കിന്‍ഫ്രയില്‍ നിന്നും 'ജീവന്‍ തിരിച്ചുകിട്ടിയ' ഭൂമിയില്‍ കര്‍ഷകര്‍ വീണ്ടും വിത്തെറിയുന്നു
നെടുമ്പാശ്ശേരി: കിന്‍ഫ്രക്ക് നല്‍കാനുള്ള തീരുമാനം റദ്ദാക്കിയതോടെ കരുമാല്ലൂര്‍ പഞ്ചായത്തിലെ വെളിയത്തുനാട് പാടശേഖരത്ത് കര്‍ഷകര്‍ വീണ്ടും വിത്തെറിയുന്നു. പാടത്ത് കൃഷിയിറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കര്‍ഷകര്‍ ആരംഭിച്ചു. ചിലര്‍ ഒറ്റക്കും മറ്റ് ചിലര്‍ ചെറുസംഘമായിട്ടുമാണ് കൃഷിയിറക്കാന്‍ ആരംഭിച്ചിരിക്കുന്നത്. ശക്തമായ ജനകീയ സമരത്തെ തുടര്‍ന്നാണ് വെളിയത്തുനാട് പാലക്കല്‍ പാടശേഖരത്തെ 300 ഏക്കര്‍ ഭൂമി കിന്‍ഫ്രക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയത്.
കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പറേഷന്റെ (കിന്‍ഫ്ര) നേതൃത്വത്തില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കാനായിരുന്നു തീരുമാനം. കിന്‍ഫ്രയുടെ കീഴില്‍ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് സോണ്‍ ആരംഭിക്കുന്നതോടെ പ്രദേശത്തെ വന്‍ വ്യവസായ മേഖലയാക്കി മാറ്റിയെടുക്കാനായിരുന്നു പദ്ധതിയെന്നാണ് ചൂണ്ടിക്കാണിച്ചിരുന്നത്.
എന്നാല്‍ ഇത് ജില്ലയിലെ പ്രധാന കാര്‍ഷിക മേഖലകളില്‍ ഒന്നായ വെളിയത്തുനാടിനെ തകര്‍ക്കുവാനും ഭൂമാഫിയക്ക് വന്‍ ലാഭം നേടിക്കൊടുക്കുന്നതിനും വേണ്ടിയാണെന്നാണ് ആരോപണം ഉയര്‍ന്നത്.
പദ്ധതി നടപ്പായാല്‍ നിലവില്‍ നെല്‍കൃഷി നടന്നുവരുന്ന വലിയൊരു ഭാഗം പാടശേഖരവും ഇതോടനുബന്ധിച്ച ഒന്‍പത് കുളങ്ങളും മണ്ണിട്ട് നികത്തപ്പെടുമായിരുന്നു. ഏതാനും വീടുകളും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യും. പാടശേഖരങ്ങളും കുളങ്ങളും മണ്ണിട്ട് നികത്തുന്നതോടെ ജലസേചനം നിലക്കുകയും ഇതോടെ ഉറവ് നിലച്ച് പ്രദേശത്തെ കുടിവെള്ള ലഭ്യതയെ ഇത് ഗുരുതരമായി ബാധിക്കുകയും ചെയ്യും.
നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമവും ഭൂവിനിമയ നിയമവും ലംഘിച്ചാണ് പാടശേഖരം ഏറ്റെടുക്കാന്‍ തീരുമാനം എടുത്തതെന്നും നാട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു.
പദ്ധതി മുന്നില്‍ കണ്ട് ഏതാനും വര്‍ഷം മുന്‍പ് തന്നെ പദ്ധതി പ്രദേശത്തെ മൂന്നില്‍ രണ്ട് ഭാഗം ഭൂമിയും വന്‍കി്ട വ്യവസായികളും ഭൂമാഫിയകളും കൈയ്യടക്കിയെന്നും,ഇങ്ങിനെ കൈയ്യടക്കിയ ഭൂമി വന്‍ വിലയ്ക്ക് സര്‍ക്കാരിന് കൈമാറാനാണ് നീക്കമെന്നും ആരോപണം ഉയര്‍ന്നതോടെ സര്‍ക്കാരും പ്രതിരോധത്തിലായി.സമരം ശക്തമായതിനെ തുടര്‍ന്ന് സ്ഥലം എം.എല്‍.എ കൂടിയായ അന്നത്തെ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ അഭ്യര്‍ഥന പ്രകാരം വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി പദ്ധതി റദ്ദാക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഏറെ പ്രശസ്തമാണ് വെളിയത്തുനാട് പാടശേഖരം. കാര്‍ഷിക വൃത്തി പ്രധാന വരുമാനമാര്‍ഗ്ഗമായിരുന്ന ഈ പ്രദേശത്ത് ഇപ്പോള്‍ വിവിധ കാരണങ്ങള്‍ കൊണ്ട് കൃഷി വന്‍ വെല്ലുവിളി നേരിടുകയാണ്.മുന്‍കാലങ്ങളില്‍ ഓരോ വര്‍ഷവും ടണ്‍ കണക്കിന് നെല്ലാണ് ഇവിടെ നിന്നും കയറ്റി പോയിരുന്നത്.എന്നാല്‍ ഏത് പ്രതിസന്ധിയെയും അതിജീവിച്ച് പാടശേഖരത്തില്‍ നെല്‍ കൃഷി നില നിര്‍ത്തുമെന്ന ദൃഢനിശ്ചയത്തിലാണ് പുതിയ തലമുറയിലെ കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."