെ പഞ്ചായത്തിലെ കരിങ്ങാട്, കോളിത്തെറ്റ്, ചൊത്തക്കൊല്ലി എന്നിവിടങ്ങളിലാണ് രോഗബാധിതരെ കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബറിലാണ് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവുമൊടുവില്‍ 24 പേരില്‍ രോഗം സ്ഥിരീകരിച്ചെന്നാണ് വിവരം. ഇതിനു പുറമെ ഏട്ടോളം പേരില്‍ രോഗമുള്ളതായി സംശയിക്കുന്നതായും അറിയുന്നു. ആദ്യഘട്ടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി എന്നിവയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം ഫോഗിങ് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നിട്ടും രോഗം നിയന്ത്രണ വിധേയമായിരുന്നില്ല.
ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ സംഘം, കുന്നുമ്മല്‍ ബ്ലോക്കിലെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ടീം രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ബോധവല്‍ക്കരണം, ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നടത്തിയിട്ടുണ്ട്. എന്നാലും ചെങ്കുത്തായ മലയോര മേഖല ആയതിനാല്‍ രോഗം പരത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടം കണ്ടെത്താനും നശിപ്പാക്കാനും പൂര്‍ണമായി കഴിയാത്തത് ജനങ്ങളെ ഭീതിയാക്കുന്നുണ്ട്.രോഗം വ്യാപിക്കാതിരിക്കാന്‍ മെഡിക്കല്‍ ക്യാംപുകള്‍, ഗ്രാമസഭകള്‍, പ്രത്യേക യോഗങ്ങള്‍ എന്നിവ നടത്തി ജനങ്ങളെ ബോധവാന്‍മാരാക്കി കൊതുകു നിവാരണ പ്രവൃത്തികള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."