ഗെയില്‍ പ്രവൃത്തിക്കിടെ നാശമായ കനാല്‍ നന്നാക്കുന്നത് തൊഴിലുറപ്പ് ജോലിക്കാര്‍
നടുവണ്ണൂര്‍: ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പ്രവൃത്തി കാരണം തകര്‍ന്ന് നാശമായ കോട്ടൂര്‍ പടിയക്കണ്ടി നങ്ങാറത്ത് ഭാഗത്തെ പൂനത്ത് ഫീല്‍ഡ് ബൂത്തി ചെറിയ കനാല്‍ നന്നാക്കുന്നത് കോട്ടൂര്‍ പഞ്ചായത്തിലെ 17ാം വാര്‍ഡിലെ തൊഴിലുറപ്പ് ജോലിക്കാര്‍. കഴിഞ്ഞ ദിവസം ചെറിയകനാലില്‍ വെള്ളം തുറന്നപ്പോള്‍ ഇവിടെ നാശമായതിനാല്‍ വെള്ളം കെട്ടി നിന്ന് നീരൊഴുക്ക് തടസപ്പെട്ടതിനെ തുടര്‍ന്നാണ് 17ാം വാര്‍ഡിലെ തൊഴിലുറപ്പ് മാട്രണ്‍ ഷൈലജയുടെ ചുമതലയിലുള്ള ഇരുപതോളം തൊഴിലുറപ്പ് പണിക്കാര്‍ കനാല്‍ നന്നാക്കാന്‍ എത്തിയിരിക്കുന്നത്. ഗെയിലിന്റെ വലിയ കൊബല്‍ക്കോ യന്ത്രങ്ങളും ഹിറ്റാച്ചിയും പലതവണ അങ്ങോട്ടുമിങ്ങോട്ടും കടന്നു പോയതിനാലാണ് കനാല്‍ മൊത്തം തകര്‍ന്നത്. ഗെയില്‍ പ്രവൃത്തി നടത്തുന്ന കരാറുകാരാണ് താറുമാറായ കനാല്‍ നന്നാക്കേണ്ടത്. വലിയ പണം മുടക്കി കനാലിന്റെ ഇരുവശങ്ങളും നന്നാക്കി ഉറപ്പാക്കി ഇറിഗേഷന്‍ വകുപ്പ് കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിച്ചതായിരുന്നു. ഗെയിലിന്റെ വലിയ യന്ത്രങ്ങള്‍ കനാല്‍ കടന്നു പോവുമ്പോള്‍ വശങ്ങളില്‍ നിന്ന് മണ്ണ് മാന്തി കനാലില്‍ ഇടുകയും തിരിച്ചു പോവുമ്പോള്‍ കനാലില്‍ നിന്ന് മണ്ണ് മാന്തി വശങ്ങളില്‍ ഇടുകയുമായിരുന്നു. എന്നാല്‍ തുടര്‍ച്ചയായുള്ള വരവും പോക്കും കാരണം വശങ്ങള്‍ മൊത്തം ഇടിഞ്ഞ് കനാല്‍ നാശമായതാണ്. കഴിഞ്ഞ തവണയും കനാല്‍ തുറന്നപ്പോള്‍ ഇതായിരുന്നു അവസ്ഥ. മൂന്നു ദിവസമെങ്കിലും വേണ്ടിവരും കനാല്‍ ഒരു വിധം നന്നാക്കിയെടുക്കാന്‍ എന്നാണ് സ്ത്രീകള്‍ മാത്രമുള്ള തൊഴിലുറപ്പ് ജോലിക്കാരുടെ സംഘം പറയുന്നത്. വശങ്ങള്‍ ഇടിഞ്ഞുതാണ് ഇരുവശങ്ങളിലും മണ്ണ് ഒലിച്ചുപോയി വിള്ളലുകള്‍ വന്നതിനാല്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചാലേ ഇതിന് ശാശ്വത പരിഹാരമാവുകയുള്ളൂ എന്നാണ് ഇവര്‍ പറയുന്നത്.
ഒരു വര്‍ഷക്കാലമായി ഇവിടെ ഗെയില്‍ പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്നു. കനാലില്‍ വെള്ളം തുറന്ന അടിയന്തിര സാഹചര്യത്തില്‍ ഇവിടെ നാശമുണ്ടാക്കിയ ഗെയിലിന്റെ പണിക്കാര്‍ നന്നാക്കേണ്ട കനാലാണ് ഇപ്പോള്‍ സ്ത്രീകളായ തൊഴിലുറപ്പ് പണിക്കാര്‍ അധിക സമയമെടുത്ത് നന്നാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."